വേദന അലട്ടുന്നെങ്കിൽ ബാറിൽ പോവാൻ: ഡോക്ടർക്കെതിരെ പരാതി
കാലിന് വേദനക്ക് ഡോക്ടറെ കാണാൻ എത്തിയതായിരുന്നു അനിൽകുമാറും ഭാര്യയും
തൃശ്ശൂർ: രോഗിയെ അധിക്ഷേപിച്ച് കുറിപ്പ് എഴുതി നൽകിയ സംഭവത്തിൽ ഡോക്ടർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി .ഗുരുവായൂർ മമ്മിയൂർ കോക്കൂർ വീട്ടിൽ അനിൽകുമാറാണ് ഇത് സംബന്ധിച്ച് പരാതി നൽകാൻ ഒരുങ്ങുന്നത്.ആരോഗ്യമന്ത്രിക്കും പരാതി നൽകുമെന്ന് അനിൽകുമാർ ഇന്ന് പറഞ്ഞു .
കഴിഞ്ഞ ദിവസമാണ് തൃശ്ശൂർ ദയ ആശുപത്രിയിൽ കാലിനു വേദനയുമായി ചികിത്സയ്ക്കെത്തിയ അനിൽകുമാറിനും ഭാര്യ പ്രിയയ്ക്കുമാണ് ഡോക്ടറിൽ നിന്ന് ദുരനുഭവമുണ്ടായത്.ഭാര്യയുടെ ചികിത്സക്കായാണ് അനിൽകുമാർ ദയ ആശുപത്രിയിൽ എത്തിയത്.വിശ്രമിക്കേണ്ട ആവശ്യമില്ലെന്നും ഓടിച്ചാടി നടന്നാൽ വേദന മാറുമെന്നും പറഞ്ഞ ഡോക്ടർ ഭാര്യയുടെ വേദന അലട്ടുന്നുണ്ടെങ്കിൽ ബാറിൽ പോയി രണ്ടെണ്ണമടിച്ചാൽ അറിയില്ലെന്ന് ഭർത്താവിനെ ‘ഉപദേശിക്കുകയും’ ചെയ്തു.
Also Read: പഠനം പൂർത്തിയാക്കാൻ സാഹസം; ഇന്ത്യൻ എംബസിയുടെ വിലക്ക് മറികടന്ന് വിദ്യാർത്ഥികൾ യുക്രൈനിലേക്ക്
ഇത് ഡോക്ടർ കുറിപ്പടിയിലും ചേർത്തു.വാസ്‌കുലർ സർജറി വിഭാഗത്തിലെ കൺസൾട്ടന്റ് ഡോ. റോയ് വർഗീസാണ് അപഹസിക്കും വിധം കുറിപ്പെഴുതി നൽകിയത്.വടക്കേക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ജീവനക്കാരിയായ പ്രിയയ്ക്ക് രണ്ടു വർഷത്തിലേറെയായി കാലിന് വേദനയുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇവർ തൃശ്ശൂരിലെ ആശുപത്രിയിൽ എത്തിയത്.വേദനയുണ്ടെന്ന് പറഞ്ഞപ്പോൾതന്നെ എക്‌സ്‌റേ എടുക്കാനായിരുന്നു നിർദേശം.അരമണിക്കൂറിനകം എക്‌സ്‌റേ എടുത്ത് ഡോക്ടറുടെ അടുത്ത് തിരിച്ചെത്തി.വല്ലതും മനസ്സിലായോ എന്നായിരുന്നു ആദ്യ ചോദ്യം.
നീർക്കെട്ടുള്ളതിനാൽ വേറെ ഡോക്ടറെ കാണിച്ചോളൂവെന്നും ഫിസിയോതെറാപ്പി ചെയ്താൽ നന്നായിരിക്കുമെന്നും നിർദേശിച്ചു. ഭാര്യയ്ക്ക് കാലുകൾ നിലത്തുവെയ്ക്കാൻ പറ്റാത്തത്ര വേദനയാണെന്നും എന്തെങ്കിലും മരുന്നെഴുതി തരണമെന്നും പറഞ്ഞപ്പോഴാണ് തനിക്ക് നേരെ പരിഹാസവാക്കുകൾ ചൊരിഞ്ഞതെന്ന് അനിൽ പറഞ്ഞു.
ഉടൻ തന്നെ കുറിപ്പടിയെഴുതിക്കൊടുത്തു.മെഡിക്കൽ ഷോപ്പിൽ ചെന്നപ്പോൾ കുറിപ്പടി വായിച്ച് ജീവനക്കാർ ചിരിച്ചപ്പോഴാണ് അനിൽ കാര്യം അറിഞ്ഞത്. ‘നോ റെസ്റ്റ് ഫോർ ബെഡ്. കെട്ടിയോൻ വിസിറ്റ് ടു ബാർ ഈഫ് എനി പ്രോബ്‌ളം’ എന്നാണ് ഇംഗ്ലീഷിൽ എഴുതിയത്.
Also Read: കാന്താര കണ്ട് കണ്ണുതള്ളി പൃഥ്വിരാജ്; ഋഷഭ് ഷെട്ടിയെ വാനോളം പുകഴ്ത്തി; പോസ്റ്റ് വൈറൽ
വിഷയത്തിൽ അനിൽകുമാർ തൃശ്ശൂർ പോലീസിൽ പരാതി നൽകിയുണ്ട്.കേസുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ഇദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനി ആർക്കും ആവർത്തിക്കരുതെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അനിൽകുമാർ പറഞ്ഞു.അതേസമയം, ഡോക്ടറിനോട് ഇതേ കുറിച്ച് വിശദീകരണം ആവശ്യപ്പെടുകയും എന്നാല്‍ മറുപടി തൃപ്തികരമല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.തുടര്‍ന്ന് ഡോക്ടര്‍ റോയ് വര്‍ഗീസിന്റെ സേവനം നിര്‍ത്തിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...