തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തി വരികയായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്‍ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശോഭാ സുരേന്ദ്രനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിയ്ക്കുകയാണ്. അതേസമയം, പാലക്കാട് നിന്നുളള ബിജെപി നേതാവും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ എന്‍ ശിവരാജന്‍ പകരംനിരാഹാരമിരിക്കും.  


നിരാഹാരം അവസാനിപ്പിക്കാന്‍ മുന്‍പ് തന്നെ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അയ്യപ്പജ്യോതി കഴിയാതെ അവസാനിപ്പിക്കില്ലെന്ന് ശോഭ അറിയിക്കുകയായിരുന്നു. എന്നാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനാല്‍ ഇന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 


ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ നിരാഹാര സമരം. എ എന്‍ രാധാകൃഷ്ണന്‍, സി കെ പത്മനാഭനും ശേഷമാണ് ശോഭാ സുരേന്ദ്രന്‍ നിരാഹാരം സമരം നയിച്ചത്. 


ശോഭാ സുരേന്ദ്രന്‍റെ നിരാഹാര സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. 


ശബരിമലയിലെ ഭക്തർക്കെതിരായ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 3നാണ് ബിജെപി നിരാഹാര സമരം തുടങ്ങിയത്.