തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിത്തുടർന്ന് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കാണെന്ന എം. എം ഹസന്‍റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

'ഇത് വെറും ഗ്രൂപ്പ് വഴക്കായി കണക്കാക്കാനാകില്ല. അധികാരത്തിന് വേണ്ടി കോൺഗ്രസ് നേതാക്കള്‍ ഏതറ്റം വരെയും പോകുമെന്നതിന് തെളിവാണ് ഹസന്‍റെ വാക്കുകൾ. കരുണാകരൻ മാറി ആന്‍റണി വരുന്നതോ 'ഐ' യിൽ നിന്ന് 'എ' യിലേക്ക് അധികാരം മാറുന്നതോ ഒന്നും സമൂഹത്തെ ബാധിക്കുന്ന വിഷയമല്ല. പക്ഷേ അതിനുവേണ്ടി രാജ്യത്തിന്‍റെ അഭിമാനസ്തംഭമായ സ്ഥാപനത്തെ കരിവാരി തേച്ചത് എന്തിനെന്ന ചോദ്യത്തിന് കോൺഗ്രസ് നേതാക്കൾ ഉത്തരം പറഞ്ഞേ മതിയാവൂ'. കുമ്മനം വ്യക്തമാക്കി.


പൊതു പ്രവർത്തനം എന്ന മുഖം മൂടിയുമായി ജനങ്ങളെ സമീപിക്കുന്ന ഹസനെപ്പോലുള്ള കോൺഗ്രസ് നേതാക്കളെ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും കുമ്മനം ആരോപിച്ചു. 


സമൂഹ നന്മയോ രാഷ്ട്ര പുരോഗതിയോ അല്ല കോണ്‍ഗ്രസ്സുകാരുടെ ലക്ഷ്യമെന്ന് ഇതോടെ തെളിഞ്ഞു. രാജ്യത്തെ വഞ്ചിച്ചും അധികാര കസേര ഉറപ്പിക്കുകയാണ് കോൺഗ്രസ് നേതാക്കളുടെ ലക്ഷ്യമെന്ന്‍ പരിഹസിച്ച കുമ്മനം ഹസ്സന്‍റെ ആത്മകഥയുടെ വിൽപ്പന മൂല്യം കൂട്ടാനുള്ള വഴിയായി പ്രസ്താവനകളെ ദയവ് ചെയ്ത് കാണരുതെന്നും ആരോപിച്ചു.