എന്തൊരു ഉറക്കം! ഉറങ്ങിപ്പോയ കുട്ടിയെ ഉണര്‍ത്തി ഫയര്‍ ഫോഴ്സ്..
നേരിട്ടെത്തിയ ബന്ധു കോളിംഗ് ബെല്ലടിച്ചും, വാതിലില്‍ മുട്ടിയും കുട്ടിയെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല.
എന്തെങ്കിലും അപകടങ്ങള്‍ ഉണ്ടായാല്‍ ആളുകള്‍ ആദ്യം വിളിക്കുക ഫയര്‍ ഫോഴ്സിനെയാണ്. അവരെത്തിയാല്‍ കഴിവതും അപകടത്തെ പിടിച്ച് നിര്‍ത്തുകയും അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുകയും ചെയ്യും.
എന്നാല്‍, കൊച്ചു കടവന്ത്രയിലെ ശാന്തി വിഹാര്‍ അപ്പാര്‍ട്ട്മെന്‍റ്സിലെ ഒരു ഫ്ലാറ്റില്‍ ഇന്നലെ അഗ്നിശമന സേനയെത്തിയത് ഉറങ്ങി പോയ കുട്ടിയ ഉണര്‍ത്താനാണ്.
ഡോക്ടറായ അമ്മ രാവിലെ ആശുപത്രിയിലേക്ക് പോയി. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒറ്റയ്ക്കിരിക്കുന്ന മകനെ ഫോണില്‍ വിളിച്ചു.
കുട്ടി ഫോണെടുത്തില്ല. പല തവണ വിളിച്ചിട്ടും ഫോണെടുക്കാതെയായതോടെ അമ്മയ്ക്ക് ഉത്കണ്ഠയായി. അടുത്തുള്ള ബന്ധുവിനോട് വീട്ടില്‍ ചെന്ന് അന്വേഷിക്കാന്‍ അവശ്യപ്പെട്ടു.
നേരിട്ടെത്തിയ ബന്ധു കോളിംഗ് ബെല്ലടിച്ചും, വാതിലില്‍ മുട്ടിയും കുട്ടിയെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല.
ഇതോടെ, ഗാന്ധിനഗര്‍ ഫയര്‍ സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. ഉടന്‍ സംഭവ സ്‌ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ മൂന്നാം നിലയിലുള്ള ഫ്‌ളാറ്റിന്‍റെ പിന്നിലെ ബാല്‍ക്കണിയിലേക്ക് ഏണി വച്ച് കയറി.
പൂട്ടിയിട്ടില്ലയിരുന്ന പിന്‍വാതിലിലൂടെ അകത്ത് കടന്നപ്പോഴല്ലേ ഉദ്യോഗസ്ഥര്‍ക്ക് കാര്യ൦ മനസിലായത്.
പുറത്തുനടന്ന ബഹളമൊന്നും അറിയാതെ ഫോണ്‍ സൈലന്‍റ് മോഡിലിട്ട് സുഖമായി ഉറങ്ങുകയാണ് പതിനാറുകാരനായ പയ്യന്‍.
വിളിച്ചുണര്‍ത്തിയപ്പോള്‍ ചുറ്റും യൂണിഫോമിട്ട ഉദ്യോഗസ്ഥരെ കണ്ട് അമ്പരന്ന കുട്ടി കാര്യമെന്തെന്ന് അറിയാതെ എല്ലാവരെയും മാറി മാറി നോക്കി.
സ്‌നേഹത്തോടെ കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.