തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കും, പ്ലാന്റിന്റെ തുടക്കം മുതലുള്ള നടപടികളിൽ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ഇനിയൊരു ബ്രഹ്‌മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ കൂട്ടായി പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശുചിത്വ കേരളമെന്ന ലക്ഷ്യം നേടുന്നതിനുള്ള അവസരമാക്കി ബ്രഹ്മപുരം സൃഷ്ടിച്ച പ്രതിസന്ധിയെ മാറ്റാമെന്നും പിണറായി വിജയൻ.
തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തീയണയ്ക്കുന്നതിൽ സർക്കാർ സ്വീകരിച്ച നടപടികൾ നിയമസഭയിൽ എണ്ണിഎണ്ണി പറയുകയായിരുന്നു മുഖ്യമന്ത്രി. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും പ്ലാന്റിന്റെ തുടക്കം മുതലുള്ള നടപടികൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രഹ്‌മപുരത്ത് തീപിടിത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പോലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കും. കൂട്ടായ പരിശ്രമത്തിലൂടെയാണ് തീ അണച്ചതെന്നും അതിനായി പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ചട്ടം 300 പ്രകാരം നിയമസഭയിൽ നടത്തിയ പ്രസ്താവന
ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണ പ്ലാന്റിലെ തീ മാര്‍ച്ച് 13ന് പൂര്‍ണമായും അണച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സംവിധാനം കൂടി പ്രയോജനപ്പെടുത്തി ഏകോപിതമായ പ്രവര്‍ത്തനമാണ് നടത്തിയത്. ഈ ഓപ്പറേഷനില്‍ ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്ററുകള്‍, എയര്‍ഫോഴ്‌സ്, ബി പി സി എല്‍, എച്ച് പി സി എല്‍, സിയാല്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ഫാക്ട് എന്നീ സ്ഥാപനങ്ങളുടെ സംവിധാനങ്ങളും സിവില്‍ ഡിഫന്‍സ് വാളണ്ടിയര്‍മാരും അണിചേര്‍ന്നു. ഇരുന്നൂറ്റി അന്‍പതോളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍ രണ്ട് ഷിഫ്റ്റുകളിലായി രാപ്പകല്‍ ഭേദമില്ലാതെ പ്രവര്‍ത്തിച്ചു. 32 ഫയര്‍ യൂണിറ്റുകള്‍, നിരവധി ഹിറ്റാച്ചികള്‍, ഉയര്‍ന്ന ശേഷിയുള്ള മോട്ടോര്‍ പമ്പുകള്‍ എന്നിവ ഇതിനായി ഉപയോഗിച്ചു. 2000 അഗ്നിശമനസേനാ പ്രവര്‍ത്തകരും 500 സിവില്‍ ഡിഫന്‍സ് വാളണ്ടിയര്‍മാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. വളരെ ചിട്ടയോടെ നടത്തിയ കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, ആരോഗ്യ വകുപ്പ്, സിവില്‍ ഡിഫന്‍സ്, പോലീസ്, കൊച്ചി കോര്‍പറേഷന്‍ എന്നിവയിലെ ജീവനക്കാര്‍ തുടങ്ങി എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍
2. തീപിടിത്തമുണ്ടായത് മുതല്‍ സര്‍ക്കാര്‍, ജില്ലാ ഭരണസംവിധാനം, കൊച്ചി കോര്‍പറേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മാര്‍ച്ച് മൂന്നിന് തന്നെ കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു. മാര്‍ച്ച് നാലിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും അടിയന്തര നടപടികള്‍ നിര്‍ദേശിക്കുകയും ചെയ്തു. മാര്‍ച്ച് അഞ്ചിന് വ്യവസായ, ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാര്‍ കൊച്ചിയില്‍ ഉന്നതതല യോഗം ചേര്‍ന്ന് തീയണക്കുന്നതിനും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികള്‍ക്ക് വേഗം കൂട്ടി. തുടര്‍പ്രവര്‍ത്തനങ്ങള്‍ മന്ത്രിതലത്തില്‍ ഏകോപിപ്പിച്ചു. മാര്‍ച്ച് ഏഴിന് ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി. വ്യോമസേനയെയും വിന്യസിച്ചു.
Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യത; മഴക്കാലപൂർവ ശുചീകരണം ഏപ്രിൽ 1 മുതൽ
3. മാര്‍ച്ച് എട്ടിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രശ്‌നപരിഹാര ശ്രമങ്ങള്‍ ഊര്‍ജിതമാക്കാനുള്ള നടപടികള്‍ നിര്‍ദേശിച്ചു. മാര്‍ച്ച് പത്തിന് വ്യവസായ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാര്‍ ബ്രഹ്‌മപുരം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി. തുടര്‍ന്ന് മന്ത്രിമാര്‍ പങ്കെടുത്ത് ജനപ്രതിനിധികള്‍, ഫ്‌ളാറ്റ്-റസിഡന്‍സ് അസോസിയേഷന്‍, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികള്‍, ആരോഗ്യവിദഗ്ധര്‍ എന്നിവരുടെ യോഗങ്ങള്‍ പ്രത്യേകം പ്രത്യേകം ചേരുകയുണ്ടായി. മാര്‍ച്ച് 13ഓടുകൂടി തീ പൂര്‍ണമായും അണയ്ക്കാനായി. ചെറിയ തീപിടുത്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് തുടര്‍ന്നും ജാഗ്രതയും മുന്‍കരുതലും പുലര്‍ത്തിവരുന്നുണ്ട്.
4. ബ്രഹ്‌മപുരത്ത് വേര്‍തിരിക്കാതെ നിരവധി വര്‍ഷങ്ങളായി നിക്ഷേപിച്ചിട്ടുള്ള മാലിന്യത്തിനാണ് തീപിടിച്ചത്. മാലിന്യം പല അടുക്കുകളായി ഉണ്ടായിരുന്നതും, തീ ആറ് മീറ്ററോളം ആഴത്തില്‍ കത്തിയതും അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തി. തീയണക്കാനുള്ള വാഹനങ്ങള്‍ക്കും യന്ത്രസാമഗ്രികള്‍ക്കും മാലിന്യകൂമ്പാരത്തിനിടയിലൂടെ കടന്നുപോകാന്‍ ആദ്യ ഘട്ടത്തിലുണ്ടായ പ്രയാസം മറ്റൊരു വെല്ലുവിളിയായിരുന്നു. എന്നാല്‍ അത് പെട്ടെന്ന് തന്നെ പരിഹരിക്കാനായി. തീയണക്കുന്നതിന് വിവിധ കോണുകളില്‍ നിന്നുള്ള വിദഗ്ദ്ധാഭിപ്രായം സര്‍ക്കാര്‍ നിരന്തരം തേടിക്കൊണ്ടിരുന്നു. ജനപ്രതിനിധികളും മറ്റും നല്‍കിയ നിര്‍ദേശങ്ങളുടെ പ്രായോഗികതയും സര്‍ക്കാര്‍ പരിഗണിക്കുകയുണ്ടായി. കൃത്രിമ മഴ, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ പ്രയോഗം എന്നിങ്ങനെ ജനപ്രതിനിധികളില്‍ ചിലര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുകയുണ്ടായെങ്കിലും പ്രായോഗികമല്ലെന്നായിരുന്നു വിദഗ്ദ്ധാഭിപ്രായം. മാലിന്യം ഇളക്കിമറിച്ച ശേഷം വെള്ളം പമ്പ് ചെയ്ത് തീയണക്കുന്ന രീതിയാണ് ബ്രഹ്‌മപുരത്ത് അവലംബിച്ചത്. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതിയും വിദഗ്ദ്ധാഭിപ്രായം തേടി സര്‍ക്കാര്‍ സമീപിച്ച ന്യൂയോര്‍ക് സിറ്റി ഫയര്‍ ഡിപ്പാര്‍ട്‌മെന്റിന്റെ ഡെപ്യൂട്ടി ചീഫ് ശ്രീ. ജോര്‍ജ് ഹീലിയും ബ്രഹ്‌മപുരത്ത് അവലംബിച്ച രീതി തന്നെയാണ് ഏറ്റവും ഫലപ്രദമെന്നാണ് അഭിപ്രായപ്പെട്ടത്.
