തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയാവാൻ അർഹതയുള്ളത് ചാണ്ടി ഉമ്മനെന്ന് ചെറിയാൻ ഫിലിപ്പ്. സ്വന്തം അധ്വാനവും കഴിവും കൊണ്ടാണ് ചാണ്ടി ഉമ്മൻ ദേശീയ - സംസ്ഥാന തലങ്ങളിൽ യൂത്ത് കോൺഗ്രസ് നേതാവായത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നഗ്ന പാദനായി കീലോമീറ്ററുകളാണ് അ​ദ്ദേഹം നടന്നത്. സമീപ ഭാവിയിൽ ചാണ്ടി ഉമ്മന് നേതൃത്വനിരയിൽ വലിയ സ്ഥാനം ലഭിക്കുമെന്ന് തീർച്ചയാണെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:


''ചാണ്ടി ഉമ്മൻ അനന്തരാവകാശി: ചെറിയാൻ ഫിലിപ്പ്


ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയാവാൻ എല്ലാ വിധ അർഹതയുമുള്ളത് ചാണ്ടി ഉമ്മനാണ്.


ജനിച്ച നാൾ മുതൽ രാഷ്ട്രീയവായു ശ്വസിക്കുകയും കോൺഗ്രസിന്റെ സംസ്ക്കാരവും ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന രീതിയും മനസ്സിലാക്കുകയും ചെയ്ത ചാണ്ടി ഉമ്മൻ സ്വന്തം അദ്ധ്വാനവും കഴിവും കൊണ്ടാണ് ദേശീയ -സംസ്ഥാന തലങ്ങളിൽ യൂത്ത് കോൺഗ്രസ് നേതാവായത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നഗ്ന പാദനായി അനേക കിലോമീറ്റർ നടന്നയാളാണ്.


ഞാൻ കോൺഗ്രസിലേക്ക് മടങ്ങി വന്നയുടൻ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തിയപ്പോൾ ആദ്യം അദ്ദേഹത്തോട് സംസാരിച്ചത് ചാണ്ടിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചാണ്. ഇക്കാര്യം താൻ ആരോടും പറയില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഉറച്ച നിലപാട്. അവിചാരിതമായി അവിടേക്ക് കടന്നുവന്ന എം എം ഹസ്സനും കെ സി ജോസഫും ചർച്ചയിൽ പങ്കാളിയായി. ഒരു വീട്ടിൽ നിന്നും ഒരാൾ മതി എന്ന തന്റെ നിലപാട് ഉമ്മൻ ചാണ്ടി ആവർത്തിച്ചു.


ഉമ്മൻ ചാണ്ടിയുടെ അറിവു കൂടാതെ കെ.സി.വേണുഗോപാൽ മുൻ കൈ എടുത്താണ് പിന്നീട് ചാണ്ടി ഉമ്മനെ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ഔട്ട് റീച്ച് വിഭാഗം ചെയർപെഴ്സൺ ആക്കുന്നത്.


കോൺഗ്രസിൽ ഒരു തലമുറ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നതിനാൽ സമീപ ഭാവിയിൽ ചാണ്ടി ഉമ്മന് നേതൃത്വനിരയിൽ വലിയ സ്ഥാനം ലഭിക്കുമെന്ന് തീർച്ച.


1999-ൽ അച്ചു ഉമ്മനെ മാർ ഇവാനിയോസ് കോളജ് യൂണിയൻ ചെയർമാൻ ആക്കാനും കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയാക്കാനും ഞാനും ശരത്ചന്ദ്രപ്രസാദും കൂടി മുൻ കൈ എടുത്തപ്പോൾ ഉമ്മൻ ചാണ്ടി എതിർക്കുകയാണുണ്ടായത്. വിവാഹ ശേഷം അച്ചു സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറി.


മൂത്ത മകൾ മറിയ ഉമ്മൻ കുട്ടിക്കാലം മുതൽ നല്ല രാഷ്ട്രീയ ബോധമുള്ളയാളാണ്. മറിയയും അച്ചുവും മലയാളത്തിലും ഇംഗ്ലീഷിലും നല്ല പ്രാസംഗികരായിരുന്നു. ജനിച്ച നാൾ മുതൽ മുന്നു മക്കളോടും അടുപ്പമുണ്ടായിരുന്ന ഞാൻ എന്നും അവരെ പ്രോഝാഹിപ്പിച്ചിരുന്നു. വനിതകൾക്ക് രാഷ്ട്രീയത്തിൽ സാദ്ധ്യതയേറി വരുന്ന ഇക്കാലത്ത്  മറിയയും അച്ചുവും രാഷ്ട്രീയത്തിൽ വന്നാൽ അവരേയും വരവേൽക്കാൻ കോൺഗ്രസ് പാർട്ടിയും പ്രവർത്തകരും തയ്യാറാകും.


1976-ൽ മാർ ഇവാനിയോസ് കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.മുരളീധരനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചപ്പോൾ അന്നത്തെ കെ.എസ്.യു സംസ്ഥാന  ജനറൽ സെക്രട്ടറിയായിരുന്ന എന്നെ വിളിച്ചു വരുത്തി കെ.കരുണാകരനും കല്യാണിക്കുട്ടിയമ്മയും വിലക്കുകയാണ് ചെയ്തത്. രാഷ്ട്രീയ തല്പരനായിരുന്ന മുരളി അതിൽ നിരാശനായിരുന്നു.


വർഷങ്ങൾക്കു ശേഷം മുരളീധരനെ ലോക്സഭാ സ്ഥാനാർത്ഥിയാക്കിയതും കെ.പി.സി.സി പ്രസിഡണ്ടാക്കിയതും എ.കെ.ആന്റണിയാണ്. 1998 ൽ പത്മജയെ രാഷ്ട്രീയത്തിൽ കൊണ്ടുവരണമെന്ന് കെ.കരുണാകരനോട് ആവശ്യപ്പെട്ടത് ഞാനാണ്. എന്റെ നിർദ്ദേശം മാനിച്ചാണ് എ.കെ.ആന്റണി പത്മജയെ കെ.ടി.ഡി.സി ചെയർമാനാക്കിയത്.


കെ.കരുണാകരന്റെയും ഉമ്മൻ ചാണ്ടിയുടെയും ജീവിക്കുന്ന സ്മാരകങ്ങളായ മക്കൾക്ക് കേരള ജനതയുടെയും കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിൽ എന്നും സ്ഥാനമുണ്ടായിരിക്കും.''



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.