ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു. കേസുമായി ബന്ധപ്പെട്ട്‌ കേരളത്തിലേക്ക് പോകേണ്ടതുകൊണ്ട് തന്നെ ജലന്തർ രൂപതയുടെ ഭരണച്ചുമതലയില്‍നിന്നു താല്‍ക്കാലികമായി ഒഴിവാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.  


COMMERCIAL BREAK
SCROLL TO CONTINUE READING

തനിക്കെതിരായ കേസില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സമയം വേണമെന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നത്‌. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇത്തരത്തിലൊരു കത്ത് അയച്ചത്. ചോദ്യം ചെയ്യലിനായി കേരളത്തിലേക്ക് പോകേണ്ടതുണ്ട്. ഇക്കാര്യത്തിനായി പലതവണ കേരളത്തിലേക്ക് പോകേണ്ടി വരും.


അതിനാല്‍ ഏറെസമയം രൂപതയില്‍ നിന്ന് മാറിനില്‍ക്കേണ്ടതുള്ളതിനാല്‍ ബിഷപ്പ് ഹൗസിന്‍റെ ഭരണചുമതലയില്‍ നിന്ന് ഒഴിയാന്‍ തന്നെ അനുവദിക്കണം എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 


കത്തയച്ച വിവരം ജലന്ധര്‍ രൂപത സ്ഥിരീകരിച്ചിട്ടുണ്ട്. കത്ത് ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ഓസ്വാള്‍ ഗ്രേഷ്യസിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഫ്രാങ്കോ മുളയ്ക്കലിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. 19ന് കേരളത്തിലെത്തുമെന്നും ബിഷപ് കത്തില്‍ പറയുന്നുമുണ്ട്. 


നോട്ടീസ് ലഭിച്ചതിന് പിന്നാലെ തന്‍റെ ഭരണപരമായ ചുമതലകള്‍ മുതിര്‍ന്ന വൈദികര്‍ക്ക് നല്‍കി ബിഷപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. കേരളത്തിലെ സംഭവവികാസങ്ങള്‍ ഓസ്വാള്‍ ഗ്രേഷ്യസ് മാര്‍പ്പാപ്പയെ ധരിപ്പിച്ചിരുന്നു. 


ഇതേതുടര്‍ന്ന് വത്തിക്കാനില്‍ നിന്ന് ബിഷപ്പിന് അനൗദ്യോഗിക നിര്‍ദേശങ്ങള്‍ ലഭിച്ചുവെന്നാണ് വിവരം. അതിനുശേഷമാണ് ഇത്തരമൊരു കത്ത് തയ്യാറാക്കിയതെന്നും സൂചനകളുണ്ട്.


അതേസമയം, ബിഷപ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു ഹൈക്കോടതി ജംക്‌ഷനിൽ നടന്നുവരുന്ന അനിശ്ചിതകാല സമരം പത്താം ദിവസത്തിലേക്കു കടന്നു. രാവിലെ കന്യാസ്ത്രീയുടെ സഹോദരി നിരാഹാരം ആരംഭിക്കും.  വൈകിട്ട് എഴുത്തുകാരി പി.ഗ‌ീതയും നിരാഹാരം തുടങ്ങും.


നിരാഹാര സമരം നടത്തിയ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ഭാരവാഹി സ്റ്റീഫൻ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമരത്തിന്‍റെ മൂന്നാം ദിവസമാണ് ഇദ്ദേഹം നിരാഹാരം ആരംഭിച്ചത്. ശനിയാഴ്ച നിരാഹാരം ആരംഭിച്ച ക്രിസ്ത്യൻ റവല്യൂഷണറി മൂവ്മെന്റ് അംഗം അലോഷ്യ ജോസഫ് സമരം തുടരുന്നു.


നിരാഹാര സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ജില്ലാതലങ്ങളിൽ പ്രക്ഷോഭം ആരംഭിക്കാൻ വിവിധ ജനകീയ സമര പ്രസ്ഥാനങ്ങളുടെയും പരിസ്ഥിതി, സാമൂഹിക, സാംസ്കാരിക സംഘടനകളുടെയും യോഗത്തിൽ തീരുമാനമായി. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ജില്ലാതല സമര കേന്ദ്രങ്ങൾ തുറക്കും.