തിരുവനന്തപുരം: സിപിഎമ്മിനെ കടന്നാക്രമിച്ച് ചെറിയാൻ ഫിലിപ്പ്. പാർട്ടി സംസ്ഥാന കമ്മറ്റി മുതൽ ബ്രാഞ്ച് വരെയുള്ള വിവിധ ഘടകങ്ങളിൽ മത തീവ്രവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും പല ജില്ലകളിലും ഇപ്പോൾ സി പി എം വിഭാഗീയത ജാതി-മത അടിസ്ഥാനത്തിലാണെന്നും കെപിസിസി പഠനകേന്ദ്രം ഡയറക്ടർ കൂടിയായ ചെറിയാൻ ഫിലിപ്പ് വിമർശിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മത സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന പലരുമാണ് ഇപ്പോൾ സിപിഎം സഹയാത്രികരായിട്ടുള്ളത്. ഇവർ മുഖേനയാണ് സിപിഎം വർഗ്ഗീയ പ്രീണന നയം നടപ്പാക്കുന്നത്. ആരാധനാലയങ്ങളുടെ ഭരണ സമിതികളിലും സമുദായ സംഘടനകളിലും കയറിപ്പറ്റി ആധിപത്യം സ്ഥാപിക്കുകയെന്ന അടവുനയം സിപിഎമ്മിന് തിരിച്ചടിയായിട്ടുണ്ട്. വർഗ്ഗീയ ശക്തികളാണ് പലയിടത്തും ഇപ്പോൾ സിപിഎം കീഴ്ഘടകങ്ങളെ നിയന്ത്രിക്കുന്നതെന്നും ചെറിയാൻ പിലിപ്പ് ആരോപിച്ചു. 


ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഒരുപോലെ അപകടകരമാണെങ്കിലും സിപിഎമ്മിന്റെ ഔദ്യോഗിക നയം വ്യക്തമല്ല. ഇക്കാര്യത്തിൽ എം വി ഗോവിന്ദന്റെ അഭിപ്രായം പാർട്ടി നയമാണോയെന്ന് വ്യക്തമാക്കണം. പ്രണയിക്കുന്നവരെ മത പരിവർത്തനം നടത്തിയ ശേഷം വിവാഹം കഴിച്ച നിരവധി ഡി വൈ എഫ് ഐക്കാർ കേരളത്തിലുണ്ട്. ഇവരെ ആരെയും പാർട്ടി തള്ളിപ്പറഞ്ഞിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി.


അടുത്തിടെ കോൺഗ്രസിലേക്ക് തിരികെയെത്തിയ നേതാവാണ് ചെറിയാൻ ഫിലിപ്. എകെ ആന്റണിയുടെ ഏറ്റവും വിശ്വസ്തനായിരുന്ന അദ്ദേഹം 2001 ൽ കോൺഗ്രസ് വിട്ട് ഇടതുമുന്നണിയ്ക്കൊപ്പം ചേർന്നു. പിന്നീടുള്ള രണ്ട് പതിറ്റാണ്ടുകളിൽ സിപിഎം സഹയാത്രികനായിട്ടായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം. കെടിഡിസി ചെയർമാൻ, കൈരളി ടിവി കൺസൾട്ടന്റ്, നവകേരള മിഷൻ കോ ഓർഡിനേറ്റർ തുടങ്ങി ഒട്ടേറെ പദവികൾ അദ്ദേഹത്തിന് സിപിഎം സമ്മാനിച്ചിരുന്നു. സിപിഎമ്മിനൊപ്പം നിന്ന കാലഘട്ടത്തിൽ 2001 ൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയ്ക്കെതിരേയും 2006 ൽ കല്ലൂപ്പാറയിൽ ജോസഫ് എം പുതുശ്ശേരിയ്ക്കെതിരേയും 2011 ൽ വട്ടിയൂർക്കാവിൽ കെ മുരളീധരനെതിരേയും ചെറിയാൻ ഫിലിപ് മത്സരിച്ചിട്ടുണ്ട്.


2021 ഒക്ടോബറിൽ ചെറിയാൻ ഫിലിപ് കോൺഗ്രസിലേക്ക് തിരികെ പോവുകയായിരുന്നു. രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേറ്റതോടെയായിരുന്നു ചെറിയാൻ ഫിലിപ്പിന് സിപിഎമ്മിനോടുള്ള ബന്ധത്തിൽ ഇടിവ് തുടങ്ങിയത്. തന്റെ രാഷ്ട്രീയ ജീവിതം തിരികെ പിടിക്കുന്നതിനായിട്ടാണ് കോൺഗ്രസിലേക്ക് തിരികെ പോകുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ടായിരുന്നു സിപിഎമ്മിന് വേണ്ടി ഓരോ അവസരത്തിലും രംഗത്ത് വന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.