സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയില്ലെന്ന് ആവർത്തിച്ച്  കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ്   കേന്ദ്രം തത്വത്തിൽ അനുമതി നൽകിയിട്ടുള്ളത്. കെ റെയില്‍ കൈമാറിയ ഡിപിആർ അപൂര്‍ണമാണെന്നും  പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങള്‍ ഡിപിആറില്‍ ഉണ്ടായിരുന്നില്ലെന്നും ഇവ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സിൽവർലൈൻ സർവ്വേയ്ക്ക് എതിരായ വിവിധ ഹർജികളിലായിരുന്നു  കേന്ദ്രം മറുപടി നൽകിയത്. സിൽവർലൈനിനുള്ള  സമൂഹികാഘാത പഠനത്തിന് അനുമതി നൽകിയിട്ടില്ല.  സര്‍വേയുടെ പേരിൽ  കുറ്റികൾ  സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുകയായിരുന്നു.  കേന്ദ്ര ധനമന്ത്രാലയം സില്‍വര്‍ലൈന്‍ പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്നും കോടതിയെ അറിയിക്കുകയുണ്ടായി. 


അതേസമയം സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടൽ പൂര്‍ണമായി നിര്‍ത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. കല്ലിടൽ നിർത്തിയെന്നല്ല ഉത്തരവെന്നും ഉടമകള്‍ക്ക് സമ്മതമെങ്കില്‍ അതിരടയാള കല്ലിടുമെന്നും അല്ലെങ്കിൽ കെട്ടിടങ്ങളിൽ അതിരടയാളമോ ജിയോ ടാഗ് സംവിധാനം ഉപയോഗിച്ചോ അടയാളപ്പെടുത്താമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. 


സാമൂഹികാഘാത പഠനത്തിനുള്ള അതിരടയാളം ഇടൽ ആണ് നടന്നുവരുന്നത്. സാമൂഹിക ആഘാത പഠനത്തിൻറെ വേഗത വർദ്ധിപ്പിക്കാൻ മൂന്ന് നിർദേശം മുന്നോട്ട് വെച്ചു. ഉത്തരവില്‍ ഈ മൂന്ന് രീതിക്കും അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി കെ രാജൻ പറഞ്ഞു. അതേസമയം കെ റെയിലിന്റെയും സർക്കാരിന്റെയും വിശദീകരണം കേട്ടശേഷമുള്ള കോടതിയുടെ നിർദേശം അറിഞ്ഞതിന് ശേഷമേ സാമൂഹികാഘാത പഠനത്തിനുള്ള ഡിജിറ്റൽ അടയാളപ്പെടുത്തൽ ആരംഭിക്കുകയുള്ളു. 


 കല്ലിനു പകരം ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കാമെന്ന് കഴിഞ്ഞ 16നു റവന്യു വകുപ്പ് കെ റെയിലിനു നിർദേശം നൽകിയിരുന്നെങ്കിലും ഇതുവരെ സർവേ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടില്ല.  ഇതു സംബന്ധിച്ച പൊതു നടപടിക്രമം ഭൂമിയേറ്റെടുക്കലിന്റെ സ്പെഷ്യൽ ഓഫിസർ തയാറാക്കിയിട്ടുണ്ടെന്നും രണ്ടുദിവസത്തിനകം അന്തിമമാക്കി ജില്ലകളിലേക്കു നൽകുമെന്നും കെ റെയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.