പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കേപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന് സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍. കേപ്പിന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദഹം. പ്രൊഫഷണല്‍ വിദ്യാഭ്യാസം അഭിജാത ന്യൂനപക്ഷത്തിന്റെ ആര്‍ഭാടമായി മാറിയിരിക്കുന്ന കാലഘട്ടത്തിലായിരുന്നു കേപ്പ് ( കോ ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ )ആരംഭിച്ചത്. ഉന്നത വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കപ്പെടുന്ന അക്കാലത്ത് വലിയ രൂപത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം പകര്‍ന്ന സങ്കേതമായി കേപ്പിന്റെ സ്ഥാപനങ്ങള്‍ക്കു മാറാന്‍ കഴിഞ്ഞിരുന്നു. അന്നു മുതല്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ സ്വന്തമായി ആസ്ഥാന മന്ദിരമില്ലെന്ന പോരായ്മയുണ്ടായിരുന്നു. ഇപ്പോള്‍ അത് ഇപ്പോള്‍ പരിഹരിക്കപ്പെട്ടിരിക്കുന്നുവെന്നത് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. ആലപ്പുഴയിലെ സഹകരണ ആശുപത്രിയടക്കം കേപ്പിന് നിരവധി സംരംഭങ്ങളുണ്ട്. എന്നാല്‍ ലാഭകരമായി പോകുന്നത് തലശേരി മാത്രമാണ്. മറ്റിടങ്ങളില്‍ ശമ്പളം നല്‍കണമെങ്കില്‍ പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ഫണ്ട് നല്‍കണമെന്ന സ്ഥിതിയുണ്ട്. ഈ സ്ഥിതിക്ക് മാറ്റം വരുത്താന്‍ ശ്രമമുണ്ടാകണം. കോഴ്‌സുകളുടെ വൈവിദ്ധ്യവല്‍ക്കരണം അടക്കമുള്ള നടപടി സ്വീകരിച്ച് മികച്ച പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. 


സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് എങ്ങനെ മാറ്റമുണ്ടാക്കാമെന്നതിന്റെ ഉദാഹരണമാണ് കേപ്പിന്റെ പ്രവര്‍ത്തനങ്ങളെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ഗതാഗത മന്ത്രി ആന്റണിരാജു പറഞ്ഞു. കേപ്പിന്റെ സ്വപ്‌ന സാക്ഷാത്ക്കാരമാണ് ആസ്ഥാന മന്ദിരം. പ്രാദേശിക വികസനം കൂടുതല്‍ മുന്നോട്ട് പോകാന്‍ കഴിഞ്ഞത് കേപ്പിന്റെ കോളെജ് സ്ഥാപിച്ചതോടെയാണെന്നും ആസ്ഥാന മന്ദിരം കൂടി പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മുന്നോട്ട് പോകും. എല്ലാ വകുപ്പുകളുടെയും കാര്യക്ഷമമായ മുന്നോട്ട് പോക്കിന് സഹകരണ വകുപ്പ് നിര്‍ലോഭ പിന്തുണയാണ് നല്‍കുന്നത്. ഗതാഗത വകുപ്പിന് എല്ലാക്കാലത്തും സഹകരണ മേഖല വലിയ പിന്തുണയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. 


മൂന്നു നിലകളിലായി 9000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആസ്ഥാന മന്ദിരം പണി കഴിപ്പിച്ചിരിക്കുന്നത്. ആവശ്യമായ ഓഫീസ് മുറികളും അവശ്യ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ശാരീരിക വൈഷമ്യമുള്ളവര്‍ക്ക് സുഗമമായ ഉപയോഗത്തിനുതകുന്ന വിധമാണ് നിര്‍മ്മാണം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു നിര്‍മ്മാണ ചുമതല. 5000 ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണിയും 24 മണിക്കൂര്‍ ബാക്ക് അപ്പുള്ള യുപിഎസും സജ്ജീകരിച്ചിട്ടുണ്ട്.ഉദ്ഘാടന ചടങ്ങിലില്‍ സഹകരണ സെക്രട്ടറി മിനി ആന്റണി സ്വാഗതവും കെ.ബേബി ഐസക് നന്ദിയും പറഞ്ഞു. കേപ്പ് ഡയറക്ടര്‍ ഡോ.ആര്‍. ശശികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രഥമ ഡയറക്ടറെയും ജോയിന്റ് ഡയറക്ടറെയും സഹകരണ രജിസ്ട്രാര്‍ ഡോ. അദീല അബ്ദുള്ള ആദരിച്ചു. നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സ്റ്റാഫ് അസോസിയേഷനുകളുടെ നേതാക്കള്‍ കോളെജ് യൂണിയന്‍ ചെയര്‍മാന്‍ പി.അഭിലാഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.