അറസ്റ്റിലായവർക്കും റിമാൻഡ് തടവുകാർക്കും വൈദ്യപരിശോധന; മെഡിക്കോ-ലീഗല്‍ പ്രോട്ടോകോളിന് മന്ത്രിസഭയുടെ അംഗീകാരം
നിയമവകുപ്പ് നിര്‍ദ്ദേശിച്ച ഭേദഗതിയോടെ മെഡിക്കോ - ലീഗല്‍ പ്രോട്ടോകോളിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
അറസ്റ്റിലായ വ്യക്തികള്‍, റിമാൻഡ് തടവുകാര്‍ എന്നിവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ സംബന്ധിച്ച് നിയമവകുപ്പ് നിര്‍ദ്ദേശിച്ച ഭേദഗതിയോടെ മെഡിക്കോ - ലീഗല്‍ പ്രോട്ടോകോളിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയ മെഡിക്കോ - ലീഗല്‍ പ്രോട്ടോകോൾ
-നിർദിഷ്ട ഫോർമാറ്റിൽ അറസ്റ്റിലായ വ്യക്തിയുടെ വൈദ്യ പരിശോധനാ റിപ്പോർട്ട് തയ്യാറാക്കണം.
-അറസ്റ്റിലായ വ്യക്തിയുടെ മെഡിക്കോ ലീഗൽ പരിശോധനക്കുള്ള അപേക്ഷ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സേവനത്തിലുള്ള ഒരു മെഡിക്കൽ ഓഫീസർക്ക് നൽകണം. അവരുടെ അഭാവത്തിൽ മാത്രം സ്വകാര്യ ആശുപത്രിയിലെ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർക്ക് നൽകാം.
-24 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ടതിനാൽ വൈദ്യപരിശോധനക്ക് കൊണ്ടുവരുമ്പോൾ ഒ. പി രോഗികളുടെ ഇടയിൽ കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കണം.
-സ്ത്രീയെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാർ സേവനത്തിൽ ഉള്ള വനിതാമെഡിക്കൽ ഓഫീസറോ വനിതാ മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിലോ വൈദ്യ പരിശോധന നടത്തണം. അവരുടെ അഭാവത്തിൽ മാത്രം സ്വകാര്യ ആശുപത്രികളിലെ വനിതാ മെഡിക്കൽ ഓഫീസറെ സമീപിക്കാം.
-മുറിവുകളോ അക്രമത്തിലുള്ള അടയാളങ്ങളോ ഉണ്ടായാൽ ഏകദേശ സമയം രേഖപ്പെടുത്തി മെഡിക്കൽ എക്സാമിനേഷൻ റിപ്പോർട്ട് തയ്യാറാക്കണം.
-പോലീസ് കസ്റ്റഡിയിലിരിക്കെ ഏതെങ്കിലും പീഡനങ്ങളോ ശാരീരിക അക്രമങ്ങളോ ഉണ്ടായെങ്കിൽ വിവരങ്ങൾ അറസ്റ്റിലായ വ്യക്തിയോട് ചോദിച്ച് മെഡിക്കൽ ഓഫീസർ രേഖപ്പെടുത്തണം.
-നിലവിൽ അസുഖ ബാധിതനാണോ, മുൻകാല രോഗബാധയുണ്ടോ എന്നീ വിവരങ്ങളും തേടണം. നിലവിൽ മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ അതും രേഖപ്പെടുത്തണം.
-മുറിവുകൾ കണ്ടെത്തുന്നതിന് ശരീരത്തിന്റെ സമഗ്ര പരിശോധന നടത്തണം. പീഡനത്തെ സൂചിപ്പിക്കുന്ന മുറിവുകൾ, സ്വകാര്യ ഭാഗങ്ങളിലെ മുറിവുകൾ എന്നിവ ഉണ്ടോ എന്നത് പ്രത്യേകം പരിശോധിക്കണം.
-ശാരീരിക ബലപ്രയോഗം തുടങ്ങി അതിക്രമങ്ങളുടെ രീതി സൂചിപ്പിക്കുന്ന പ്രത്യേക ലക്ഷണങ്ങൾ ഉണ്ടെങ്കിൽ രേഖപ്പെടുത്തണം.
-ഗുരുതര പരിക്കെങ്കിൽ ലഭ്യമായ പരിശോധനകൾ കാലതാമസം കൂടാതെ നടത്താൻ മെഡിക്കൽ ഓഫീസർ ഉത്തരവ് നൽകണം.
-വൈദ്യപരിശോധന, ക്ലിനിക്കൽ പരിശോധന എന്നിവ സൗജന്യമായി നൽകണം. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ സ്വകാര്യ ലാബിന്റെ സേവനം തേടാം. തുക എച്ച്എംസി ഫണ്ടിൽ നിന്നോ മറ്റോ കണ്ടെത്തണം.
-പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം തേടാം. പരിശോധനക്ക് കൊണ്ടുവന്ന സ്ഥാപനത്തിൽ വിദഗ്ധരോ ജീവൻരക്ഷാ ചികിത്സനൽകുന്ന സൗകര്യങ്ങളോ ഇല്ലെങ്കിൽ മെഡിക്കൽ ഓഫീസർ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. മെഡിക്കൽ കോളേജ് ആശുപത്രി പോലുള്ള തൃതീയ പരിചരണ ആശുപത്രിയിലേക്ക് ഉടൻ റഫർ ചെയ്യണം.
-പരിശോധനയ്ക്കായി അപേക്ഷ നൽകിയ ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ, അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ ജീവൻ രക്ഷിക്കേണ്ടി വരുന്ന സാഹചര്യത്തിലൊഴികെ ആ വ്യക്തിയെ ഡോക്ടർ അഡ്മിറ്റ് ചെയ്യുകയോ റഫർ ചെയ്യുകയോ ചെയ്യരുത്.
-പരിശോധനാ റിപ്പോർട്ടിന്റെ ഒറിജിനൽ ബന്ധപ്പെട്ട പോലീസ് ഓഫീസർക്കോ അന്വേഷണ ഉദ്യോഗസ്ഥനോ പരിശോധന പൂർത്തിയാക്കിയ ഉടൻ നൽകണം. റിപ്പോർട്ടിന്റെ രണ്ടാമത്തെ പകർപ്പ് അറസ്റ്റിലായ വ്യക്തിക്കോ അദ്ദേഹം നിർദേശിക്കുന്ന വ്യക്തിക്കോ സൗജന്യമായി നൽകണം. മൂന്നാമത്തെ പകർപ്പ് ഓഫീസിൽ സൂക്ഷിക്കേണ്ടതാണ്.
-ജയിലിൽനിന്ന് രേഖാമൂലമുള്ള അഭ്യർത്ഥനപ്രകാരം റിമാൻഡ് തടവുകാരന്റെ ആരോഗ്യ പരിശോധന അംഗീകൃത മെഡിക്കൽ പ്രാക്ടീഷണർ ചെയ്യാനുള്ള മാർഗ നിർദേശം
-ദേശീയ മനുഷ്യാവകാശ കമ്മീഷൻ 17/5/ 2010 ഡി നമ്പർ 417/ 2010 പ്രകാരം മെഡിക്കൽ പരിശോധന നടത്തണം.
-ജയിൽ മെഡിക്കൽ ഓഫീസർ പരിശോധിക്കണം.
-കിടത്തി ചികിത്സ ആവശ്യമായി വന്നാൽ കാലതാമസമില്ലാതെ നൽകണം.
-ആശുപത്രിയിൽ പ്രവേശിപ്പിച്ച റിമാൻഡ് തടവുകാരുടെ ചികിത്സക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
-ഹയർ മെഡിക്കൽ സെന്ററിലെ റസിഡൻറ് മെഡിക്കൽ ഓഫീസർക്ക് ചുമതല
-റിമാൻഡ് തടവുകാർക്കും ഗാർഡ് ഡ്യൂട്ടിയിൽ ഉള്ള സിവിൽ പോലീസ് ഓഫീസർമാർക്കുമുള്ള സൗകര്യങ്ങൾ തടവുകാരുടെ വാർഡിൽ ഏർപ്പെടുത്തിയെന്ന് ആശുപത്രി മേധാവി ഉറപ്പാക്കണം.
മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ
-പട്ടികജാതി - പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ ആക്ടിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വിചാരണയ്ക്കായി 12 തസ്തികകള്‍ വീതം സൃഷ്ടിച്ചുകൊണ്ട് തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേകം കോടതികള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
-ക്രൈംബ്രാഞ്ചിലെ ലീഗല്‍ അഡ്‌വൈസര്‍ തസ്തികകളിലെ നിയമന രീതിയില്‍ മാറ്റം വരുത്തുന്നതിന് അനുമതി നല്‍കി.
-കണ്ണൂര്‍ പെരിങ്ങോം ഗവണ്‍മെന്റ് കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പയ്യന്നൂര്‍ താലൂക്കില്‍ പെരിങ്ങോം വില്ലേജിലെ 1.6410 ഹെക്ടര്‍ ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ട് കോളേജ് വിദ്യാഭ്യാസ വകുപ്പിന് കൈമാറാന്‍ തീരുമാനിച്ചു.
-ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പുതുതായി ആരംഭിച്ച ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ 14 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
-മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ക്കും തൊഴില്‍ വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) ജീവനക്കാര്‍ക്കും 11-ാം ശമ്പള പരിഷ്‌ക്കരണ പ്രകാരം പുതിയ ശമ്പളവും ആനുകൂല്യങ്ങളും അനുവദിക്കും.
-സി-ആപ്റ്റില്‍ 10-ാം ശമ്പളപരിഷ്‌ക്കരണാനുകൂല്യങ്ങള്‍ അനുവദിക്കാനും തീരുമാനിച്ചു.
-കേരള കാഷ്യൂ ബോര്‍ഡ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടറായി എ. അലക്‌സാണ്ടര്‍ ഐ എ എസ്സിനെ (റിട്ട.) മൂന്നു വര്‍ഷത്തേക്ക് നിയമിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...