കോഴിക്കോട്: മാസപ്പടി വിവാദത്തിൽ മാധ്യമങ്ങളെ വിമർശിച്ചും പരിഹസിച്ചും മന്ത്രി പി.എ മുഹമ്മദ് റിയാസ് രംഗത്ത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിയിട്ടുണ്ടെന്നും എത്ര തവണ ചോദ്യം ആവർത്തിച്ചാലും ഇതു തന്നെയാണ് ഉത്തരമെന്നും അദ്ദേഹം വ്യക്തമാക്കി. മാസപ്പടി വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ മുഹമ്മദ് റിയാസും മാളത്തിലൊളിച്ചിരിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് മന്ത്രി തന്നെ ഇന്ന് മാധ്യമങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാസപ്പടി വിവാദത്തില്‍ വ്യക്തമായ പ്രതികരണം നല്‍കാതെയാണ് മുഹമ്മദ് റിയാസ് മാധ്യമങ്ങൾക്ക് എതിരെ രംഗത്ത് എത്തിയത്. മാസപ്പടി വിവാദങ്ങൾക്ക് പിന്നിൽ മാധ്യമ ഉടമകളുടെ താല്പര്യമാണെന്നാണ് അദ്ദേഹം ആരോപിച്ചത്. സ്വാതന്ത്രം ലഭിക്കാത്ത വിഭാഗമായ മാധ്യമ പ്രവർത്തകർ ഉടമകളുടെ താല്പര്യം സംരക്ഷിക്കാൻ വേണ്ടി ഇറങ്ങുകയാണ്. അവര്‍ക്ക് മനസാക്ഷി അനുസരിച്ച് പ്രവർത്തിക്കാനാകുന്നില്ല. മാധ്യമ ഉടമകളുടെ താൽപ്പര്യം അനുസരിച്ച് പ്രവർത്തിക്കേണ്ട ഗതികേടിലാണ് മാധ്യമ പ്രവര്‍ത്തകരെന്നും അന്തിചർച്ചയുടെ സ്ഥാനം ചവറ്റു കൊട്ടയിലാണെന്ന് 2021 ലെ തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: 'രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധർ'; പതാക ഉയർത്തി മുഖ്യമന്ത്രി


ഇപ്പോ‍ഴത്തെ വിവാദങ്ങൾക്ക് പിന്നിൽ മാധ്യമ ഉടമകളുടെ രാഷ്ട്രീയ താൽപ്പര്യമാണെന്ന വിമർശനമാണ് മന്ത്രി ഉന്നയിച്ചത്. വിവാദ വാർത്തകൾക്കൊപ്പം ഇപ്പോൾ കൊടുക്കുന്നത് തന്‍റെ ചിരിച്ചു കൊണ്ടുള്ള ചിത്രമാണ്. ഫോട്ടോഗ്രാഫറെ അയച്ചാൽ പേടിച്ച മുഖമുള്ള ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യാമെന്നും അദ്ദേഹം പരിഹസിച്ചു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റിയാസ് വിമർശിച്ചു. പ്രധാനമന്ത്രി മണിപ്പൂർ സംഭവം ആദ്യമായി കേട്ടത് പോലെയാണ് സ്വാതന്ത്ര്യ ദിനത്തിൽ പ്രസംഗിച്ചത്. ഇന്ന് ജനിച്ച കുട്ടിയെപ്പോലെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു.