കേരളവും യുഎഇയും തമ്മിൽ ചരിത്രപരമായ ബന്ധമെന്ന് മുഖ്യമന്ത്രി; യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
കോവിഡ് വെല്ലുവിളികളെ യുഎഇ അതിജീവിച്ചിരിക്കുകയാണെന്ന് അബ്ദുല്ല ബിൻ തൗഖ് അൽ മാരി പറഞ്ഞു
യുഎഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തിപ്പെട്ടതായി യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി. ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി ദുബായിൽ നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു മന്ത്രിയുടെ പരമാർശം.
ഇന്ത്യയും വിശേഷിച്ച് കേരളവും യുഎഇയും തമ്മിൽ ചരിത്രപരമായ ബന്ധമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. മലയാളികൾ ഉൾപ്പെടെയുള്ളവരുടെ രണ്ടാം വീടാണ് യുഎഇ. യുഎഇയിലെ പുതിയ നിയമങ്ങൾ മലയാളികൾ അടക്കമുള്ള കച്ചവടക്കാർക്ക് ഏറെ ഉപകാരപ്രദമാണ്. ചെക്ക് മടങ്ങൽ നിയമം ഇതിൽ പ്രധാനപ്പെട്ടതാണ്. ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. യുഎഇ സർക്കാർ മേഖലയിൽ നിന്നും സ്വകാര്യ മേഖലകളിൽ നിന്നുമുള്ള നിക്ഷേപകരെ മുഖ്യമന്ത്രി കേരളത്തിലേക്ക് സ്വാഗതം ചെയ്തു. ഇതിനായി സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
കോവിഡ് വെല്ലുവിളികളെ യുഎഇ അതിജീവിച്ചിരിക്കുകയാണെന്ന് അബ്ദുല്ല ബിൻ തൗഖ് അൽ മാരി പറഞ്ഞു. വാണിജ്യ വ്യവസായ മേഖലകളിൽ നൂതനമായ പദ്ധതികളാണ് യുഎഇ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. നൂറു ശതമാനം ഉടമസ്ഥാവകാശം നൽകുന്ന നിയമം, ചെക്ക് മടങ്ങൽ ക്രിമിനൽ കുറ്റമല്ലാതാക്കിയ ഭേദഗതി, ദീർഘകാല വിസ മുതലായവ യുഎഇയെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ രാജ്യങ്ങളിൽ ഒന്നാക്കി മാറ്റിയിട്ടുണ്ട്. യുഎഇയിൽ രണ്ട് ലക്ഷത്തോളം പുതിയ തൊഴിലുകളാണ് സൃഷ്ടിക്കാൻ പോകുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഇത് ഏറെ ഗുണംചെയ്യുമെന്നും യുഎഇ സാമ്പത്തികകാര്യ മന്ത്രി പറഞ്ഞു.
ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സിറ്റിയിലെ സാമ്പത്തിക വകുപ്പ് കാര്യാലയത്തിൽ ആയിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി, യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, നോർക്ക വൈസ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എംഎ യൂസഫലി ഉൾപ്പെടെയുള്ളവരെ സ്വീകരിക്കാൻ യുഎഇ മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നേരിട്ടെത്തിയിരുന്നു. സാമ്പത്തിക വകുപ്പ് അണ്ടർ സെക്രട്ടറി ജുമാ മുഹമ്മദ് അൽ കൈത്ത്, വാണിജ്യ വിഭാഗം അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് അൽ നെയിമി എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...