തിരുവനന്തപുരം:   കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിയെ പരിഹസിച്ച് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്.  കേരളത്തിലേയ്ക്ക് വണ്ടികയറിയ   കേന്ദ്ര അന്വേഷണ ഏജൻസികള്‍ക്ക്  യജമാനന്മാരോട് കൂറു തെളിയിക്കാൻ പറ്റിയ സന്ദർഭമാണ് ഇതെന്ന്  അദ്ദേഹം പരിഹസിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരഞ്ഞെടുപ്പ് ചെലവിന്‍റെ ബാലന്‍സ് ഷീറ്റ് നോക്കി തലയില്‍ കൈയും വെച്ചിരിക്കുകയാണത്രേ ബിജെപിയുടെ കേന്ദ്രനേതാക്കള്‍..!!  ബിജെപി അണികള്‍ക്ക് ഇനി ചെയ്യാവുന്ന ഒരു കാര്യം ലഭിച്ച പണത്തില്‍ നിന്നും എത്ര മണ്ഡലത്തില്‍ ചെലവാക്കി എന്നും എത്ര ചിലരുടെ പോക്കറ്റിലേക്ക് പോയി എന്നതിന് സംബന്ധിച്ച് ഒരു രഹസ്യ ഓഡിറ്റ് നടത്തുകയാണെന്ന് തോമസ് ഐസക് (Thomas Isaac)  പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 


ആട്, തേക്ക്, മാഞ്ചിയം, നക്ഷത്ര ആമ, വെള്ളിമൂങ്ങ തുടങ്ങിയ തട്ടിപ്പുകളില്‍ വീണു പോകുന്നവരാണ് അമിത്ഷായും മേദിയുമെന്നും തെളിഞ്ഞിരിക്കുന്നുവെന്നും  തോമസ്‌ ഐസക് തന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതിസ്ഥാനത്തേക്ക് "ബിജെപി നേതാവ്" എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞതായും ആരുടേയും പേര് പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു.


Also Read: കൊടകര കുഴൽപ്പണക്കവർച്ചാ കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ മുരളീധരൻ


'ഏതായാലും അന്വേഷണത്തിനായി  കേരളത്തിലേയ്ക്ക് വണ്ടികയറിയ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വരവ് വെറുതേയാവില്ല. യജമാനന്മാരോട് കൂറു തെളിയിക്കാന്‍ പറ്റിയ സന്ദര്‍ഭമാണെന്ന് തോമസ് ഐസക് പറഞ്ഞു. തീക്കട്ടയില്‍ തീവെട്ടിക്കൊള്ള നടത്തിയ തിരുമാലികളെ കൈയോടെ പിടികൂടുക',  അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


തോമസ് ഐസകിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം


കുഴൽപ്പണക്കേസിൽ പ്രതിസ്ഥാനത്തേയ്ക്ക്  ബിജെപി നേതാവ് കെ സുരേന്ദ്രൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഓരോ ബിജെപി സ്ഥാനാർത്ഥിക്കും എത്രവീതമാണ് കുഴൽപ്പണം ലഭിച്ചത് എന്നു മാത്രമേ കൃത്യമായി അറിയാൻ ബാക്കിയുള്ളൂ. മണ്ഡലങ്ങളെ തരംതിരിച്ചാണ് 10 കോടി മുതൽ 1 കോടി രൂപ വരെ പണം ചെലവാക്കിയത്. 


ഇതുവരെ പുറത്തുവന്ന വിവരങ്ങൾ വിരൽചൂണ്ടുന്നത് സുരേന്ദ്രന്‍റെ നേർക്കാണ്. ബിജെപിക്കാരല്ലാത്ത എൻഡിഎ സ്ഥാനാർത്ഥികൾക്ക് പണം വിതരണം ചെയ്ത ഫോർമുലയും പുറത്തു വന്നിട്ടുണ്ട്. ബിജെപി അണികൾക്ക് ഇനി ചെയ്യാവുന്ന ഒരു കാര്യം ലഭിച്ച പണത്തിൽ നിന്നും എത്ര മണ്ഡലത്തിൽ ചെലവാക്കി? എത്ര ചിലരുടെ പോക്കറ്റിലേയ്ക്കു പോയി? എന്നൊക്കെ സംബന്ധിച്ച് ഒരു രഹസ്യ സോഷ്യൽ ഓഡിറ്റ് നടത്തുകയാണ്. 


ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്‍റെ കാര്യമാണ് കഷ്ടം. ആട്, തേക്ക്, മാഞ്ചിയം, നക്ഷത്ര ആമ, വെള്ളിമൂങ്ങ തുടങ്ങിയ തട്ടിപ്പു പദ്ധതികളിൽ വീണു പോകുന്നവരേക്കാൾ ദുർബലരാണ് അമിത്ഷായും നരേന്ദ്രമോദിയുമെന്ന് തെളിഞ്ഞിരിക്കുകയാണ്. കേരളത്തിൽ 35 സീറ്റ് കിട്ടുമെന്ന കണക്കുണ്ടാക്കി അവരുടെ കൈയിൽ നിന്ന് നാനൂറു കോടിയോ മറ്റോ സംഘടിപ്പിച്ചു എന്നാണ് വാർത്തകളിൽ നിന്ന് മനസിലാകുന്നത്. ഈ കണക്കും വിശ്വസിച്ച് കോടിക്കണക്കിന് രൂപ വാരിയെറിഞ്ഞവരെക്കുറിച്ച് എന്താണ് പറയേണ്ടത്? രാജ്യം ഭരിക്കുന്നവർ അവിശ്വസനീയമാംവിധം ബുദ്ധിശൂന്യരാണെന്നു മാത്രം മനസിലാക്കുക.


തെരഞ്ഞെടുപ്പു ചെലവിന്‍റെ ബാലൻസ് ഷീറ്റും നോക്കി തലയിൽ കൈയും വെച്ചിരിക്കുകയാണത്രേ ബിജെപിയുടെ കേന്ദ്രനേതാക്കൾ. കൈയിലിരുന്ന പണം പോയി. ആകെയുണ്ടായിരുന്ന സീറ്റു നഷ്ടപ്പെട്ടു. ആകെ വിഹിതത്തിൽ കുറഞ്ഞത് നാലഞ്ചു ലക്ഷം വോട്ടുകൾ. ഹൈവേയിലെ കൊള്ളയടിയുടെയും അണികളുടെ ചേരിതിരഞ്ഞ കത്തിക്കുത്തിന്‍റെയും ചീത്തപ്പേര് ബോണസ്. 


പത്തു നാനൂറു കോടി ചെലവിട്ട് കൈക്കലാക്കിയ നേട്ടങ്ങളുടെ പട്ടിക കണ്ടാൽ ആർക്കാണ് ബോധക്ഷയമുണ്ടാകാത്തത്? ബോധമുണ്ടായിട്ടുവേണ്ടേ പോകാൻ എന്നാവും മറുചോദ്യം. ശരിയാണ്. “35 സീറ്റു കിട്ടും, കേരളം ആരു ഭരിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും” എന്നൊക്കെ തട്ടിവിട്ടവരെ വിശ്വസിച്ച് ഇത്രയും പണം കൊടുത്തവർക്ക്, മറ്റെന്തുണ്ടെങ്കിലും ബോധമുണ്ടാകാൻ ഒരു വഴിയുമില്ല.  


ഒരു കാര്യം നാം സമ്മതിക്കണം. ഇത്രയും പണം കൈയിൽ വന്നിട്ടും വളരെ പിശുക്കിയായിരുന്നത്രേ ചെലവ്. ധാരാളിത്തമോ ധൂർത്തോ ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പു പ്രചരണത്തിനുപയോഗിച്ച ലൈറ്റിന്‍റെയും മൈക്കിന്‍റെയും പണം പോലും കൊടുക്കാതെയാണ് ധൂർത്ത് പിടിച്ചു നിർത്തിയത്. കിട്ടിയതെല്ലാം  പോക്കറ്റിലേയ്ക്ക് എന്ന നിലപാടിൽ അവർ ഉറച്ചു നിന്നു. 


വരുംദിനങ്ങളിൽ അതിനുള്ള തെളിവുകളും പുറത്തു വരുമെന്ന കേൾക്കുന്നു.  ജനങ്ങളെയും കോർപറേറ്റുകളെയും ഊറ്റിപ്പിഴിഞ്ഞ് കേന്ദ്രനേതൃത്വം സമാഹരിക്കുന്ന കോടാനുകോടികളിൽ ഒരു പങ്ക് തങ്ങളുടെ പോക്കറ്റിലും കിടക്കട്ടെ എന്നു ചിന്തിച്ചവരെ കുറ്റപ്പെടുത്താനാവില്ല.


ഏതായാലും കേരളത്തിലേയ്ക്ക് വണ്ടികയറിയ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വരവ് വെറുതേയാവില്ല. യജമാനന്മാരോട് കൂറു തെളിയിക്കാൻ പറ്റിയ സന്ദർഭമാണ്. തീക്കട്ടയിൽ തീവെട്ടിക്കൊള്ള നടത്തിയ തിരുമാലികളെ കൈയോടെ പിടികൂടുക. കവർന്ന പണവും പിടിച്ചെടുക്കുക. പോയ മാനം നിങ്ങൾക്കെങ്കിലും തിരിച്ചു പിടിക്കാം.
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.