CM Pinarayi Vijayan: ദുഷ്പ്രചരണം എല്ലാ സീമകളും ലംഘിച്ചു; വ്യാജവാർത്തകളിലൂടെ കേരളം അവഹേളിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി
കേന്ദ്ര സര്‍ക്കാര്‍പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് തയ്യാറാക്കിയ മെമ്മോറാണ്ടമാണ് കേരളം നല്‍കിയത്.
തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച കണക്കിൽ വിവാദങ്ങൾ ഉയർന്നതോടെ പ്രതികരണവുമായി മുഖ്യമന്ത്രി. വയനാട് ദുരന്തത്തിലെ കണക്കുവിവാദത്തിൽ മാധ്യമങ്ങളെ കടുത്ത ഭാഷയിൽ മുഖ്യമന്ത്രി വിമർശിച്ചു. ദുഷ്പ്രചരണം എല്ലാ സീമകളും ലംഘിച്ചു. വ്യാജവാർത്തകളിലൂടെ കേരളം അവഹേളിക്കപ്പെട്ടു. മെമ്മോറാണ്ടത്തിന്റെ കണക്കുകൾ ചെലവിന്റെ കണക്കായി വ്യാഖ്യാനിച്ചു. ഇത് നശീകരണ മാധ്യമപ്രവർത്തനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആരും ഞെട്ടിപ്പോകുന്ന തരത്തിലാണ് മാധ്യമങ്ങള്‍ കണക്കുകള്‍ അവതരിപ്പിച്ചത്. വയനാട് ദുരന്തത്തിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തു എന്ന ആരോപണവുമായി പ്രതിപക്ഷത്തെ പ്രധാന നേതാക്കളും ആരോപിച്ചു. 'അസത്യം പറക്കുമ്പോള്‍ സത്യം അതിന്‍റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'. അങ്ങനെ മുടന്താനെ സർക്കാർ വാർത്താക്കുറിപ്പിന് പോലും കഴിഞ്ഞുള്ളുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളം കണക്കുകള്‍ പെരുപ്പിച്ച് പറഞ്ഞ് അനര്‍ഹമായ കേന്ദ്ര സഹായം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന വ്യാജ കഥ വലിയൊരു വിഭാഗം ജനങ്ങളുടെ മനസ്സിലേക്ക് കടന്നു കയറി. കേരളീയരും ഇവിടത്തെ സര്‍ക്കാരും ജനങ്ങളും ലോകത്തിനു മുന്നില്‍ അവഹേളിക്കപ്പെട്ടു. അതുകൊണ്ടാണ് ഇത് കേവലമായ വ്യാജ വാര്‍ത്താ പ്രചാരണമോ മാധ്യമ ധാര്‍മ്മികതയുടെ പ്രശ്നമോ അല്ല എന്ന് പറയേണ്ടിവരുന്നത്. വ്യാജ വാര്‍ത്തകളുടെ വലിയ പ്രശ്നം നുണകളല്ല, ആ നുണകളുടെ പിന്നിലെ അജണ്ടയാണ്. ആ അജണ്ട ഈ നാട്ടിനും ജനങ്ങള്‍ക്കുമെതിരായ ഒന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read: Vaazha Ott Streaming: "വാഴ "ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?
ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതരായ 131 കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതം നല്‍കി. എസ്.ഡി.ആര്‍.എഫില്‍ നിന്ന് 4 ലക്ഷവും സി.എംഡിആര്‍.എഫില്‍ നിന്ന് 2 ലക്ഷവും വീതമാണ് നല്‍കിയത്. ഇതിനായി എസ്.ഡി.ആര്‍.എഫില്‍ നിന്ന് 5,24,00,000 രൂപയും സി.എം.ഡി.ആര്‍.എഫില്‍ നിന്ന് 2,62,00,000 രൂപയും ചെലവഴിച്ചു. മരണപ്പെട്ട 173 പേരുടെ സംസ്കാര ചടങ്ങുകള്‍ക്കായി കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം നല്‍കി.
ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രിവാസം ആവശ്യമായി വന്ന 26 പേര്‍ക്ക് 17,16,000 രൂപ സഹായമായി നല്‍കി. ഇതില്‍ 4,16,000 രൂപ എസ്.ഡി.ആര്‍.എഫില്‍ നിന്നും 13 ലക്ഷം രൂപ സി.എം.ഡി.ആര്‍.എഫി ല്‍ നിന്നുമാണ് അനുവദിച്ചത്.
ദുരന്തത്തില്‍ പരുക്കേറ്റ് ഒരാഴ്ചയില്‍ താഴെ മാത്രം ആശുപത്രിയില്‍ കഴിഞ്ഞ 8 പേര്‍ക്കായി എസ്.ഡിആര്‍എഫ് ല്‍ നിന്ന് 43,200 രൂപയും സി.എം.ഡി.ആര്‍.എഫില്‍ നിന്ന് 4 ലക്ഷം രൂപയും വീതം അനുവദിച്ചു. ആകെ 4,43,200 രൂപ ഈയിനത്തില്‍ ചെലവഴിച്ചു.
ദുരന്ത ബാധിതരായ 1013 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം നല്‍കി. എസ്.ഡി.ആര്‍.എഫില്‍ നിന്ന് 5000 രൂപയും സി.എം.ഡി.ആര്‍.എഫില്‍ നിന്ന് 5000 രൂപ വീതവുമാണ് നല്‍കിയത്. 1,01,30,000 രൂപ ഇതിനായി ചെലവഴിച്ചു.
ദുരന്ത ബാധിത കുടുംബങ്ങളിലെ 1694 പേര്‍ക്ക് ഉപജീവന സഹായമായി ദിവസം 300 രൂപ വീതം നല്‍കി. 30 ദിവസത്തേക്ക് 1,52,46,000 രൂപ ഈയിനത്തില്‍ നല്‍കിയിട്ടുണ്ട്.
കിടപ്പ് രോഗികളായ 33 ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രത്യേക ധനസഹായമായി 2.97 ലക്ഷം രൂപ നല്‍കി.
722 കുടുംബങ്ങള്‍ക്ക് പ്രതിമാസ വാടക 6000 രൂപ (പ്രതിദിനം 200 രൂപ) വീതം നല്‍കി വരുന്നു. ആദ്യമാസ വാടക ആയി ഇതുവരെ ഈയിനത്തില്‍ 24,95,800 രൂപ ചെലവഴിച്ചു. (വ്യത്യസ്ത ദിവസങ്ങളില്‍ വാടക വീടുകളിലേക്ക് ആളുകള്‍ മാറിയത് കൊണ്ട് ദിവസം 200 രൂപ എന്ന കണക്കിനാണ് വാടക ആദ്യമാസത്തില്‍ നല്‍കിയിട്ടുള്ളത്)
649 കുടുംബങ്ങള്‍ക്ക് ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള ബാക്ക് റ്റു ഹോം കിറ്റുകളും നല്‍കി.
ഇത് കൂടാതെ ദുരിതാശ്വാസ ക്വാമ്പിലെ 794 കുടുംബങ്ങളെ 28 ദിവസം കൊണ്ട് താല്‍ക്കാലികമായി പുനരധിവസിപ്പിച്ചു.
ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ സര്‍ക്കാര്‍ എല്‍പി സ്കൂളും വെള്ളാര്‍മല സര്‍ക്കാര്‍ വൊക്കേഷണള്‍ ഹയര്‍സെക്കന്‍ററി സ്കൂളും മേപ്പാടിയില്‍ താല്‍ക്കാലികമായി തുറന്നു. ദുരന്തമേഖലയിലെ 607 വിദ്യാര്‍ത്ഥികളുടെ പഠനം പുനരാംഭിച്ചു. ദുരന്തത്തിന്‍റെ അമ്പതാം ദിവസം തേയിലത്തോട്ടങ്ങളില്‍ ജോലി പുനരാരംഭിച്ചു.
നാല് മന്ത്രിമാരടങ്ങുന്ന മന്ത്രിസഭ ഉപസമിതി തുടക്കം മുതല്‍ ദുരന്ത മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. ഒരു മന്ത്രി മുഴുവന്‍ സമയവും അമ്പതാം ദിവസം വരെ അവിടെ മേല്‍നോട്ടം വഹിച്ചു. ഒരുതരത്തിലുമുള്ള ആക്ഷേപങ്ങള്‍ക്ക് ഇട നല്‍കാതെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നത്. അതിന് എല്ലാ ഭാഗത്തു നിന്നും സഹകരണവും പിന്തുണുമുണ്ടായി.
ആ പിന്തുണ തകര്‍ക്കുകയും സഹായം തടയുകയും എന്ന അജണ്ടയാണ് ഇപ്പോള്‍ പുറത്തുവന്ന വ്യാജ വാര്‍ത്തയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് കൈയയച്ച് സംഭാവന നല്‍കുന്ന സാധാരണ ജനങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുക എന്ന ദുഷ്ട ലക്ഷ്യമാണ് അതിന്‍റെ മറ്റൊരു വശം. ഒരു സംശയവുമില്ലാതെ തുടക്കത്തില്‍ തന്നെ പറഞ്ഞുവെക്കട്ടെ, ഈ നശീകരണ മാധ്യമ പ്രവര്‍ത്തനം സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്. എല്ലാ മാധ്യമങ്ങളും ഇക്കൂട്ടത്തിലാണെന്ന് പറയുന്നില്ല. ചിലർ തെറ്റായ വാര്‍ത്ത കൊടുത്തു എന്ന് മനസ്സിലാക്കി തിരുത്തിയിട്ടുണ്ട്. അത്രയും നല്ലത്.
ഇവിടെ മാധ്യമങ്ങള്‍ പൊതുവെ വിവാദ നിര്‍മ്മാണശാലകളായി മാറിയതാണ് കണ്ടത്. യാഥാര്‍ത്ഥ്യം വസ്തുനിഷ്ഠമായി സമൂഹത്തിലേയ്ക്കെത്തിച്ച് ജനാധിപത്യത്തെ ശക്തമാക്കുക എന്ന ഉത്തരവാദിത്തം വിസ്മരിച്ചു. പകരം വിവാദങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കച്ചവടരാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കുക എന്ന നിലയിലേയ്ക്ക് അധഃപ്പതിച്ചു.
കേരളത്തിന്‍റെ ചരിത്രത്തില്‍ താരതമ്യമില്ലാത്ത ദുരന്തമാണ് മേപ്പാടിയില്‍ ഉണ്ടായത്. ദുരന്ത നിവാരണത്തിന് അടിയന്തര അധിക ധനസഹായം അനുവദിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനം മെമ്മോറാണ്ടം സമര്‍പ്പിച്ചു. ആ മൊമ്മോറാണ്ടത്തിലെ കണക്കുകള്‍ ചെലവിന്‍റെ കണക്കായി വ്യാഖ്യാനിച്ചാണ് വ്യാജ വാര്‍ത്ത ഉണ്ടാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.