കണ്ണൂര്‍: തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ കേസ്. കണ്ണൂരില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമ്പോഴാണ് ശോഭാ സുരേന്ദ്രന്‍ ഭീഷണി പ്രസംഗം നടത്തിയത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയായിരുന്നു മാര്‍ച്ച്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബൂട്ടിട്ട് ചവിട്ടും പോലെയല്ല നിയുദ്ധ പഠിച്ചവരുടെ മുറയെന്നും നിങ്ങള്‍ക്ക് ലാത്തിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ദണ്ഡുണ്ടെന്നും ശോഭ പ്രസംഗിച്ചിരുന്നു. അയ്യപ്പഭക്തരെ ഭേദ്യം ചെയ്തു കാട്ടുനീതി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് കര്‍പ്പൂരാഴിയില്‍ ചാടിയാലും അയ്യപ്പശാപത്തില്‍നിന്നു മോചനമുണ്ടാകില്ലെന്ന പരാമര്‍ശവും അവര്‍ നടത്തി.


‘അയ്യപ്പന്‍റെ പൂങ്കാവനത്തില്‍ ബൂട്ടിട്ട പൊലീസിനെ അയച്ചു സംഘര്‍ഷമുണ്ടാക്കിയ പിണറായിക്ക് അയ്യപ്പന്‍റെ ശാപം ഏറ്റുകഴിഞ്ഞു. അയ്യപ്പഭക്തരോടു കാണിച്ച ക്രൂരതയുടെ സര്‍ട്ടിഫിക്കറ്റ് ലോകം പിണറായിക്ക് നല്‍കും. അഭിനവ ഹിരണ്യകശിപുവായ പിണറായിയെ ജനം തെരുവില്‍ കുറ്റവിചാരണ നടത്തുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.


അതേസമയം, എസ്പി ജി.എച്ച്.യതീഷ് ചന്ദ്ര ചൊവ്വാഴ്ച രാത്രി സന്നിധാനത്തു ദര്‍ശനം നടത്തി. രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്ന സമയത്താണ് യതീഷ് ചന്ദ്ര ദര്‍ശനത്തിനെത്തിയത്. 30ന് യതീഷ് ചന്ദ്രയുടെ ഡ്യൂട്ടി അവസാനിക്കാനിരിക്കെയാണ് അദ്ദേഹം ദര്‍ശനത്തിനായി എത്തിയത്.