Thomas Isaac: കേരളത്തിന്റെ വികസനത്തിന് നേരെ കേന്ദ്രം കടന്നാക്രമണം നടത്തുന്നു: തോമസ് ഐസക്ക്
Thomas Isaac criticizes Centre: ഈ വർഷം അർഹതപ്പെട്ടതിൽ 11-13000 കോടി രൂപ കുറച്ചേ കേരളത്തിനു ലഭിക്കൂവെന്ന് തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: കേരള സർക്കാരിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതിന് കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന വികസനത്തിനു നേരെയുള്ള ബിജെപി കേന്ദ്ര സർക്കാരിന്റെ കടന്നാക്രമണമാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തോമസ് ഐസക്കിന്റെ വിമർശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരള സർക്കാരിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചത് സംസ്ഥാന വികസനത്തിനു നേരെയുള്ള ബിജെപി കേന്ദ്ര സർക്കാരിന്റെ കടന്നാക്രമണമാണ്. നിലവിലുള്ള നിയമ പ്രകാരം സംസ്ഥാന വരുമാനത്തിന്റെ 3 ശതമാനം പൊതുകടമെടുക്കാൻ സംസ്ഥാനത്തിന് അവകാശമുണ്ട്. ഈ വർഷം വൈദ്യുതി പരിഷ്കാരങ്ങളുടെ പേരിൽ 0.5 ശതമാനം അധികവായ്പയെടുക്കാം. അങ്ങനെ 3.5 ശതമാനം. എന്നാൽ 2 ശതമാനം വായ്പയേ അനുവദിക്കൂവെന്നാണ് കേന്ദ്ര സർക്കാർ അയച്ചിരിക്കുന്ന ഇണ്ടാസ്.
ALSO READ: കണ്ണൂർ കോർപറേഷന്റെ മാലിന്യ പ്ലാന്റിൽ വൻ തീപിടിത്തം; അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നെന്ന് നഗരസഭ
സംസ്ഥാനത്തിന്റെ പ്രതീക്ഷിത ജിഡിപി 11 ലക്ഷം കോടി രൂപയാണ്. അതിന്റെ 3.5 ശതമാനം 38000 കോടി രൂപവരും. 3 ശതമാനംവച്ച് കണക്കാക്കിയാൽപോലും 33000 കോടി രൂപ വരും. എന്നാൽ ആദ്യത്തെ 9 മാസത്തേക്കായി അനുവദിച്ചിരിക്കുന്ന തുകവച്ച് കണക്കാക്കിയാൽ നമുക്ക് 20-22000 കോടി രൂപയേ വായ്പയായി ലഭിക്കൂ. ഈ വർഷം അർഹതപ്പെട്ടതിൽ 11-13000 കോടി രൂപ കുറച്ചേ കേരളത്തിനു ലഭിക്കൂ.
എന്താണ് ഇതിനു കാരണമായി കേന്ദ്രം പറയുന്നത്?
ഇപ്പോൾ അയച്ച കത്തിൽ കാരണമൊന്നും പറയുന്നില്ല. ആദ്യത്തെ 9 മാസക്കാലത്തേക്ക് 22000 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്ത് 15390 കോടി രൂപയേ ലഭിക്കുകയുള്ളൂവെന്നു മാത്രമുള്ള അറിയിപ്പാണ്. എന്നാൽ കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പയുടെ ഒരു ഭാഗം തട്ടിക്കിഴിച്ചതുകൊണ്ടാണ് ഈ കുറവ് വന്നിരിക്കുന്നത് എന്നാണ് ഊഹം.
എന്തൊരു അന്യായമാണ് ഇത്?
കിഫ്ബി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ബജറ്റിനു പുറത്ത് എടുക്കുന്ന വായ്പകൾ ഇതുവരെ സംസ്ഥാന സർക്കാരിന്റെ വായ്പയായി കണക്കാക്കുന്നില്ല. ഇപ്പോഴും കേന്ദ്രത്തിൽ ഇങ്ങനെ എടുക്കുന്ന വായ്പ കേന്ദ്ര സർക്കാരിന്റെ വായ്പയായി കണക്കാക്കുന്നില്ല. പ്രതിവർഷം 3-4 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന തുകയ്ക്കുവേണ്ടി പൊതുമേഖലാ സ്ഥാപനങ്ങൾ വായ്പയെടുത്ത് ചെലവഴിക്കുന്നത്. കേന്ദ്ര സർക്കാർ ഈ പൊതുമേഖലാ സ്ഥാപനങ്ങൾക്കു പണം തിരിച്ചുനൽകും. കേരളത്തിന്റെ കാര്യത്തിൽ കിഫ്ബി നടപ്പാക്കുന്ന പ്രൊജക്ടുകൾ ബജറ്റ് അക്കൗണ്ടിൽ ഉൾക്കൊള്ളിച്ചവപോലും അല്ല. എന്നാലും കിഫ്ബിയുടെ വായ്പകൾ സംസ്ഥാന സർക്കാർ വായ്പയായി കണക്കാക്കുമെന്നാണ് കേന്ദ്രം പറയുന്നത്.