പൊതുജനാരോഗ്യ സാഹചര്യം:
5. തീപിടിത്തമുണ്ടാവുകയും പുക പടരുകയും ചെയ്തതു മുതല്‍ ഏതൊരു അടിയന്തിര സാഹചര്യത്തെയും നേരിടാനുള്ള മുന്‍കരുതലും തയാറെടുപ്പും ആരോഗ്യ വകുപ്പ് സ്വീകരിക്കുകയുണ്ടായി. എറണാകുളം മെഡിക്കല്‍ കോളേജിലും രണ്ട് താലൂക്ക് ആശുപത്രികളിലും പ്രത്യേക വാര്‍ഡുകള്‍, ജില്ലാ ആശുപത്രിയില്‍ 100 ഓക്‌സിജന്‍ ബെഡുകള്‍, കളമശേരി ആശുപത്രിയില്‍ സ്മോക്ക് കാഷ്വാലിറ്റി എന്നിവയും അതിനു പുറമെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും പ്രവര്‍ത്തനക്ഷമമാക്കി. സ്വകാര്യ ആശുപത്രികളും ആരോഗ്യ രക്ഷാപ്രവര്‍ത്തങ്ങളില്‍ നന്നായി സഹകരിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ട് കണ്‍ട്രോള്‍ റൂമുകളും സജ്ജീകരിച്ചു. നാലാം തീയതി മുതല്‍ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം നിരന്തരം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി. ഗര്‍ഭിണികള്‍, കുട്ടികള്‍, വയോധികര്‍ എന്നിവര്‍ക്ക് പ്രത്യേകം ആരോഗ്യ സംരക്ഷണം സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നുമുള്ള നിര്‍ദേശവും നല്‍കി. പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുകയുണ്ടായി. ലഭ്യമായ കണക്കനുസരിച്ച് 1,335 പേരാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വൈദ്യസഹായം തേടിയത്. 128 പേര്‍ 10 വയസ്സില്‍ താഴെയുള്ള കുട്ടികളും 262 പേര്‍ 60 വയസ്സിനു മുകളിലുള്ളവരുമാണ്. 21 പേര്‍ക്കാണ് കിടത്തി ചികിത്സ ആവശ്യമായിവന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ആര്‍ക്കുമുണ്ടായില്ല.
ബ്രഹ്‌മപുരത്തിന്റെ ചരിത്രം
6. മുന്‍ വര്‍ഷങ്ങളില്‍ നാല് തവണ ബ്രഹ്‌മപുരത്ത് തീപിടിത്തമുണ്ടായിട്ടുണ്ട്. വേര്‍തിരിക്കാതെ വന്‍തോതില്‍ മാലിന്യം കൊണ്ടുവന്ന് നിക്ഷേപിക്കുന്ന അശാസ്ത്രീയമായ രീതിയാണ് കഴിഞ്ഞ ഒരു ദശകത്തിലേറെയായി ബ്രഹ്‌മപുരത്ത് നിലനില്‍ക്കുന്നത്. മാലിന്യ സംസ്‌കരണ കേന്ദ്രത്തിനായി ആദ്യം 33 ഏക്കറും പിന്നീട് 15 ഏക്കറും ഭൂമിയാണ് 1995 -2000 ല്‍ കൊച്ചി കോര്‍പറേഷന്‍ ബ്രഹ്‌മപുരത്ത് ഏറ്റെടുത്തത്. തുടര്‍ന്ന് 2000-2005 കാലയളവില്‍ 13 ഏക്കറും 2005-2010 കാലയളവില്‍ 60 ഏക്കറും ഭൂമി ഏറ്റെടുത്തു. 2006-11 കാലയളവിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ 100 കോടി രൂപ ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കുകയുണ്ടായി.
