Puthuppally: ഓണാഘോഷ തിമിർപ്പിൽ പുതുപ്പള്ളി; പരിപാടികളിൽ പങ്കെടുത്തും വോട്ടുറപ്പിച്ചും സ്ഥാനാർത്ഥികൾ
Puthuppally onam celebrations: പുതുപ്പള്ളിയിൽ മൂന്ന് മുന്നണികളുടെയും പ്രചരണ പരിപാടികൾ അണികളിൽ ആവേശം ഉയർത്തി.
കോട്ടയം: പുതുപ്പള്ളിയിൽ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തും വോട്ടുറപ്പിച്ചും സ്ഥാനാർത്ഥികൾ. പുതുപ്പള്ളി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച നടന്ന മൂന്ന് മുന്നണികളുടെയും പ്രചരണ പരിപാടികൾ അണികളിൽ ആവേശം ഉയർത്തി.
കൂരോപ്പടയിൽ നിന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ പര്യടനം ആരംഭിച്ചത്. പുതുവൽ കോത്തല കോളനിയിലെ വീടുകളിലെത്തി സ്ഥാനാർത്ഥി വോട്ട് അഭ്യര്‍ത്ഥിച്ചു. പുല്ലോളിക്കൽ ലക്ഷം വീട് കോളനിയിലെ രാജുവിന്റെ വീട്ടിൽ എത്തിയ സ്ഥാനാർത്ഥിയെ കൈപിടിച്ച് കരഞ്ഞു കൊണ്ടാണ് ഭിന്നശേഷിക്കാരനായ രാജു വിജയാശംസകൾ നേർന്നത്. കോത്തല എൻ. എസ് എസ് ഹൈസ്കൂളിലെ ഓണാഘോഷത്തിലും ചാണ്ടി ഉമ്മൻ പങ്കെടുത്തു. വാഹന പര്യടനം കടന്നു വന്ന വഴികളിൽ നാട്ടുകാർ തടിച്ചു കൂടി. കൂരോപ്പടയിലാണ് വാഹന പര്യടനം അവസാനിച്ചത്.
ALSO READ: കോഴിക്കോട് 19കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, വീട്ടിൽ പൂട്ടിയിട്ടു; പ്രതി പിടിയിൽ
മണ്ഡലത്തിൽ മൂന്നാം അങ്കത്തിനിറങ്ങിയ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് ജന്മനാടായ മണർകാട് നിന്നാണ് വാഹന പര്യടനം ആരംഭിച്ചത്. അരീപറമ്പ്, വയലാട്ടുമറ്റം, പണിക്കമറ്റം, ശങ്കരാശേരി എന്നിവിടങ്ങളിൽ ഉച്ചവെയിൽ വക വെക്കാതെ ജനക്കൂട്ടം സ്ഥാനാർത്ഥിയെ കാത്തു നിൽപ്പുണ്ടായിരുന്നു. ബാന്‍റ് മേളവും താലപ്പൊലിയും പുഷ്പ വ്യഷ്ടിയും നടത്തി നാട്ടുകാർ സ്ഥാനാർത്ഥിയെ വരവേറ്റു. ചുരുങ്ങിയ വാക്കുകളാൽ അവരോട് നന്ദി പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ച ശേഷം ജെയ്ക് പര്യടനവുമായി മുന്നോട്ടു പോയി.
എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ മണർകാട് പഞ്ചായത്തിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കൂടി എത്തിയതോടെ പ്രചരണം കൊഴുത്തു. മണർകാട്, മാലം തുടങ്ങിയ ഭാഗങ്ങളിലായിരുന്നു ഉച്ച വരെ പര്യടനം. തുടർന്ന് പാമ്പാടി വിമലാംബിക സീനിയർ സെക്കന്ററി സ്കൂളിലെ ഓണാഘോഷത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു. കുട്ടികളോട് കുശലം പറഞ്ഞ് ഓണാശംസകൾ നേർന്ന സ്ഥാനാർത്ഥി ഓണസദ്യയിലും പങ്കെടുത്ത ശേഷമായിരുന്നു മടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...