തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിലുള്ള സി-ഡിറ്റിൽ ജാതി അധിപേക്ഷ പരാതി. സ്ഥാപനത്തിലെ ജീവനക്കാരി അതേ ഓഫീസിലെ മറ്റൊരു ജീവനക്കാരിക്കെതിരെ നൽകിയ പരാതിയിൽ 23 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയില്ല. സ്ഥലംമാറ്റവും ജാതി അധിക്ഷേപവും നേരിടേണ്ടി വന്ന പരാതിക്കാരി കഴിഞ്ഞദിവസം ആത്മഹത്യക്ക് ശ്രമിച്ചു. പരാതിയിൽ ഒത്തുതീർപ്പിന് സിപിഎം നേതാക്കൾ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പരാതിയിൽ പൊലീസ് ഇടപെടൽ വലിയ വിമർശനങ്ങൾക്കാണ് വഴിവയ്ക്കുന്നത്. ഇരു കൂട്ടരെയും കഴിഞ്ഞദിവസം സ്റ്റേഷനിൽ ചർച്ചയ്ക്ക് വിളിപ്പിച്ചിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. കേസെടുക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ നടക്കുന്നതായി പറഞ്ഞ് വിഷയത്തിൽ നിന്ന് തടിതപ്പാനാണ് ശ്രമം. പരാതി ലഭിച്ചിരുന്നുവെന്ന് പൊലീസ് സമ്മതിക്കുമ്പോൾ തന്നെ, എന്തുകൊണ്ട്  കേസ് രജിസ്റ്റർ ചെയ്തില്ല എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല.


13 വർഷത്തോളമായി സി-ഡിറ്റിൽ ജോലി ചെയ്തുവരുന്ന സ്ഥിരം ജീവനക്കാരിയാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. എതിർകക്ഷിയായ സ്ഥാപനത്തിലെ ഉദ്യോഗസ്ഥ തന്നെ ഒട്ടേറെ തവണ ജാതിപരമായി അധിക്ഷേപിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു എന്നാണ് പരാതി.  നിലവിൽ ജോലി ചെയ്യുന്ന ഡിവിഷനിൽ നിന്ന് മറ്റൊരു ഡിവിഷനിലേക്ക് തന്നെ സ്ഥലം മാറ്റിയതും ഇവർ തന്നെയാണെന്നും പരാതിക്കാരി വ്യക്തമാക്കുന്നു. തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയിൽ നിന്നാണ് മാറ്റപ്പെട്ടത് എന്നും ആക്ഷേപമുണ്ട്. ഇതിനായി രാഷ്ട്രീയബന്ധം പോലും ഇവർ ദുരുപയോഗം ചെയ്യുന്നുവെന്നും പരാതിക്കാരി പറയുന്നു. ഓഫീസിലെ സഹപ്രവർത്തകരുടെ മുന്നിൽ വച്ചും ജീവനക്കാർ പങ്കെടുക്കുന്ന യോഗങ്ങളിൽ വച്ചും തന്നെ സമുദായത്തിന്റെ പേര് ഉപയോഗിച്ച് വ്യക്തിപരമായി ആക്രമിക്കാറുണ്ടെന്നും പരാതിയിലുണ്ട്.


പോലീസിൽ പരാതി നൽകി 23 ദിവസം പിന്നിടുമ്പോഴും കേസെടുക്കാനോ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനോ തയ്യാറായിട്ടില്ല. താഴ്ന്ന സമുദായത്തിൽപ്പെട്ടയാളെ അടച്ചാക്ഷേപിക്കുന്ന ഓഫീസിലെ ജീവനക്കാരിക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. ഇതിന് പിന്നാലെ കഴിഞ്ഞദിവസം പരാതിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനുശേഷം പൊലീസ് സ്റ്റേഷനിൽ നിന്ന് പോലും ഫോൺ കോളുകൾ വന്നതായി പരാതിക്കാരിയുടെ സഹപ്രവർത്തകർ വ്യക്തമാക്കുന്നു.


പരാതിക്കാരി സി-ഡിറ്റ് എംപ്ലോയീസ് അസോസിയേഷന് പരാതി കൈമാറിയതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര പരാതി പരിഹാര സെല്ലിന് രൂപം നൽകി. ഈ സമിതി റിപ്പോർട്ട് സമർപിച്ചിട്ടും പരാതിയിൽ കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല. പോലീസിൽ പരാതി നൽകിയിട്ട് ഇത്ര നാളായിട്ടും എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാത്തതിന് പിന്നിലും രാഷ്ട്രീയ സ്വാധീനമാണെന്നാണ് സൂചന. തലസ്ഥാനത്തെ ഒരു എംഎൽഎയും മുൻ എംഎൽഎയും ഈ വിഷയത്തിൽ സമ്മർദ്ദം ചെലുത്തുന്നു എന്നാണ് ആക്ഷേപം. കേസ് എടുക്കാൻ തയ്യാറാകാത്ത പോലീസ് ഒത്തുതീർപ്പ് ചർച്ചകൾക്കാണ് പ്രാധാന്യം നൽകുന്നത് എന്നും പരാതിക്കാരി ആക്ഷേപം ഉന്നയിക്കുന്നുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.