7. തുടക്കത്തില്‍ മാലിന്യം തരംതിരിച്ചാണ് ബ്രഹ്‌മപുരത്തെ കേന്ദ്രത്തില്‍ എത്തിച്ചിരുന്നത്. പ്ലാസ്റ്റിക് മാലിന്യം അനുവദിച്ചിരുന്നില്ല. 2008 ല്‍ ആരംഭിച്ച ജൈവ മാലിന്യ സംസ്‌കരണപ്ലാന്റ് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനായി. ജനപങ്കാളിത്തത്തോടെയുള്ള വികേന്ദ്രീകൃതവും കാര്യക്ഷമവുമായ മാലിന്യസംസ്‌കരണ രീതി അവലംബിച്ചതിലൂടെ 2009 ല്‍ മികച്ച സീറോ വേസ്റ്റ് നഗരത്തിനുള്ള പുരസ്‌കാരം കൊച്ചിക്ക് ലഭിക്കുകയുണ്ടായി. എന്നാല്‍ 2010 നു ശേഷം വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടെയുമുള്ള മാലിന്യസംസ്‌കരണ സംവിധാനത്തില്‍ നിന്ന് കൊച്ചി കോര്‍പറേഷന്‍ പിന്നാക്കം പോയി. അജൈവ മാലിന്യം വന്‍തോതില്‍ ബ്രഹ്‌മപുരത്തേക്കെത്തി. കൊച്ചി കോര്‍പറേഷന് മാത്രമായി ഉണ്ടായിരുന്ന ബ്രഹ്‌മപുരം പ്ലാന്റില്‍ സമീപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യവും നിക്ഷേപിക്കാന്‍ തുടങ്ങി. ജൈവമാലിന്യസംസ്‌കരണ പ്ലാന്റിന്റെ കാലാനുസൃതമായ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ അത് ജീര്‍ണാവസ്ഥയിലായി. ഇതേതുടര്‍ന്ന് 10 വര്‍ഷം കൊണ്ട് 5,59,000 ടണ്‍ മാലിന്യം കുമിഞ്ഞുകൂടി. ഈ മാലിന്യക്കൂമ്പാരം ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ ദേശീയ ഹരിത ട്രിബൂണല്‍ ഉത്തരവിട്ടു. എന്നാല്‍ ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച അജണ്ട തീരുമാനമെടുക്കാതെ 23 തവണ കോര്‍പറേഷന്‍ കൗണ്‍സില്‍ മാറ്റിവെക്കുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് ഹരിത ട്രിബുണലിന്റെ ഉത്തരവ് നടപ്പാക്കാനായി ദുരന്ത നിവാരണ നിയമ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടതും ബയോ മൈനിങ്ങിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതും. കെ എസ് ഐ ഡി സി മുഖേനയാണ് ബയോ മൈനിങ്ങിനും വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് സ്ഥാപിക്കുന്നതിനുമുള്ള നടപടി 2019 ല്‍ ആരംഭിച്ചത്. തുടര്‍ന്ന് ബയോ മൈനിങ്ങിനുള്ള കരാര്‍ സംബന്ധിച്ച് കൗണ്‍സില്‍ ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. ബയോ മൈനിങ് കരാര്‍ 54.90 കോടി രൂപയുടേതാണ്. 30 ശതമാനം ബയോ മൈനിങ്ങാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്. രണ്ട് ഗഡുക്കളായി കമ്പനിക്ക് 11.06 കോടി രൂപ നല്‍കിയിട്ടുണ്ട്. 2023 ജൂണ്‍ 30 ന് ബയോ മൈനിങ് പൂര്‍ത്തിയാക്കാന്‍ കമ്പനിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലെഗസി മാലിന്യം നീക്കം ചെയ്യുന്നതിന് മാത്രമല്ല, സമാന പ്രശ്‌നങ്ങള്‍ തുടര്‍ന്നും ഉണ്ടാകാതിരിക്കാനും പുതുമാലിന്യ കൂമ്പാരം ഉണ്ടാകാതിരിക്കാനും ബ്രഹ്‌മപുരത്ത് 350 കോടി രൂപ ചിലവില്‍ വെസ്റ്റ് - റ്റു - എനര്‍ജി പ്ലാന്റ് സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2018 -ല്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ ജിജെ ഇക്കോ പവര്‍ എന്ന കമ്പനിക്ക് കരാര്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കരാര്‍ നല്‍കി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പണി ആരംഭിക്കാനോ നടപടികള്‍ മുന്നോട്ട് പോകാനോ കഴിയാതെ വന്നതിനാല്‍ 2020 -ല്‍ കരാര്‍ റദ്ദാക്കി. പുതിയ കരാര്‍ നല്‍കുന്നതിനുള്ള തര്‍ക്കങ്ങള്‍ കൊച്ചി കോര്‍പ്പറേഷനില്‍ നിലനില്‍ക്കുന്നതിനാല്‍ പദ്ധതി വൈകുകയാണ്. എങ്കിലും അടുത്ത 2 വര്‍ഷത്തില്‍ പുതിയ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
നടപടികള്‍
8. ബ്രഹ്‌മപുരത്ത് തീപിടിത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പോലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കും. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് ഒരു വിജിലന്‍സ് അന്വേഷണം നടത്തും.
