Wayanad Landslide: `കേരളം ഇന്നുവരെ കണ്ടതിൽ അതീവ ദാരുണം, രക്ഷാപ്രവർത്തനം തുടരുന്നു`; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രി
Wayanad Landslide Latest Update: ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തിരുവനന്തപുരം: നാട് ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ദാരുണമായ ദുരന്തം ആണ് വയനാട്ടിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നവരാണ് എല്ലാവരും. ആ ഘട്ടത്തിലാണ് കുഞ്ഞുങ്ങൾ അടക്കമുള്ളർ ഇത്തരത്തിൽ ഒരു സംഭവത്തിൽ മണ്ണിൽ പുതഞ്ഞ് ജീവൻ നഷ്ടപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒട്ടേറെ പേർ ഒഴുകി പോയി. പരിക്കേറ്റ് വിവിധ ആശുപത്രികളിൽ 128 പേർ ചികിത്സയിലുണ്ട്. 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 18 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. നിലമ്പൂരിനടുത്ത് പോത്തുകല്ലിൽ ചാലിയാറിൽ നിന്ന് 16 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
ഇതിന് പുറമേ ശരീരഭാഗങ്ങളും കണ്ടെത്തി. ഇന്ന് വൈകുന്നേരം ലഫ്. കേണലിന്റെ നേതൃത്വത്തിലുള്ള സൈനിക ടീം പുഴ മുറിച്ച് കടന്ന് മുണ്ടക്കൈയിലെ മാർക്കറ്റ് മേഖലയിൽ എത്തി. അവിടെ കുടുങ്ങിക്കിടക്കുന്ന മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തി ക്യാമ്പിലേക്ക് എത്തിച്ചു.
നമ്മുടെ നാട് ഇതുവരെ കണ്ടതിൽ അതീവ ദാരുണമായ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് ഇപ്പോൾ സംഭവിച്ചിട്ടുണ്ട്. ദുരന്തം തകർത്തെറിഞ്ഞ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ആദ്യ ഉരുൾപൊട്ടൽ ഇന്ന് പുലർച്ചെ രണ്ട് മണിക്കാണെന്നാണ് നിഗമനം.
തുടർന്ന് 4.10 ഓടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. മേപ്പാടിയും മുണ്ടക്കൈയും ചൂരൽമല ഉൾപ്പെടെ പ്രദേശത്തെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടുപോയി. ചൂരൽമല മുണ്ടക്കൈ റോഡ് ഒലിച്ചുപോയി. ഇവിടെയുണ്ടായിരുന്ന വെള്ളാർമല ജിവിഎച്ച് സ്കൂൾ ഏറെക്കുറെ പൂർണമായും മണ്ണിനടിയിലായി.
ഇരുവഴിഞ്ഞിപ്പുഴ രണ്ടായി ഒഴുകുന്ന സ്ഥിതിയാണുള്ളത്. വലിയ നാശനഷ്ടമാണ് പ്രദേശത്ത് ഉണ്ടായത്. മണ്ണിനടിയിൽപ്പെട്ടവർ, ഒഴുക്കിൽപ്പെട്ടവർ എന്നിവർ ഇനിയും ഉണ്ടാകാം. ഇവരെ കണ്ടെത്താൻ ശ്രമം തുടരും. സാധ്യമായ എല്ലാ ശക്തിയും മാർഗവും ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരും. ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു.
ദുരന്ത വിവരം അറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് ഇവരെല്ലാം നേരിട്ട് വിളിച്ചു.
ALSO READ: വയനാട് ഉരുൾപൊട്ടൽ; സഹായ വാഗ്ദാനവുമായി തമിഴ്നാട്, സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് എംകെ സ്റ്റാലിൻ
ഏതെല്ലാം രീതിയിൽ സഹായം വേണമോ അതെല്ലാം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. കേരളത്തിലെ പ്രതിപക്ഷ നേതാവ്, ഉപ പ്രതിപക്ഷ നേതാവ്, മുൻ പ്രതിപക്ഷ നേതാവ് തുടങ്ങി ഒട്ടേറെ പേർ വിളിച്ച് ഒന്നിച്ച് പ്രവർത്തിക്കൻ സന്നദ്ധത അറിയിച്ചു.
വയനാട്ടിൽ അഞ്ച് മന്ത്രിമാർ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. സൈന്യത്തിന്റെ സഹായം അടക്കം സാധ്യമായതെല്ലാം ഒരുക്കി. പരമാവധി ജീവനുകൾ രക്ഷിക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും ശ്രമിക്കും. 45 ക്യാമ്പുകളിലായി 3096 പേരെ പാർപ്പിച്ചിട്ടുണ്ട്.
സൈന്യം മുണ്ടക്കൈ മാർക്കറ്റിലെത്തി ഇവിടെ നിന്ന് പരിക്കേറ്റവരെ രക്ഷപ്പെടുത്തി. വയനാട്ടിലേത് ഹൃദയഭേദകമായ ദുരന്തമാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ 60 അംഗ ടീം വയനാട്ടിൽ എത്തി. ഹെലികോപ്ടർ വഴിയുള്ള രക്ഷാദൗത്യത്തിന് വീണ്ടും ശ്രമം നടത്തും.
ALSO READ: വയനാട്ടിൽ പള്ളിയിലും മദ്രസയിലും താത്കാലിക ആശുപത്രി സംവിധാനം ഒരുക്കുമെന്ന് മന്ത്രി വീണാ ജോർജ്
പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കും. കോഴിക്കോട് നിന്ന് ഫോറൻസിക് സംഘത്തെ കൂടി നിയോഗിച്ചിട്ടുണ്ട്. 20,000 ലിറ്റർ ജലവുമായി ജലവിഭവ വകുപ്പ് വാഹനം ദുരന്തമുഖത്തേക്ക് പുറപ്പെട്ടു. ദുരന്തബാധിതമായി പ്രഖ്യാപിച്ച സ്ഥലത്തല്ല ഉരുൾപൊട്ടലുണ്ടായത്.
മനുഷ്യവാസമുള്ള ഇടമല്ല ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രം. ദുരന്ത സാധ്യത മുന്നറിയിപ്പ് എല്ലാവരും പാലിക്കണം. അനാവശ്യമായി വയനാട് സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകണമെന്നും കേരളാ ബാങ്ക് 50 ലക്ഷം സഹായം വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമ ഇടപെടലുകളെ മുഖ്യമന്ത്രി പ്രശംസിച്ചു. തമിഴ്നാട് മുഖ്യമന്ത്രി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും സിയാൽ രണ്ട് കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു. എല്ലാവരും സംഭാവനകൾ നൽകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.