അവർ ഇനി ഭൂരഹിതരല്ല!!! ഭൂരഹിതരായ പട്ടിക വർഗ്ഗക്കാർ ഇല്ലാത്ത ജില്ലയായി മാറാൻ തിരുവനന്തപുരം
ചെറ്റച്ചലിലെ ഭൂസമരം കൂടി ഒത്തുതീർപ്പായത്തോടെയാണ് ഇതിനായി വഴി തുറന്നത്.
തിരുവനന്തപുരം: ചെറ്റച്ചലിൽ 20 വർഷമായി തുടർന്ന് വന്ന ഭൂസമരം അവസാനിച്ചതോടെ അപൂർവ നേട്ടത്തിന് ഒരുങ്ങുകയാണ് തിരുവനന്തപുരം ജില്ല. ഇവിടെ സമരം ചെയ്തിരുന്ന 33 കുടുംബങ്ങൾക്ക് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ കൈവശ രേഖ കൈമാറി. ഇതോടെ ഓഗസ്റ്റ് മാസം വരെ തലസ്ഥാന ജില്ലയിൽ അപേക്ഷ നൽകിയ പട്ടിക വർഗ്ഗക്കാർക്ക് മുഴുവൻ ഭൂമി നൽകി കഴിയും.
ഭൂപ്രശ്നങ്ങളിൽ ശരിയായ ഇടപെടൽ നടത്തി അർഹരായവരെ ഭൂമിക്ക് അവകാശികളാക്കുക എന്നതാണ് സർക്കാർ നയമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സ്വന്തമായി ഭൂമിയും തല ചായ്ക്കാനൊരിടവും ഏതൊരു വ്യക്തിയുടേയും ജീവിത സ്വപ്നങ്ങളിലൊന്നാണ്. എന്നാല്‍, ഇവിടെ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥകളാല്‍ അതിന് കഴിയാതെ പോയ അനേകായിരം മനുഷ്യരുണ്ട്. ഇവരിലേറെ പങ്കും പാർശ്വവത്കരിക്കപ്പെട്ട പട്ടികജാതി പട്ടികവർഗ്ഗ വിഭാഗ ജനതയാണ്. ഭൂമിയും വീടുമടക്കം ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങള്‍ രണ്ടാം പിണറായി സർക്കാർ ഇവർക്കായി നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
Also Read: അട്ടപ്പാടി മധുവധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവിന് ഇടക്കാല സ്റ്റേ
പട്ടികവർഗ വിഭാഗത്തിൽ പെടുന്നവർക്ക് ഭൂമി പതിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് 2003ലാണ് ആദിവാസി ക്ഷേമസഭയുടെ നേതൃത്വത്തിൽ ചെറ്റച്ചലിൽ സമരം ആരംഭിച്ചത്. എന്നാൽ നിയമ പ്രശ്നം മൂലം ഭൂമി വിട്ടു നൽകാനാവില്ല എന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. തുടർന്ന് മന്ത്രി കെ രാധകൃഷ്ണൻ വിളിച്ച ഉന്നതതല യോഗത്തിലാണ് സമരക്കാർക്ക് ഭൂമി വിട്ട് നൽകാൻ തീരുമാനമായത്. ചെറ്റച്ചലിൽ സമരം അവസാനിച്ചതോടെ ഭൂ സമരങ്ങളില്ലാത്ത ജില്ലയായി തിരുവനന്തപുരം മാറും. ചെറ്റച്ചൽ സമരഭൂമിയിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ അഡ്വ . ജി. ആർ അനിൽ, ആന്റണി രാജു, ഡി കെ മുരളി എം എൽ എ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...