ന്യൂഡൽഹി: ബി.ജെ.പി. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പി.എസ്. ശ്രീധരൻ പിള്ളയും എം. രാധകൃഷ്ണനുമാണ് അന്തിമ പരിഗണനയിൽ ഉള്ളത്. തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

കുമ്മനം രാജശേഖരൻ മിസോറം ഗവർണറായ ഒഴിവിൽ പുതിയ അധ്യക്ഷനെ കണ്ടെത്താൻ സംസ്ഥാനത്തെ നേതാക്കളുമായി കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതിനിധി എച്ച്. രാജ നടത്തിയ ചർച്ചയിൽ ഏകാഭിപ്രായമുണ്ടായില്ല. ഈ സാഹചര്യത്തിൽ ദേശീയനേതൃത്വം സമാന്തരമായി നടത്തിയ വിലയിരുത്തലിലാണ് മുൻ അധ്യക്ഷൻ ശ്രീധരൻ പിള്ളയ്ക്കും ആർ.എസ്.എസ്. സഹ പ്രാന്തകാര്യവാഹകും ജന്മഭൂമി ദിനപത്രത്തിന്‍റെ മാനേജിങ് ഡയറക്ടറുമായ എം. രാധകൃഷ്ണനും മുൻതൂക്കം കിട്ടിയത്. 


ഇവരിലൊരാൾ സംസ്ഥാന അധ്യക്ഷനാകുമെന്നാണ് സൂചന. മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസിന്‍റെയും പേര് അവസാനഘട്ടത്തിൽ ഉയർന്നുവരുന്നുണ്ട്. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി രാംലാൽ ഉൾപ്പെടെയുള്ളവരുമായി ദേശീയാധ്യക്ഷൻ അമിത്ഷാ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചകളിലാണ് ഇരുവരുടെയും പേര് ഉയർന്നുവന്നത്. 


പൊതുസ്വീകാര്യതയുള്ള ലിബറൽ നേതാവെന്നതാണ് ശ്രീധരൻപിള്ളയ്ക്ക് അനുകൂലമായ ഘടകം. വിവിധ ഹിന്ദു സമുദായ സംഘടനകളുമായും ന്യൂനപക്ഷ സമുദായ സംഘടനകളുമായുള്ള ബന്ധവും ഗുണമായി. കുമ്മനം പോയ ഒഴുവിൽ ആർ.എസ്.എസ്. നേതൃനിരയിലുള്ള ഒരാളെ പാർട്ടിനേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്. ഇതാണ് എം.രാധാകൃഷ്ണന്‍റെ പേര് പരിഗണിക്കാൻ കാരണം. കെ. സുരേന്ദ്രൻ, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ എന്നിവരുടെ പേരുകൾ നേരത്തേ പാർട്ടിയിൽ ശക്തമായി ഉയർന്നിരുന്നു.