Cartoonist Sukumar Passes Away: കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു; അന്ത്യം 91ാം വയസിൽ
കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകനായ അദ്ദേഹം അതിന്റെ ചെയർമാനും സെക്രട്ടറിയുമായിരുന്നു.
തിരുവനന്തപുരം: കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. തിരുവനന്തപുരം ആറ്റിങ്ങലാണ് അദ്ദേഹത്തിന്റെ സ്വദേശം. വീരളത്ത്മഠത്തിൽ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളിന്റേയും മകനായി 1932 ജൂലൈ 9-നാണ് എസ്.സുകുമാരൻ പോറ്റിയെന്ന സുകുമാർ ജനിച്ചത്.
1957-ൽ പോലീസ് വകുപ്പിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം 1987-ൽ വഴുതക്കാട് പോലീസ് ഹെഡ്ക്വാർട്ടേഴ്സ് സിഐഡി വിഭാഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ചു. മനഃശാസ്ത്രം എന്ന മാസികയിൽ സുകുമാർ വരച്ച 'ഡോ.മനശാസ്ത്രി' എന്ന കാർട്ടൂൺ കോളം പ്രസിദ്ധമായിരുന്നു. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകനായ അദ്ദേഹം അതിന്റെ ചെയർമാനും സെക്രട്ടറിയുമായിരുന്നു. വായിൽ വന്നത് കോതയ്ക്ക് പാട്ട് എന്ന ഹാസ്യ കവിതാ സമാഹാരത്തിന് 1996-ൽ ഹാസ്യ സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായി.
കവിത, കഥ, നോവൽ, നാടകം ഉൾപ്പെടെ അൻപതിൽപ്പരം പുസ്തകങ്ങളും സുകുമാർ രചിച്ചിട്ടുണ്ട്. സർക്കാർ കാര്യം, കോടമ്പക്കം, പ്ലഗ്ഗുകൾ, അ, കൂത്തമ്പലം, കുടുമ, ഒട്ടിപ്പോ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത ഹാസ്യ നോവലുകളാണ്.
ഹാസ്യ കഥാസമാഹാരങ്ങൾ - ഒരു നോൺ ഗസറ്റഡ് ചിരി, രാജാകേശവദാസൻ, ഞാൻ എന്നും ഉണ്ടായിരുന്നു, സുസ്‌മിതം, ഓപ്പറേഷൻ മുണ്ടങ്കുളം, ഹാസ്യം സുകുമാരം, അട്ടയും മെത്തയും, ഊളനും കോഴിയും, കൊച്ചിൻ ജോക്ക്‌സ്, കാക്കിക്കഥകൾ, സുകുമാർ കഥകൾ, അഹം നർമ്മാസ്‌മി, ഹാസ്യപ്രസാദം.
ഹാസ്യലേഖനസമാഹാരങ്ങൾ - പൊതുജനം പലവിധം, ജനം, കഷായവും മേമ്പൊടിയും, കഷായം, ചിരിചികിത്സ, സുകുമാര ഹാസ്യം.
ഹാസ്യനാടകങ്ങൾ - സോറി റോങ് നമ്പർ, തല തിരിഞ്ഞ ലോകം, ഒത്തുകളി.
മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം
''ഹാസസാഹിത്യരംഗത്തും കാർട്ടൂൺ രചനയുടെ രംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനാണ് സുകുമാർ. നർമകൈരളി എന്ന പ്രസ്ഥാനത്തിന്റെ സാരഥിയായി നിരവധി വർഷങ്ങൾ അദ്ദേഹം നടത്തിയ സേവനം എടുത്തു പറയണം.
വിദ്വേഷത്തിന്റെ സ്പർശമില്ലാത്ത നർമമധുരമായ വിമർശനം സുകുമാറിനെ വ്യത്യസ്തനാക്കി. നിശിതമായ വിമർശനം കാർട്ടൂണിലൂടെ നടത്തുമ്പോഴും വ്യക്തിപരമായ കാലുഷ്യം അതിൽ കലരാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധ വെച്ചിരുന്നു.
ഹാസസാഹിത്യ രംഗത്ത് വിലപ്പെട്ട സംഭാവനകളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. കേരളത്തിന്റെ സാംസ്കാരിക രംഗത്തിന് കനത്ത നഷ്ടമാണ് സുകുമാറിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.''
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.