രാഷ്ട്രീയത്തിന് അതീതമായി ബിജെപി; സംസ്ഥാനത്ത് ലക്ഷക്കണക്കിന് നമോ കിറ്റുകൾ വിതരണം ചെയ്തു
വലിയ സ്വീകാര്യതയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് ജനങ്ങളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം: കൊറോണ (Covid19) പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച lock down നെ തുടർന്ന് ബുദ്ധിമുട്ടിലായവരെ സഹായിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും സംസ്ഥാനത്ത് ബിജെപി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.
രാഷ്ട്രീയത്തിന് അതീതമായ സഹായമാണ് ബിജെപി പ്രവർത്തകർ നൽകുന്നത്. സർക്കാർ സംവിധാനങ്ങൾ എത്തിപ്പെടാത്തയിടങ്ങളിലും സഹായ ഹസ്തവുമായി ബിജെപി പ്രവർത്തകർ എത്തുന്നു.
വലിയ സ്വീകാര്യതയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് ജനങ്ങളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് ശനിയാഴ്ച വരെ 8.57 ലക്ഷം നമോ കിറ്റുകളാണ് ദുരിതം അനുഭവിക്കുന്നവരുടെ വീടുകളിൽ ബിജെപി എത്തിച്ചതെന്ന് കെ. സുരേന്ദ്രൻ അറിയിച്ചു.
ഭക്ഷ്യധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, പലവ്യജ്ഞനങ്ങൾ, മസാല പൊടികൾ, പച്ചക്കറികൾ തുടങ്ങിയവയാണ് നമോ കിറ്റുകളായി നൽകുന്നത്. ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളു കിറ്റിൽ ഉണ്ടാകും.
അസുഖ ബാധിതരും ഒറ്റപ്പെട്ടു കഴിയുന്നവരും ആയ നിരവധി കുടുംബങ്ങൾ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുണ്ട്. ഇവരൊക്കെ lock down കാലത്ത് ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്നു. അങ്ങനെയുള്ളവരെ കണ്ടെത്തി അവർക്ക് ഭക്ഷണം എത്തിക്കുന്നതിനും ബിജെപി മുന്നിൽ തന്നെയുണ്ട്.
ഇക്കഴിഞ്ഞ മാർച്ച് 27 മുതൽ കഴിഞ്ഞ ദിവസം വരെ സംസ്ഥാനത്താകെ 3.25 ലക്ഷം ആളുകൾക്ക് ഭക്ഷണം എത്തിക്കാൻ ബിജെപിക്കായി. അർഹതപ്പെട്ടവർക്കെല്ലാം ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയാണ് ബിജെപിയുടെ പ്രവർത്തനമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
lock down കാലത്ത് ഒരാൾക്കും പട്ടിണി കിടക്കേണ്ടി വരില്ലന്ന സർക്കാരിന്റെ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കി വരുന്നത് ബിജെപിയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ആദ്യം മുതൽ തന്നെ സംസ്ഥാനത്തെ ബിജെപി പ്രവർത്തകർ ഏറെ സജീവമാണ്. മാസ്കുകൾ, കയ്യുറകൾ, സാനിറ്റൈസറുകൾ തുടങ്ങിയവ വിതരണം ചെയ്യുന്നതിലും പ്രതിരോധ നടപടികൾ എത്രത്തോളം അത്യാവശ്യമാണെന്നും രോഗവ്യാപനത്തിന്റെ ഭീതിയെ കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലും ബിജെപി പ്രവർത്തകർ സജീവമാണ്.
ഇതുവരെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ 1.12 ലക്ഷം മാസ്കുകളാണ് ബിജെപി വിതരണം ചെയ്തത്. കയ്യുറകൾ, സാനിറ്റൈസറുകൾ എന്നിവയും സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നൽകി. കൊറോണക്കാലത്ത് നിസ്വാർത്ഥ സേവനം നടത്തി വരുന്ന ആരോഗ്യ പ്രവർത്തകർ , പോലീസ് ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കാണ് സുരക്ഷാ സാമഗ്രികൾ നൽകിയത്.
