`പോപ്പുലർ ഫ്രണ്ടിന്റെ ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് സിപിഎം`; ആരോപണം ആവർത്തിച്ച് കെ സുരേന്ദ്രൻ
സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പാലക്കാട്: പോപ്പുലർ ഫ്രണ്ടിന്റെ ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് സിപിഎമ്മാണെന്ന ആരോപണം ആവർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിൽ നിന്ന് കൃത്യമായ രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ട്. രാഷ്ട്രീയ സഹായം ലഭിച്ചതുകൊണ്ട് മാത്രമാണ് പോപ്പുലർ ഫ്രണ്ട് അക്രമം നടത്തിക്കൊണ്ടിരിക്കുന്നത്. സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന് പ്രത്യക്ഷമായി വീഴ്ചയുണ്ടായതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ആലപ്പുഴയിൽ നടന്നതിന് സമാനമാണ് പാലക്കാട് നടന്ന കൊലപാതകം. ആക്രമണമുണ്ടായ സ്ഥലം പ്രശ്നബാധിത മേഖലയാണെന്ന് തിരിച്ചറിഞ്ഞിട്ടും പോലീസ് ഒരു പിക്കറ്റ് പോസ്റ്റ് പോലും ഏർപ്പെടുത്തിയിരുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് നടന്ന അക്രമത്തെക്കുറിച്ച് പോലീസിന് അറിയാമായിരുന്നിട്ടും വേണ്ടത്ര ജാഗ്രത പുലർത്താൻ സേന തയ്യാറായില്ല. സംഭവം നടന്നത് പോലീസ് സ്റ്റേഷനടുത്താണ് എന്നുള്ളത് കൊലപാതകത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. അക്രമം വ്യാപിപ്പിക്കാനുള്ള പോപ്പുലർ ഫ്രണ്ടിൻ്റെ ശ്രമം പോലീസ് കണ്ടില്ലെന്ന് നടിച്ചെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
അതേസമയം, പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരാഗ്യമെന്ന് എഫ്ഐആര്‍. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വൈര്യമാണ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണമെന്നും കണ്ടാലറിയാവുന്ന ആറ് പേരാണ് കേസിലെ പ്രതികളെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ പത്ത് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിലാണ്. കൊലയാളി സംഘത്തിൽ ആറുപേരാണ് ഉണ്ടായിരുന്നതെന്നും ഇവർ മൂന്ന് ബൈക്കുകളിലായാണ് എത്തിയതെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. 24 മണിക്കൂറുകൾക്കിടെ രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് ജില്ലയിലുണ്ടായത്. പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് എസ്ഡിപിഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തുകയും സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
രണ്ട് കാറുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ച രണ്ട് കാറുകളിലൊന്ന് നേരത്തെ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. സുബൈറിന്റെ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസ് കൊല്ലപ്പെട്ടു. പാലക്കാട് മേലാമുറിയിൽ വച്ചാണ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു ശ്രീനിവാസ്. മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം കടയില്‍ കയറിയാണ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...