തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെ രൂക്ഷമായി വിമര്‍ശിച്ച് ടിക്കാറാം മീണ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ശേഷം ശ്രീധരന്‍പിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്ന് ടിക്കാറാം മീണ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിന്ശേഷവും പുറത്തുപോയി വീണ്ടും വിഡ്ഢിത്തം പറയുന്നതാണ് ശ്രിധരന്‍ പിള്ളയുടെ പതിവെന്നും മീണ വിമര്‍ശിച്ചു. ശ്രീധരന്‍പിള്ളയുടേത് ഇരട്ടത്താപ്പാണെന്നും ഇത്തരക്കാരെ എങ്ങനെ വിശ്വസിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.


എന്നാല്‍ തനിക്കെതിരെ വിമർശനം ഉന്നയിച്ച മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള രംഗത്തെത്തി. മീണയും താനും നിയമത്തിന് അതീതരല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഒരു ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.


അതേസമയം വിവാദ പരാമര്‍ശത്തില്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ബാലാക്കോട്ട് ഉന്നയിച്ചുള്ള മുസ്ലീം വിരുദ്ധ പരാമര്‍ശത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


ആറ്റിങ്ങലില്‍ വെച്ചാണ് ശ്രീധരന്‍ പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്. ബാലാകോട്ട് കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്നവരുണ്ട്. ഭീകരവാദികള്‍ക്ക് തിരിച്ചടി കൊടുത്ത ശേഷം തിരിച്ചുവന്ന സൈനികരോട് എത്രപേര്‍ അവിടെ കൊല്ലപ്പെട്ടുവെന്ന കണക്കെടുക്കണമെന്ന് രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി എന്നിവര്‍ പറഞ്ഞിരുന്നു. 


ഈ പശ്ചാത്തലത്തില്‍ ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ വിവാദ പരാമര്‍ശം.


എന്നാല്‍ കേസിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് ശ്രീധരന്‍ പിള്ളയുടെ വാദം. പിന്നില്‍ ഉന്നത സിപിഎം നേതാക്കളും, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമുണ്ടെന്നും പ്രസംഗത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ഒരു വാക്ക് പോലും ഇല്ലെന്നും ഒരു മതത്തെ കുറിച്ചും പരാമര്‍ശമില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.