പൊരിവെയിൽ വകവെക്കാതെ റോഡിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ശീതള പാനീയങ്ങളും ഭക്ഷണവും എത്തിച്ച് നൽകി. ബിജെപി പഞ്ചായത്ത്, നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആരോഗ്യ പ്രവർത്തകരെയും പോലീസിനെയും ആദരിച്ചു.
സർക്കാർ നിർദ്ദേശത്തെ തുടർന്ന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തുടങ്ങിയ സാമൂഹ്യ അടുക്കളകൾ ഇപ്പോൾ പിടിച്ചു നിൽപ്പിനുള്ള ശ്രമത്തിലാണ്. വളരെ കൊട്ടിഘോഷിച്ചാണ് ഇവ തുടങ്ങിയത്.
ആദ്യ ഘട്ടത്തിൽ നിരവധി ആളുകൾക്ക് ഇവിടെ നിന്ന് ഭക്ഷണം ലഭിച്ചു. എന്നാൽ രണ്ടു മൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭക്ഷണം നൽകുന്നവരുടെ എണ്ണം കുറച്ചു. അവശരായ പലർക്കും ഭക്ഷണം ലഭിക്കാതായി. പണം ഇല്ലാത്തതു തന്നെയാണ് പ്രശ്നം.
സർക്കാർ സമൂഹ അടുക്കളക്കായി തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേകമായി ഫണ്ട് ഒന്നും നൽകിയില്ല. നിലനിൽപ്പ് പ്രശ്നമായ സമൂഹ അടുക്കളകൾ ജനങ്ങളിൽ നിന്ന് സഹായം തേടി പ്രവർത്തിക്കേണ്ട അവസ്ഥയിലാണ്. അവിടെയും ബിജെപി സഹായത്തിനെത്തി.
സംസ്ഥാനത്താകെ കമ്യൂണിറ്റി കിച്ചണുകൾക്കായി വിഭവ സമാഹരണം നടത്തി നൽകാൻ ബിജെപി മുന്നോട്ടു വന്നുവെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു. അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും ശേഖരിച്ച് സമൂഹ അടുക്കളകൾക്ക് നൽകി.
കൂടാതെ രോഗികൾ, ഒറ്റപ്പെട്ട് താമസിക്കുന്നവർ തുടങ്ങിയവരെ കൂടുതൽ ശ്രദ്ധിക്കാനും ബിജെപി പ്രത്യേക സംഘത്തെ തയ്യാറാക്കിയിട്ടുണ്ട്. ഇവർക്ക് മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും എത്തിച്ച് നൽകുന്ന പ്രവർത്തനവും സജീവമാണ്.
കൊറോണ പ്രതിരോധ സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന തലത്തിൽ ബിജെപി സംവിധാന മൊരുക്കിയിട്ടുണ്ട്. വീഡിയൊ കോൺഫറൻസ് വഴി അതാത് ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും പോരായ്മകൾ ചൂണ്ടിക്കാട്ടി പരിഹരിക്കുന്നതും നിർദ്ദേശം നൽകുന്നതുമെല്ലാം ബിജെപി സംസ്ഥാന കാര്യാലയത്തിലെ ഈ സംവിധാനം വഴിയാണ്.
പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നേരിട്ടാണ് ഇതിന് നേതൃത്വം നൽകുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ ആണ് കൺവീനർ. എല്ലാ ദിവസവും വൈകിട്ട് അതാത് ദിവസത്തെ ഇത്തരം പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിനും നൽകും.
ജില്ലാ കേന്ദ്രങ്ങളിലും ഏകോപനത്തിന് ജില്ലാ അധ്യക്ഷൻമാരുടെ നേതൃത്വത്തിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലാ ജനറൽ സെക്രട്ടറിമാരാണ് കൺവീനർമാർ . ഇങ്ങനെ അടുക്കും ചിട്ടയോടും കൂടി തങ്ങളുടെ സംഘടനാ സംവിധാനം മുഴുവൻ ഉപയോഗിച്ച് കൊണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് സർക്കാരുകൾക്കൊപ്പം നിന്ന് കൊണ്ട് തന്നെയാണ് ബിജെപിയുടെ പ്രവർത്തനം.