ഒരു പുതിയ നിയമം കേന്ദ്ര സർക്കാർ ഉണ്ടാക്കിയിരിക്കുന്നു. സംസ്ഥാനങ്ങളെ മുൻകൂറായി അറിയിച്ച് നടപ്പാക്കേണ്ടുന്ന ഒന്നല്ലേ ഇത്? ഇതിനു പകരം കേരളത്തിൽ ഈ നിയമം മുൻകൂർ പ്രാബല്യത്തോടെ നടപ്പാക്കുകയാണ്. കിഫ്ബി തുടങ്ങിയകാലം മുതൽ എടുത്ത വായ്പകൾ ഭാവിയിൽ ഗഡുക്കളായി സംസ്ഥാനത്തിന്റെ വായ്പയിൽ നിന്നും കിഴിക്കുംപോലും. ഇത് ഒരൊറ്റകാര്യം മാത്രം മതി കേന്ദ്ര സർക്കാരിന്റെ നീക്കം എത്ര ദുരുപധിഷ്ഠിതമാണെന്നു മനസിലാക്കാൻ.
പെൻഷൻ കമ്പനിയുടെ കാര്യം ഇതിലേറെ കൗതുകകരമാണ്. പാവങ്ങൾക്ക് കോവിഡ് കാലത്ത് മാസംതോറും കൊടുക്കുമെന്ന് ഉറപ്പുവരുത്താൻ ഉണ്ടാക്കിയ സംവിധാനമാണിത്. സർക്കാരിന്റെ കൈയിൽ തല്കാലം കാശില്ലെങ്കിൽ പെൻഷൻ ഫണ്ട് വായ്പയെടുത്ത് പെൻഷൻ വിതരണം മുടക്കമില്ലാതെ നടക്കും. സർക്കാർ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഈ വായ്പ തിരിച്ചടയ്ക്കും. ഇങ്ങനെ പെൻഷൻ കമ്പനി 12000 കോടി രൂപ വായ്പയെടുത്തിട്ടുണ്ട്. ഇതിൽ 10000ത്തിലേറെ കോടി രൂപ സർക്കാർ തിരിച്ച് അടച്ചിട്ടുമുണ്ട്. എന്നാൽ അസ്സൽ 2000 കോടി അല്ല, മൊത്തത്തിൽ എടുത്ത 12000 കോടി രൂപയാണ് സർക്കാർ അനധികൃതമായി വായ്പയെടുത്തത് എന്നാണ് കേന്ദ്രം വിധിച്ചിരിക്കുന്നത്. അതും ഗഡുക്കളായി ഭാവിയിൽ വെട്ടിക്കുറയ്ക്കുമത്രേ.
കഴിഞ്ഞ വർഷവും ഇത്തരത്തിൽ വെട്ടിക്കുറവു വരുത്തി. അർഹതയുള്ള 3.5 ശതമാനത്തിനു പകരം 2.2 ശതമാനമേ വായ്പയെടുക്കാൻ അനുവദിച്ചുള്ളൂ. ഈ വർഷം അത് 2 ശതമാനമായി കുറച്ചിരിക്കുകയാണ്. ഇത്ര വലിയ അനീതി നടന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ വലിയൊരു പ്രതിഷേധം ഉയരാത്തത്? യുഡിഎഫും ബിജെപിയും മാധ്യമങ്ങളും ചേർന്ന് കേരളം കടക്കെണിലാണെന്നൊരു ഒരു പൊതുബോധ്യം കേരളത്തിൽ സൃഷ്ടിച്ചിരിക്കുകയാണ്. 39 ശതമാനം കടബാധ്യതയുള്ള കേരളം കടക്കെണിയിലാണെങ്കിൽ 60 ശതമാനം കടബാധ്യതയുള്ള കേന്ദ്ര സർക്കാരല്ലേ കൂടുതൽ കടക്കെണിയിൽ? കേരളത്തിന്റെ വികസന താല്പര്യങ്ങൾക്കെതിരെ ബിജെപിക്ക് കുഴലൂത്ത് നടത്തുന്നവരായി യുഡിഎഫും മാധ്യമങ്ങളും അധ:പതിച്ചിരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...