ഇടുക്കി: മൂന്നാറിലെ പ്ലം ജൂഡി റിസോര്‍ട്ട് അടച്ചു പൂട്ടാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. അതീവ സുരക്ഷാമേഖലയിലുള്ള പ്ലം ജൂഡി റിസോര്‍ട്ടിലേക്ക് പാറക്കല്ലുകള്‍ ഇളകി വീണതിനെ തുടര്‍ന്നു റിസോര്‍ട്ട് പൂട്ടാന്‍ നേരത്തെയും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനെതിരേ റിസോര്‍ട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് കളക്ടറുടെ ഉത്തരവ് ശരിവച്ചു. പിന്നീട് നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് പ്ലം ജൂഡി റിസോര്‍ട്ട് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.


അതേസമയം ഉരുള്‍പൊട്ടലില്‍ റോഡൊലിച്ച് പോയതിനെത്തുടര്‍ന്ന് മൂന്നാറിലെ പ്ലം ജൂഡി റിസോര്‍ട്ടിലും ലക്ഷ്മി എസ്റ്റേറ്റിലെ പുളിമൂട്ടില്‍ റിസോര്‍ട്ടിലും കുടുങ്ങിയ വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ സുരക്ഷിതരാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.


കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഇവിടേക്കുള്ള റോഡ് പൂര്‍ണമായി തകര്‍ന്നിരുന്നു. രണ്ടുദിവസമായി സഞ്ചാരികള്‍ റിസോര്‍ട്ടിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. വിനോദസഞ്ചാരികള്‍ക്ക് ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ സൗജന്യമായി നല്‍കാനും മന്ത്രി റിസോര്‍ട്ട് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ഇടുക്കിയിലുള്ള വിദേശികള്‍ അടക്കമുള്ള വിനോദസഞ്ചാരികളെ എത്രയും വേഗം ജില്ലയ്ക്ക് പുറത്തുള്ള സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും ഇടുക്കിയില്‍ വിനോദ സഞ്ചാരം പൂര്‍ണമായും നിരോധിച്ചതായും മന്ത്രി അറിയിച്ചു.