CM`s new car: മുഖ്യമന്ത്രിയുടെ പുതിയ കാര്‍ എത്തി... കാണാം കേരള സ്റ്റേറ്റ് 1, കറുത്ത കിയ കാര്‍ണിവല്‍
CM`s new car KIA Carnival: ആറ് മാസം മുന്‍പായിരുന്നു കറുത്ത ഇന്നൊവ ക്രിസ്റ്റ കാർ മുഖ്യമന്ത്രിയ്ക്കായി വാങ്ങിയത്. വീണ്ടും വാഹനം മാറ്റുന്നത് വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ത് ചെയ്താലും അത് വാര്‍ത്തയാണ്. അദ്ദേഹം സഞ്ചരിക്കുന്ന വാഹനം മാറ്റിയാലും വാഹനത്തിന്റെ നിറം മാറ്റിയാലും പോലും അങ്ങനെ തന്നെ. മുഖ്യമന്ത്രിയ്ക്കായി പുതിയ കാര്‍ വാങ്ങിക്കുന്നതും അടുത്തിടെ വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയയുടെ 'കാര്‍ണിവല്‍' സീരീസിലെ ലിമോസിന്‍ കാര്‍ ആണ് മുഖ്യമന്ത്രിക്കായി വാങ്ങിയത്. കേരള സ്റ്റേറ്റ് 1 എന്ന ബോര്‍ഡ് പതിപ്പിച്ച പുതിയ കറുത്ത കിയ കാര്‍ണിവലിന്റെ ചിത്രം പുറത്ത് വന്നുകഴിഞ്ഞു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ കാര്‍ വിവാദം വീണ്ടും തലപൊക്കുകയും ചെയ്തു.
മുമ്പ് മുഖ്യമന്ത്രിയായപ്പോള്‍ വെളുത്ത ടൊയോട്ട ഇന്നൊവ ആയിരുന്നു മുഖ്യമന്ത്രി ഉപയോഗിച്ചിരുന്നത്. അതിന് മുമ്പ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇന്നൊവ തന്നെ ആയിരുന്നു വാഹനം. പിണറായി വിജയന്‍ പിന്നീട് കറുത്ത ഇന്നൊവ ക്രിസ്റ്റയിലേക്ക് മാറുകയും ചെയ്തു. 2022 ജനുവരിയില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് രണ്ട് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകള്‍ എത്തിയത്. ആറ് മാസത്തിനുള്ളില്‍ വീണ്ടും പുതിയ വാഹനം വാങ്ങുന്നു എന്നതായിരുന്നു വിമര്‍ശനത്തിന് ആധാരം.
സുരക്ഷാ വിഷയങ്ങള്‍ അടക്കം നോക്കി സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശ പരിഗണിച്ചാണ് മുഖ്യമന്ത്രിയ്ക്ക് പുതിയ വാഹനം വാങ്ങിയിരിക്കുന്നത്. 33.1 ലക്ഷം രൂപയാണ് പുതിയ കാറിന്റെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ മൂന്ന് ഇന്നോവ ക്രിസ്റ്റ് കാറുകള്‍ക്കൊപ്പം ഒരു ടാറ്റ ഹാരിയറും വാങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അന്ന് ഹാരിയര്‍ വാങ്ങിയിരുന്നില്ല. അതിന് പകരമാണ് ഇപ്പോള്‍ കിയ കാര്‍ണിവല്‍ വാങ്ങിയിരിക്കുന്നത് എന്നാണ് പറയുന്നത്. എന്തായാലും ഹാരിയറിനേക്കാള്‍ വില കൂടുതലുള്ള കാര്‍ ആണ് കിയ കാര്‍ണിവല്‍.
ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളാണ് കിയ. ഇന്ത്യയില്‍ കിയ ഇന്ത്യ എന്ന പേരിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ദക്ഷിണ കൊറിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളാണ് ഇവര്‍. കാര്‍ നിര്‍മാതാക്കളിലെ വമ്പന്‍മാരായ ഹ്യുണ്ടായി ആണ് ഇവരുടെ പാരന്റ് കമ്പനി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...