തിരുവനന്തപുരം: അഭയ കേസിന്‍റെ വിചാരണക്കിടെ കൂറുമാറുന്ന സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐ ഒരുങ്ങുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദിവസങ്ങള്‍ കഴിയുന്തോറും കൂറുമാറ്റത്തില്‍ വരുന്ന വര്‍ധനവാണ് ഇങ്ങനൊരു തീരുമാനത്തിലെത്താന്‍ സിബിഐയെ പ്രേരിപ്പിച്ചത്. ഇതുവരെ പത്തോളം പേരാണ് കേസില്‍ കൂറുമാറിയത്.


കേസില്‍ രഹസ്യമൊഴി നല്‍കിയ നാലാം സാക്ഷിയായ സഞ്ജു പി മാത്യു, ഒന്‍പതാം സാക്ഷിയായ സിസ്റ്റര്‍ അനുപമ എന്നിവര്‍ക്കെതിരെയാണ് സിബിഐ നിയമനടപടി സ്വീകരിക്കാന്‍ കോടതിയെ സമീപിക്കുന്നത്.


ക്രിമിനല്‍ ചട്ടപ്രകാരം സാക്ഷികള്‍ക്കെതിരെ കേസെടുക്കണമെന്നാണ് സൂചന. അനുമതി ലഭിച്ചാല്‍ ഈ മാസം പതിനാറോടുകൂടി കോടതിയില്‍ ഇതു സംബന്ധിച്ചുള്ള അപേക്ഷ സിബിഐ സമര്‍പ്പിക്കും. 


കോണ്‍വെന്റിലെ അടുക്കളയില്‍ സിസ്റ്റര്‍ അഭയയുടെ ശിരോവസ്ത്രവും ചെരുപ്പുകളും കണ്ടെത്തിയിരുന്നുവെന്ന് ആദ്യം മൊഴി നല്‍കിയ സിസ്റ്റര്‍ അനുപമ പിന്നീട് തന്‍റെ മൊഴി മാറ്റിയിരുന്നു.


അതേപോലെ കൊലപാതകം നടന്ന ദിവസം രാത്രിയില്‍ ഫാദര്‍ കൊട്ടൂരാന്‍റെ ഇരുചക്രവാഹനം കണ്ടുവെന്നു നേരത്തെ മൊഴി നല്‍കിയിരുന്ന സഞ്ജുവും പിന്നീട് മാറ്റിപ്പറഞ്ഞു.  ഈ സാഹചര്യത്തിലാണ് ഇനിയും ഒരു നടപടിയെടുത്തില്ലെങ്കില്‍ ബാക്കിയുള്ളവരും ഈ രീതി പിന്തുടരുമെന്ന അടിസ്ഥാനത്തില്‍ സിബിഐ രംഗത്തെത്തിയത്.