കൊച്ചി: പീഡനാരോപണം ഉയര്‍ത്തിയ കന്യാസ്ത്രീയ്ക്കെതിരെ രൂക്ഷ ആരോപണങ്ങളുമായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ. കന്യാസ്ത്രീ മഠത്തിലെ ശല്യക്കാരിയാണെന്നും ഇവര്‍ക്ക് തന്നോടുള്ളത് വ്യക്തി വിരോധമെന്നും ജലന്ധര്‍ ബിഷപ്പ് ആരോപിക്കുന്നു. ഇതിനായി കള്ളക്കഥ മെനയുന്നുവെന്നും ആരോപണമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മിഷനറീസ് ഓഫ് ജീസസിന്‍റെ സുപ്രധാന തസ്തികയിൽ നിന്ന് കന്യാസ്ത്രിയെ പുറത്താക്കിയിരുന്നു. ഇതിന് പിന്നിൽ താനാണെന്നാണ് കന്യാസ്ത്രിയുടെ തെറ്റിദ്ധാരണ ഇതാണ് കള്ളക്കഥകള്‍ക്ക് പിന്നിലെ കാരണമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നു. മറ്റൊരു സ്ത്രീ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ പേരിലായിരുന്നു കന്യാസ്ത്രീയ്ക്ക് നേരെ നടപടിയെടുത്തത്. 


പരാതിക്കാരിയായ കന്യാസ്ത്രി മുമ്പ് മഠത്തിൽ ശല്യക്കാരിയായിരുന്നു, ഗതികെട്ടാണ് പരിയാരത്തേക്ക് സ്ഥലം മാറ്റിയത്. കന്യാസ്ത്രിയും ബന്ധുക്കളും ഇതിന്‍റെ പേരിൽ തന്നെ ഭീഷണിപ്പെടുത്തിയെന്നും കേരളത്തിലെത്തിയിൽ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞുവെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.


പൊലീസിന് കൊടുത്ത ആദ്യ മൊഴിയിൽ കന്യാസ്ത്രി ലൈംഗികാരോപണം ഉന്നയിച്ചിട്ടില്ല. കാര്യമറിയാതെ മാധ്യമങ്ങളും പൊതുജനവും തന്നെ ക്രൂശിക്കുകയാണെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. തന്നെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട കാര്യമില്ല, അന്വേഷണവുമായി സഹകരിക്കുന്നത് തുടരുമെന്നും ഹർജിയിൽ ബിഷപ്പ് വ്യക്തമാക്കുന്നു. ഹർജിക്കൊപ്പം കന്യാസ്ത്രിക്കെതിരായ അന്വേഷണ റിപ്പോർട്ടുകളും പരാതികളും ഉൾപ്പെടുത്തിയിട്ടുണ്ട്.


മഠത്തിലെ പടലപ്പിണക്കത്തിനു താനാണെന്ന് തെറ്റിദ്ധരിച്ചാണ് കന്യാസ്ത്രീ ആരോപണം ഉന്നയിക്കുന്നതെന്നും മുൻകൂർ ജാമ്യഅപേക്ഷയിൽ ബിഷപ്പ് വിശദമാക്കുന്നു.