സിപിഎമ്മിന്റെ പ്രണയ തട്ടിപ്പിൽ കെവി തോമസ് കുടുങ്ങരുതെന്ന് ചെറിയാൻ ഫിലിപ്പ്
സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കാൻ കെവി തോമസ് അനുമതി തേടിയിരിക്കുന്ന സാഹചര്യത്തിലാണ് ചെറിയാൻ ഫിലിപ്പിന്റെ വിമർശനം.
തിരുവനന്തപുരം: പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം എന്ന് ചെറിയാൻ ഫിലിപ്പ്. സിപിഎമ്മിന്റെ പ്രണയ തട്ടിപ്പിൽ കെ.വി തോമസ് ദയവായി കുടുങ്ങരുതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കാൻ കെവി തോമസ് അനുമതി തേടിയിരിക്കുന്ന സാഹചര്യത്തിലാണ് ചെറിയാൻ ഫിലിപ്പിന്റെ വിമർശനം. ഫേസ്ബുക്കിലൂടെയാണ് സിപിഎമ്മിനെതിരെ ചെറിയാൻ ഫിലിപ്പ് വിമർശനം ഉന്നയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
''സി പി എം ന്റെ പ്രണയ തട്ടിപ്പിൽ കെ.വി തോമസ് ദയവായി കുടുങ്ങരുതെന്ന് ചെറിയാൻ ഫിലിപ്പ്
പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി പി എം. യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സി പി എം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോദ്ധ്യപ്പെട്ടത്. ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തിൽ ജനിച്ചു വളർന്ന കെ.വി തോമസിന് സി പി എം ന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല.''
സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുന്നതിന് കെ വി തോമസിനും, ശശി തരൂരിനും കെപിസിസി നേതൃത്വം നേരത്തെ അനുമതി നിക്ഷേധിച്ചിരുന്നു. ഇത് അവഗണിച്ചാണ് സെമിനാറിൽ പങ്കെടുക്കുന്നതിന് അനുമതി തേടി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കെവി തോമസ് കത്ത് നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA