പത്തനംതിട്ടയുടെ കളക്ട‌ർ ഇപ്പോൾ മലയാളികളുടെ മുഴുവനും പ്രിയപ്പെട്ട കളക്ട‌ർ ആയി മാറിക്കഴിഞ്ഞു. എംജി സർവ്വകലാശാല കലോത്സവത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ് മോബിൽ കളക്ടർ ചെയ്ത നൃത്തമാണ് കണ്ണടച്ച് തുറക്കും മുമ്പ് ദിവ്യ എസ് അയ്യരെ 'വൈറൽ കളക്ടർ' ആക്കി മാറ്റിയത്. വിദ്യാർത്ഥികൾക്കൊപ്പം ചുവട് വെക്കുന്ന കളക്ടറുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്. വൈറൽ വീഡിയോക്ക് പിന്നിലെ കഥ സീ മലയാളം ന്യൂസിനോട് പങ്കുവെക്കുകയാണ് ഡോ. ദിവ്യ എസ് അയ്യർ.


COMMERCIAL BREAK
SCROLL TO CONTINUE READING

സമൂഹമാധ്യമങ്ങൾ തുറന്നാൽ വിദ്യാർത്ഥികൾക്കൊപ്പം നൃത്തം ചെയ്യുന്ന പത്തനംതിട്ട കളക്ടറെയാണ് കാണുന്നത്. എങ്ങനെയാണ് ആ നൃത്തത്തിലേക്ക് എത്തിയത്?


സത്യം പറഞ്ഞാൽ അറിയാതെ സംഭവിച്ചു പോയതാണ്. എംജി കലോത്സവത്തിന്റെ ദീപക്കാഴ്ച ഉദ്ഘാടനം ചെയ്യാൻ പോയതായിരുന്നു ഞാൻ. എന്റെ അപ്പയും അമ്മയും കുഞ്ഞും എന്നോടൊപ്പം പരിപാടിക്ക് എത്തിയിരുന്നു. അവരെല്ലാവരും ഉള്ളത് കൊണ്ട് തന്നെ ഞാൻ കുറച്ച് റിലാക്സ്ഡ് ആയിരുന്നു. ഫ്ലാഷ് മോബിന് കുട്ടികൾ ചുവട് വെക്കുന്നത് കണ്ട് അത് നോക്കി നിൽക്കുകയായിരുന്നു ഞാൻ. അപ്പോൾ കുട്ടികൾ വന്ന് വിളിച്ചു. പിന്നെ അവർക്കൊപ്പം ഒരു ആവേശത്തിൽ അങ്ങ് നൃത്തം ചെയ്തു പോയി. കുട്ടികൾക്കൊരു സന്തോഷം ആവട്ടെ എന്ന് മാത്രമേ കരുതിയുള്ളൂ. ചെറുപ്പം മുതലേ നൃത്തം ചെയ്യാൻ ഇഷ്ടപ്പടുന്ന ആളാണ് ഞാനും. 


വീഡിയോ ഇത്ര വൈറൽ ആകുമെന്ന് കരുതിയിരുന്നുന്നോ?


ഞാൻ പൊതുവെ സോഷ്യൽ മീഡിയ അധികം ഉപയോഗിക്കാത്ത ഒരാളാണ്. അവിടെ കുറച്ച് കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ വീഡിയോ എടുത്തത് പോലും ഞാൻ അറിഞ്ഞില്ല. ഡാൻസ് ഒക്കെ കഴിഞ്ഞ് തിരിച്ച് പോകുമ്പോൾ ശബരിയെ വിളിച്ച് ഞാൻ കുട്ടികൾക്കൊപ്പം നൃത്തം ചെയ്തകാര്യം പറഞ്ഞപ്പോഴേക്കും അദ്ദേഹം എനിക്ക് ആ വീഡിയോ അയച്ചു തന്നു. ആരോ സെന്റ് ചെയ്ത് കൊടുത്തതാണെന്നാ പറഞ്ഞത്. ഒരു പാട് സ്ത്രീകൾക്ക് ആ വീഡിയോ പ്രചോദനമായെന്ന് അറിയാൻ സാധിച്ചു. നേരിട്ടും ഒരുപാട് കോളുകൾ വരുന്നുണ്ട്. കുട്ടികളെ സന്തോഷിപ്പിക്കുക എന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ. അതിപ്പോ ഇങ്ങനെയായി. എന്തായാലും സന്തോഷം.


ഒരു കളക്ടർ ആദ്യമായിട്ടാവും ഇങ്ങനെ  പൊതുജനങ്ങളിലേക്ക് ഇറങ്ങി പാട്ട് പാടുന്നു. നൃത്തംചെയ്യുന്നു. മറ്റുള്ള കളക്ടർമാരിൽ നിന്ന് ദിവ്യ എസ് അയ്യരെ വ്യത്യസ്തയാക്കുന്നത് ഇതാണോ? 


ഞാൻ അവരിൽ ഒരാളാണല്ലോ. പിന്നെ അവരോടൊപ്പം നൃത്തം ചെയ്യുന്നതിനും പാട്ട് പാടുന്നതിനും ഞാൻ എന്തിന് മടിക്കണം. കളക്ടർ ആയതുകൊണ്ട് കൊണ്ട് എന്റെ ഉള്ളിലെ സർഗാത്മകതയെ അടക്കിവെക്കണമെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. കൃത്യനിർവ്വഹണത്തിൽ വീഴ്ചവരുത്താതെ അത് ചെയ്യണമെന്നേ ഉള്ളൂ. ജനങ്ങൾക്കൊപ്പമാണ് ഞാൻ എപ്പോഴും പിന്നെ അവരോടൊപ്പം ചുവട് വെക്കുന്നതിൽ പ്രോട്ടോക്കോൾ ലംഘനമൊന്നുമില്ല.


സിവിൽ സർവ്വീസിൽ വനിതകൾക്കുള്ള അവസരങ്ങളും സാധ്യതകളും എത്രത്തോളമാണ്?


ഇപ്പോൾ കേരളത്തിൽ ഭരിക്കുന്ന കലക്ടർമാരിൽ കൂടുതലും വനിതകളാണ്. സിവിൽ സർവീസിലേക്ക് അത്രയും സ്ത്രീകൾ എത്തുന്നുവെന്നത് സന്തോഷം തന്നെയാണ്. സംഖ്യയിൽ വന്ന മാറ്റം വലുതാണ്. ഏത് മേഖലയിലും സ്ത്രീകൾക്ക് ഉത്തരവാദിത്വങ്ങൾ നന്നായി നിർവ്വഹിക്കാൻ സാധിക്കും എന്നതിന്റെ ഉദാഹരണങ്ങൾ കൂടിയാണിത്. ഇനിയും ഒരുപാട് സ്ത്രീകൾ സിവിൽ സർവീസിലേക്ക് കടന്നുവരണം. വരും.


കലാകാരിയാണ് എഴുത്തുകാരിയാണ്..എങ്ങനെയാണ് എഴുത്തും നൃത്തവും ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ട് പോകുന്നത്?


പാട്ടും എഴുത്തും നൃത്തവും ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ട് പോകണമെന്നാണ് എന്റെ അനുഭവം പഠിപ്പിച്ചിട്ടുളളത്. കൂടുതൽ എനർജിയാണ് അതിൽ നിന്ന് കിട്ടുന്നത്. പഠിക്കുന്ന സമയത്തും അങ്ങനെയായിരുന്നു. ജോലിയിലെ സമ്മർദം തീർക്കാനല്ല ഞാൻ എഴുത്തും കലയും ഉപയോഗിക്കുന്നത്. അതെല്ലാം ഞാൻ ആസ്വദിക്കുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