പയറ്റിത്തെളിഞ്ഞ തന്ത്രങ്ങളൊന്നും ഏശുന്നില്ല. കേരളം പിടിക്കാൻ പുതു തന്ത്രങ്ങളാവിഷ്കരിച്ച് ബിജെപി. കേരളത്തിലും തീവ്ര ഹിന്ദുത്വം പയറ്റാനൊരുങ്ങുകയാണ് നേതൃത്വം. പാലക്കാട് ചേർന്ന് സംസ്ഥാന ശിബിരത്തിലാണ് വടക്കേ ഇന്ത്യൻ മാതൃക തന്നെ സംസ്ഥാനത്ത് പയറ്റണമെന്ന നിർദ്ദേശം ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുന്നോട്ട് വെച്ചത്. കേരളത്തിൽ മാത്രമായി പാർട്ടി സമീപനത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് സുരേന്ദ്രൻ യോഗത്തിൽ വ്യക്തമാക്കിയത്. വടക്കേ ഇന്ത്യയിൽ നടപ്പാക്കുന്ന രീതിയിലുള്ള തീവ്ര നിലപാടുകളിലേക്ക് നേതാക്കൾ കടക്കണമെന്നാണ് അധ്യക്ഷന്‍റെ നിർദ്ദേശം. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ കേരളം പോലൊരു സംസ്ഥാനത്ത് അത് എത്ര കണ്ട് വിജയിക്കുമെന്നാണ് മറുവിഭാഗം ഉയർത്തുന്ന ആശങ്ക. നിലവിൽ വെറും 10 ശതമാനമാണ് കേരളത്തിലെ ബി ജെ പി വോട്ട്. കൂടുതൽ സ്വാധീനമുറപ്പിക്കാൻ ന്യൂനപക്ഷങ്ങളിലേക്ക് കടന്ന് കയറാനുള്ള ശ്രമം നടത്തുകയാണ് ബി ജെ പി. ഈ സാഹചര്യത്തിൽ തീവ്ര ഹിന്ദുത്വത്തിലേക്ക് കടക്കുന്നത് തിരിച്ചടിയാകില്ലേയെന്നാണ് നേതാക്കൾ ചോദിക്കുന്നത്.ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ള വോട്ടുകള്‍ സമാഹരിക്കാനായുള്ള നീക്കങ്ങൾ ബി ജെ പി നടത്തുന്നുണ്ട്. ക്രൈസ്തവ സമൂഹത്തിലെ അതൃപ്തികൾ മുതലെടുക്കുകയാണ് ലക്ഷ്യം.


 ഹിന്ദുത്വ അജണ്ടയിൽ നിന്നും പിൻമാറാൻ സാധിക്കില്ലെങ്കിലും മൃദു ഹിന്ദുത്വമാകും ന്യൂനപക്ഷങ്ങളുടെ ഭയം അകറ്റാൻ നല്ലതെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ പലരുടേയും നിലപാട്. ന്യൂനപക്ഷങ്ങളെ പാർട്ടിയോട് അടുപ്പിക്കണമെന്ന ലക്ഷ്യം നടപ്പാകണമെങ്കിൽ തീവ്ര നിലപാടുകൾ തടസമാണെന്നും അക്കാര്യത്തിൽ മാറ്റം വരുത്തണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിർത്താതെ കേരളത്തിലെ ബി ജെ പിക്ക് വളരാനാകില്ലെന്ന ആശങ്ക നേരത്തേ തന്നെ നേതാക്കൾ പങ്കുവെച്ചിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തീവ്ര നിലപാടുകളാണ് തിരിച്ചടിയായതെന്ന വിമർശനമായിരുന്നു ബിജെപി യോഗങ്ങളിൽ ഉയർന്നത്. 


കടുത്ത നിലപാടിലേക്ക് കടന്നാൽ ന്യൂനപക്ഷ ഏകീകരണം ഉണ്ടാകുമെന്നാണ് നേതാക്കൾ അഭിപ്രായപ്പെടുന്നത്.ഇത്തരം ആശയങ്ങൾ ഹിന്ദു ഐക്യവേദി നേതാക്കളും വി എച്ച് പി നേതാക്കളും ആകണം പ്രചരിപ്പിക്കേണ്ടതെന്നാണ് നേതാക്കളുടെ അഭിപ്രായം. എന്നാൽ ഈ നിർദ്ദേശത്തെ യോഗത്തിൽ ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് തള്ളിക്കളഞ്ഞു. കെ സുരേന്ദ്രനും സമാന നിലപാടാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഹിന്ദുത്വമാണ് പാർട്ടിയുടെ അടിസ്ഥാന തത്വമെന്നാണ് കെ സുരേന്ദ്രനടക്കമുള്ളവരുടെ നിലപാട്. വിഷയത്തില്‍ ശനിയാഴ്ച ചേരുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യും. 


അതേസമയം കേരളത്തിൽ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ് ബി ജെ പി.കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലോ ലോക്സഭ തിരഞ്ഞെടുപ്പിലോ ഒരു സീറ്റ് പോലും കേരളത്തിൽ നേടിയെടുക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നില്ല.ഉണ്ടായിരുന്ന അക്കൗണ്ട് കൂടി പൂട്ടുകയും ചെയ്തിരുന്നു. എന്നാൽ വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഏത് വിധേനയും സീറ്റ് പിടിച്ചെടുക്കുകയാണ് ലക്ഷ്യം. കുറഞ്ഞത് ആറ് സീറ്റുകളാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. കേന്ദ്രമന്ത്രിമാർ തന്നെ നേരിട്ട് ഇറങ്ങിയായിരിക്കും പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക. പാലക്കാട്, തൃശൂർ, ആറ്റിങ്ങൽ, തിരുവനന്തപുരം, മാവേലിക്കര എന്നീ മണ്ഡലങ്ങളാണ് പട്ടികയിലുള്ളത്.


 ബി ജെ പിയുടെ ശക്തി കേന്ദ്രം എന്ന് കണക്കാക്കുന്ന കാസർഗോഡ് പട്ടികയിൽ ഇല്ലെന്നത് ഏറെ ശ്രദ്ധേയമാണ്. തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതല വിദേശകാര്യമന്ത്രി എസ് ജയശങ്കറിനാണ്. ആറ്റിങ്ങല്‍ വി മുരളീധരനും. പത്തനംതിട്ട ശേഭാ കരന്തലജെയ്ക്കും, പാലക്കാട് ഭഗവത് ഖുബെയ്ക്കും, തൃശൂര്‍ അശ്വനികുമാര്‍ ചൗബേയ്ക്കും ആണ് ചുമതല നൽകിയിരിക്കുന്നത്. സുരേഷ്ഗോപിയെ കൂടുതൽ ഇമേജ് നൽകി തൃശൂരോ തിരുവനന്തപുരമോ പിടിക്കാനുളള ശ്രമങ്ങളും നടക്കുന്നുണ്ട്. മുരളീധരൻ സുരേന്ദ്രൻ വിഭാഗത്തെ പുറത്താക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് എതിർവിഭാഗം. അതുകൊണ്ട് തന്നെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്ത് വേണമെന്നറിയാതെ കുഴയുകയാണ് കേന്ദ്ര നേതൃത്വം.


 


 


 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.