മുഖ്യമന്ത്രിക്ക് 33 ലക്ഷത്തിന്റെ പുതിയ കാർ; ഇനി യാത്ര കിയ കാർണിവലിൽ
ഈ വർഷം ജനുവരിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറും വാങ്ങാൻ 62.46 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൽ നിന്ന് 55.39 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് പുതിയ കറുത്ത ക്രിസ്റ്റ വാങ്ങിയത്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാൻ പുതിയ കാർ വാങ്ങുന്നു. 33 ലക്ഷം രൂപ വിലയുള്ള കിയ കാർണിവൽ ലിമോസിൻ പ്ലസ്-7 ആണ് പുത്തൻ വാഹനം. ഇന്നോവയ്ക്ക് പകരക്കാരനായാണ് കൂടുതൽ സൗകര്യങ്ങളുള്ള കറുത്ത കിയ കാർണിവൽ വാങ്ങാൻ സർക്കാർ തീരുമാനം. ഇപ്പോഴുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ പൈലറ്റ്, എസ്കോർട്ട് കാറുകൾക്ക് പുറമേ ടാറ്റ ഹാരിയറും വാങ്ങാൻ കഴിഞ്ഞ സെപ്റ്റംബറിൽ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ കിയ കാർണിവൽ തന്നെ വേണമെന്ന നിർദേശത്തെ തുടർന്നാണ് മാറ്റം. കൂടുതൽ സുരക്ഷാ സംവിധാനമുള്ള കാർണിവൽ വാങ്ങുന്നതാണ് അഭികാമ്യമെന്ന് പോലീസ് മേധാവിയാണ് നിർദേശിച്ചത്.
ഈ വർഷം ജനുവരിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറും വാങ്ങാൻ 62.46 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൽ നിന്ന് 55.39 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് പുതിയ കറുത്ത ക്രിസ്റ്റ വാങ്ങിയത്. നേരത്തെ അനുവദിച്ചതിലെ ബാക്കി തുക കാർണിവൽ വാങ്ങാന്‍ തികയില്ല. പുതിയ കാർ വാങ്ങാൻ 33.31 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. പുതിയ വണ്ടികൾക്കായി ഇതുവരെ അനുവദിച്ചത് 88.69 ലക്ഷം രൂപയാണ്.
Also Read: കല്ലേറിൽ ഡിവൈഎസ്പിക്ക് പരിക്ക്;കോട്ടയം കളക്ടറേറ്റിനു മുന്നിൽ സംഘർഷം
മൂന്ന് പുതിയ കാറുകൾ അനുവദിച്ചപ്പോൾ നേരത്തെ ഉപയോഗിച്ചിരുന്ന രണ്ട് ഇന്നോവ കാറുകൾ ആഭ്യന്തര വകുപ്പിന് കൈമാറാനായിരുന്നു തീരുമാനം. എന്നാൽ ഇവ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനമായി തുടർന്നും ഉപയോഗിക്കാനാണ് നിർദേശം. കണ്ണൂർ, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലെ യാത്രയ്ക്ക് അധിക സുരക്ഷയെന്ന നിലയിൽ പൈലറ്റായോ എസ്കോർട്ടായോ ഈ വാഹനങ്ങൾ ഉപയോഗിക്കും. സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും ചെലവു ചുരുക്കലുകൾക്കുമിടെയാണ് ആറ് മാസത്തിനിടെ ലക്ഷങ്ങൾ മുടക്കി പുത്തൻ കാർ കൂടി വാങ്ങുന്നത്.
അതിനിടെ മുഖ്യമന്ത്രിക്ക് പുതിയ കാർ വാങ്ങുന്നതിനെ ചൊല്ലി വിവാദവും പ്രതിപക്ഷത്തിന്‍റെ വിമർശനവും ശക്തമാണ്.
തലസ്ഥാനത്ത് ഇനി ആനവണ്ടിയുടെ ഇലക്ട്രിക് ബസുകൾ; അഞ്ചെണ്ണം തിരുവനന്തപുരത്ത് എത്തി
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രധാന സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് യാത്ര സൗകര്യം ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച സിറ്റി സർക്കുലർ സർവ്വീസിന് ഇനി ഇലക്ട്രിക് ബസുകളും. ഇതിനായി കെഎസ്ആർടിസി-സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളിൽ ആദ്യത്തെ അഞ്ചെണ്ണം തിരുവനന്തപുരത്ത് എത്തി. ഡൽഹിയിലെ പി.എം.ഐ ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷ്യൽ നിന്നുള്ള ബസുകളാണ് കെഎസ്ആർടിസി- സ്വിഫ്റ്റ് വാങ്ങിയത്.
ആദ്യ ഘട്ടത്തിൽ 50 ബസുകൾക്കുള്ള ടെന്റർ ആണ് നൽകിയത്. അതിൽ 25 ബസുകൾ തയ്യാറായതിൽ ആദ്യ അഞ്ച് ബസുകളാണ് വെള്ളിയാഴ്ച തലസ്ഥാനത്ത് എത്തിയത്. 5 ബസുകൾ കൂടെ ശനിയാഴ്ച എത്തിച്ചേരും, ബാക്കി 15 ബസുകൾ തിങ്കളാഴ്ച ഹരിയാനയിൽ നിന്നും തിരിക്കും. രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ച് ഈ ബസുകൾ ഉടൻ സർവ്വീസിന് ഇറക്കും.
നിലവിൽ ഡീസൽ ബസുകൾ സിറ്റി സർവ്വീസിന് 37 രൂപയാണ് ഒരു കിലോമീറ്റർ സർവ്വീസ് നടത്തുമ്പോൾ ചിലവ് വരുന്നത്. ഇത് ഇലക്ട്രിക് ബസിലേക്ക് മാറുമ്പോൾ 20 രൂപയിൽ താഴെയാകും ചിലവ് വരുക. നിലവിലെ ഇന്ധന വിലവർദ്ധനവിന്റെ സാഹചര്യത്തിൽ ഇലക്ട്രിക് ബസുകളാണ് ഗുണകരമാകുക. തമ്പാനൂർ, കിഴക്കേകോട്ട, പാപ്പനംകോട് എന്നിവിടങ്ങളിൽ ഇതിന്റെ ചാർജിംഗ് സ്റ്റേഷനുകളും ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...