ബ്രഹ്‌മപുരത്ത് തീപിടിത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ, ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ സംബന്ധിച്ചും, മാലിന്യസംസ്‌കരണ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാനും ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാനും കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുന്നതാണ്. താഴെപ്പറയുന്ന ടേംസ് ഓഫ് റഫറന്‍സിന്റെ അടിസ്ഥാനത്തില്‍ ഈ സംഘം അന്വേഷണം നടത്തും.
• തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തെല്ലാം?
• ഭാവിയില്‍ തീപിടുത്തം ഉണ്ടാകാതിരിക്കാന്‍ നടപ്പിലാക്കേണ്ട നടപടികള്‍ എന്തെല്ലാം?
• ഖരമാലിന്യ സംസ്‌കരണ-മാലിന്യ നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ നിലവിലെ സ്ഥലം എത്രത്തോളം അനുയോജ്യമാണ്?
• സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും എത്രത്തോളം പാലിക്കപ്പെട്ടിട്ടുണ്ട്?
• നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെകില്‍ അതിന്റെ ഉത്തരവാദികള്‍ ആരൊക്കെയാണ്?
• വിന്‍ഡ്രോ കമ്പോസ്റ്റിംഗ് നടപ്പിലാക്കാന്‍ ഏര്‍പ്പെട്ട ഉടമ്പടിയില്‍ പിഴവുകള്‍ ഉണ്ടായിരുന്നുവോ?
• കൊച്ചി കോര്‍പറേഷന്‍ ബ്രഹ്‌മപുരത്തെ പ്രവൃത്തി കൃത്യമായി നിരീക്ഷിച്ചിരുന്നുവോ? അതിന്റെ ഉത്തരവാദിത്തം ആര്‍ക്കായിരുന്നു? പ്രവൃത്തിയില്‍ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചിരുന്നോ ?
• പ്രവൃത്തിയില്‍ ചൂണ്ടിക്കാണിച്ച ന്യൂനതകള്‍ പരിഹരിക്കുന്നതിന് കരാറുകാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം?
• കൊച്ചി കോര്‍പറേഷനിലെ ഖര മാലിന്യം സംഭരിക്കാനും സംസ്‌കരിക്കാനും ഉദ്ദേശിച്ച സ്ഥലത്ത് മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യം കൂടി വരാനുള്ള കാരണമെന്ത്?
• നിലവില്‍ സ്ഥാപിച്ചിട്ടുള്ള വിന്‍ഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം?
• വിന്‍ഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റിന്റെ ശോചനീയാവസ്ഥക്കും നടത്തിപ്പിലെ വീഴ്ചകള്‍ക്കും ഉത്തരവാദികള്‍ ആരെല്ലാം?
• മുന്‍കാല മാലിന്യം കൈകാര്യം ചെയ്യാനെടുത്ത നടപടികളുടെ വിശകലനവും കാലതാമസത്തിനുള്ള കാരണങ്ങളും.
• ബയോ റെമഡിയേഷന്‍ പ്രക്രിയ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഒപ്പിട്ട കരാര്‍ പ്രകാരം കോര്‍പറേഷന്റെയും കരാറുകാരുടെയും ചുമതലകള്‍ അതത് കക്ഷികള്‍ എത്രത്തോളം പാലിച്ചിരുന്നു?
