കോൺഗ്രസിനെ ദുർബലമാക്കുകയാണ് കെ സുധാകരന്റെ ലക്ഷ്യം; തന്നെ പുറത്താക്കാൻ നേരത്തെ മുതൽ ശ്രമമുണ്ടെന്നും കെവി തോമസ്
സ്ഥാനമാനങ്ങൾ തന്നിട്ടുണ്ടെങ്കിൽ താൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്നും കെവി തോമസ് വ്യക്തമാക്കി.
കൊച്ചി: തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയാണ് കെ സുധാകരൻ അടക്കമുള്ള നേതാക്കളുടെ അജണ്ടയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. കോൺഗ്രസിനെ ദുർബലമാക്കാനാണ് കെ സുധാകരൻ ശ്രമിക്കുന്നത്. കോൺഗ്രസിന് ഇങ്ങനെ ഒരു നേതൃത്വം കേരളത്തിൽ വേണോയെന്ന് ഹൈക്കമാന്റ് തീരുമാനിക്കണം. തന്നെ പുറത്താക്കാനുള്ള നീക്കം 2018 മുതൽ തുടങ്ങിയതാണ്. സ്ഥാനമാനങ്ങൾ തന്നിട്ടുണ്ടെങ്കിൽ താൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്നും കെവി തോമസ് വ്യക്തമാക്കി.
സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുന്നില്ലെന്ന് താൻ സംഘാടകരെ അറിയിച്ചതിന് ശേഷവും താൻ പാർട്ടിക്ക് പുറത്ത് എന്ന രീതിയിലാണ് സുധാകരൻ പറഞ്ഞ് നടന്നത്. അതിന്റെ അർഥം എന്നെ പുറത്താക്കുക എന്നതാണ്. കോൺഗ്രസിനെ ബലഹീനമാക്കാനാണ് സുധാകരൻ ശ്രമിക്കുന്നത്. 50 ലക്ഷം മെമ്പർഷിപ് ഉണ്ടെന്നാണ് സുധാകരൻ പറഞ്ഞത്. ഡിജിറ്റൽ കൊണ്ട് മാത്രം പിടിച്ച് നിൽക്കാൻ സാധിക്കില്ലെന്ന് മുൻപേ പറഞ്ഞതാണ്. ഇപ്പോൾ എത്ര മെമ്പർഷിപ് ലഭിച്ചു. സത്യം പുറത്ത് പറയണം.
ALSO READ: പിജെ കുര്യനും സിപിഎമ്മിലേക്ക് പോകുമെന്ന് കെഎം ഷാജഹാൻ
എന്നെ മാറ്റാനുള്ള അധികാരം എഐസിസിക്കേ ഉള്ളൂവെന്ന് അറിയാമെങ്കിൽ ഈ സമീപനം പാടില്ല. ഇങ്ങനെത്തെയൊരു കെപിസിസി നേതൃത്വവുമായി കേരളത്തിലെ കോൺഗ്രസിന് മുന്നോട്ട് പോകാൻ കഴിയുമോയെന്ന് ദേശീയ നേതൃത്വം തീരുമാനിക്കണം. ബിജെപിക്കെതിരെ തെരഞ്ഞെടുപ്പിനെ നേരിടാൻ ഇടതുപക്ഷ കക്ഷികളെയും ബിജെപി ഇതര പാർട്ടികളെയും കൂടെ നിർത്തണമെന്നും കെവി തോമസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...