പിണറായി മന്ത്രി സഭയില്‍ എന്‍സിപി യുടെ പ്രതിനിധി യായ എകെ ശശീന്ദ്രനെ മാറ്റാന്‍ നീക്കം നടക്കുന്നതായി സൂചന.
പാര്‍ട്ടിയുടെ മറ്റൊരു എംഎല്‍എ ആയ മാണി.സി.കാപ്പനെ മന്ത്രിയാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഗതാഗത വകുപ്പിന്‍റെ ചുമതലയുള്ള എകെ ശശീന്ദ്രനെ മാറ്റണം എന്ന നിലപാടാണ് കെഎസ്ആര്‍ടിസി യിലെ ഇടത് യൂണിയനുകള്‍ക്കുള്ളത്.
യൂണിയന്‍ ഭാരവാഹികള്‍ ഇക്കാര്യം ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
പാര്‍ട്ടിക്കുള്ളിലും എകെ ശശീന്ദ്രന്‍ മാറണം എന്ന അഭിപ്രായം ഉയരുന്നതായാണ് സൂചന. .


COMMERCIAL BREAK
SCROLL TO CONTINUE READING

അതേ സമയം ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രയവും ഇടത് മുന്നണിയും എന്‍സിപിയും കണക്കിലെടുക്കും.
മന്ത്രിസ്ഥാനം എന്‍സിപിയുടെ അഭ്യന്തര കാര്യം എന്ന നിലപാടിലാണ് എല്‍ഡിഎഫ്.
എന്നാല്‍ ഇക്കാര്യത്തില്‍ എന്‍സിപി നിലപാട് അറിയിച്ചാല്‍ അക്കാര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും.


അതേസമയം കുട്ടനാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍സിപി തന്നെ മത്സരിക്കണമെന്നും ഒരു കാരണവശാലും സീറ്റ് സിപിഎമ്മി ന് നല്കരുതെന്നുമാണ് എന്‍സിപിയിലെ പൊതു വികാരം.
അതു കൊണ്ട് തന്നെ പാര്‍ട്ടി ഒറ്റകെട്ടായി നില്‍ക്കേണ്ട സാഹചര്യമാണെന്നും നേതാക്കള്‍ അഭിപ്രായപെടുന്നു.
എന്നാല്‍ മന്ത്രിയെ മാറ്റുന്നതും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുമായി  കൂട്ടികുഴയ്ക്കേണ്ട കാര്യമില്ലെന്നും ചില നേതാക്കള്‍ അഭിപ്രായപെടുന്നു.
മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ചുള്ള ചര്‍ച്ചകളൊന്നും എല്‍ഡിഎഫില്‍ ഔദ്യോഗികമായി തുടങ്ങിയിട്ടില്ല.
എന്‍സിപി നേതാക്കളും മന്ത്രിയെ മാറ്റുന്ന കാര്യം എല്‍ഡിഎഫിനെ അറിയിച്ചിട്ടില്ല.
എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഔദ്യോഗിക സ്വഭാവം കൈവരിക്കുകയാണെങ്കില്‍ മന്ത്രിസ്ഥാനത്തേക്ക് വരുന്നതില്‍ മാണി.സി.കാപ്പന്‍ തയ്യാറായേക്കും.