• കൊച്ചി കോര്‍പറേഷന്‍ പരിധിക്കുള്ളില്‍ ജൈവ, അജൈവ മാലിന്യ ശേഖരണത്തിനും അവ സംസ്‌കരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനുമുള്ള സംവിധാനം എന്തായിരുന്നു? കരാറുകാരുടെ പ്രവര്‍ത്തനം വിലയിരുത്തിയത് എങ്ങനെയായിരുന്നു? തരം തിരിക്കാതെ മാലിന്യം ശേഖരിക്കുന്നതിനും ബ്രഹ്‌മപുരത്ത് നിക്ഷേപിക്കുന്നതിനും തീരുമാനിക്കാനുള്ള കാരണമെന്ത്? ഇത് പരിഹരിക്കാനെടുത്ത നടപടികള്‍ എന്തെല്ലാം?
• വലിയ തോതിലുള്ള ഖരമാലിന്യം ഉണ്ടാവുന്ന കേന്ദ്രങ്ങളില്‍ ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കാന്‍ എത്രത്തോളം സാധിച്ചിട്ടുണ്ട്?
ദുരന്തനിവാരണ നിയമത്തിന്റെ പ്രയോഗം
9. ബ്രഹ്‌മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ തീ അണയ്ക്കുവാനും നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും ദുരന്ത നിവാരണ നിയമത്തിലെ 24 (ഇ) വകുപ്പ് പ്രകാരം എംപവേഡ് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കുറ്റമറ്റ രീതിയിലുള്ള മാലിന്യ സംസ്‌കരണം ഉറപ്പുവരുത്തുന്നതിനും അതിനായി തയാറാക്കിയിട്ടുള്ള സമഗ്ര കര്‍മ്മ പരിപാടി സമയബന്ധിതമായി നടപ്പിലാക്കാനും തടസങ്ങള്‍ നീക്കം ചെയ്യാനും ദുരന്തനിവാരണ നിയമത്തിലെ 24 (എല്‍) വകുപ്പ് പ്രകാരം സര്‍ക്കാര്‍ എംപവേഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നതാണ്. കൊച്ചിയിലെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ദൈനംദിനം വിലയിരുത്തും. ഇതിനു പുറമെ തദ്ദേശസ്വയംഭരണ, വ്യവസായ മന്ത്രിമാര്‍ എല്ലാ ആഴ്ചയിലും അവലോകനം നടത്തും.
ആരോഗ്യ പഠനം
10. തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് സമഗ്രമായ ആരോഗ്യ സര്‍വേ ബ്രഹ്‌മപുരത്തും സമീപ പ്രദേശങ്ങളിലും നടത്തുന്നുണ്ട്. ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുള്ള ഘടകങ്ങള്‍ മണ്ണിലോ വെള്ളത്തിലോ മനുഷ്യ ശരീരത്തിലോ ഉണ്ടോ എന്നറിയാന്‍ ശാസ്ത്രീയമായ പഠനവും വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തും.
സംസ്ഥാനതല കര്‍മ്മപദ്ധതി
11. ബ്രഹ്‌മപുരത്തിന്റെ പാഠം, കൊച്ചിയില്‍ മാത്രമല്ല, സംസ്ഥാനത്താകെ മാലിന്യ സംസ്‌കരണമെന്ന ചുമതല യുദ്ധകാലാടിസ്ഥാനത്തിലും വിട്ടുവീഴ്ചയില്ലാതെയും നടപ്പാക്കണമെന്നതാണ്.. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കുള്ള ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍ണയിച്ചും സമയബന്ധിതമായി സമഗ്രമായ കര്‍മപദ്ധതി വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ നേതൃത്വം കൊടുക്കും. ഖരദ്രവമാലിന്യങ്ങള്‍, കെട്ടിടാവശിഷ്ടങ്ങള്‍, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍, ഇ-വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എന്നിവയുടെ ശാസ്ത്രീയമായ സംസ്‌കരണവും ഇതിന്റെ ഭാഗമായി ഒരുക്കും. ജനങ്ങളെയാകെ ബോധവല്‍ക്കരിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. മാലിന്യ സംസ്‌കരണം സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും സംസ്ഥാനത്താകെ കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികള്‍ സ്വീകരിക്കും. മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്കെതിരായി സങ്കുചിത താല്പര്യത്തോടെ ആസൂത്രിതമായി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങള്‍ കേരളത്തിന് ഇനിയും താങ്ങാനാവില്ല. അത്തരം പ്രതിഷേധങ്ങളെ ഇനിയും വകവെച്ചുകൊടുത്തുകൊണ്ട് മുന്നോട്ടു പോകാനാവില്ല.
12. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാനായി രണ്ട് ഘട്ടങ്ങളായുള്ള സമഗ്ര പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. മാര്‍ച്ച് 13 മുതല്‍ മെയ് 31 വരെയും സെപ്തംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുമുള്ള രണ്ട് ഘട്ടങ്ങളായാണ് സര്‍ക്കാര്‍ ഇത് നടപ്പാക്കുക. ഉറവിട മാലിന്യസംസ്‌കരണം, അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണം, ഹരിതകര്‍മ സേനയുടെ സമ്പൂര്‍ണ വിന്യാസം, പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാക്കല്‍, ജലസ്രോതസ്സുകളുടെ ശുചീകരണം എന്നിവ ഈ കര്‍മ്മപദ്ധതിയുടെ പ്രധാന ഉള്ളടക്കമാണ്. ഗാര്‍ഹിക ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള സാങ്കേതിക പിന്തുണ തദ്ദേശസ്ഥാപനങ്ങള്‍ മുഖേന ലഭ്യമാക്കും. തദ്ദേശ സ്ഥാപന , ജില്ലാ, സംസ്ഥാന തലങ്ങളില്‍ വാര്‍ റൂമുകള്‍ സജ്ജീകരിക്കും, ജില്ലാതലത്തില്‍ എന്‍ഫോഴ്സ്മെന്റ് ടീമുകളും വിജിലന്‍സ് സ്‌ക്വാഡുകളും രൂപീകരിക്കും. കര്‍മ്മ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് തദ്ദേശ സ്ഥാപന തലത്തില്‍ സോഷ്യല്‍ ഓഡിറ്റും നടത്തും. ഇനിയും മെല്ലെപ്പോക്ക് ഇക്കാര്യങ്ങളില്‍ തുടരനാവില്ല. ദൃഢനിശ്ചയത്തോടെ സര്‍ക്കാര്‍ മുന്നോട്ടുപോവുക തന്നെ ചെയ്യും.
അന്താരാഷ്ട്ര വൈദഗ്ധ്യം
13. ബ്രഹ്‌മപുരത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യ സംസ്‌കരണത്തിന് അന്താരാഷ്ട്ര തലത്തിലുള്ള വൈദഗ്ധ്യം ലഭ്യമാക്കാനുള്ള നടപടികള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ലോക ബാങ്ക് ഇതിനുള്ള സന്നദ്ധത അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 21- 23 തീയതികളിലായി ഇതിനായി ലോക ബാങ്ക് പ്രതിനിധി സംഘവുമായി ചര്‍ച്ചകള്‍ നടത്തും. മറ്റ് ഏജന്‍സികളുടെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തും.
ഇനിയൊരു ബ്രഹ്‌മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ മാലിന്യ സംസ്‌കരണമെന്ന ലക്ഷ്യം നമുക്ക് സാക്ഷാത്ക്കരിക്കേണ്ടതുണ്ട്. അതിനായി കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും അണിനിരക്കുന്ന ഒരു ജനകീയ യത്നം നമുക്ക് ആരംഭിക്കാം. ബ്രഹ്‌മപുരം സൃഷ്ടിച്ച പ്രതിസന്ധിയെ ശുചിത്വ കേരളമെന്ന ലക്ഷ്യം നേടുന്നതിനുള്ള അവസരമാക്കി നമുക്ക് മാറ്റാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...