തിരുവനന്തപുരം: എല്ലാവര്‍ഷവും കേരളത്തില്‍ മലയാള മാസമായ കര്‍ക്കിടകം രാമായണ മാസമായി ആചരിക്കുന്നത് പതിവാണ്.  എന്നാല്‍ ഇക്കുറി രാമായണമാസാചരണത്തിന് രാഷ്ട്രീയ നിറം കൊടുക്കുവാനുള്ള ശ്രമമാണോയെന്ന്‍ സംശയിക്കേണ്ടിയിരിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും സംഘടിപ്പിച്ചതിന് പിന്നാലെ സിപിഎം രാമായണമാസവും നടത്തുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായിരുന്നു. എന്നാല്‍ സിപിഎമ്മിന്‍റെ ഭാഗത്ത് നിന്നും അത്തരമൊരു നീക്കമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയതോടെ അത്തരം വിവാദങ്ങള്‍ കെട്ടടങ്ങിയിരുന്നു.


ബി.ജെ.പിയ്ക്കും സിപിഎമ്മിനും പിന്നാലെ ഇപ്പോഴിതാ കോണ്‍ഗ്രസും. ‘രാമായണം നമ്മുടേതാണ്, നാടിന്‍റെ നന്മയാണ്’ എന്ന പേരില്‍ കെപിസിസി വിചാര്‍ വിഭാഗിന്‍റെ നേതൃത്വത്തില്‍ ആദ്യമായി രാമായണ മാസാചരണം സംഘടിപ്പിക്കുകയാണ്. ഈ മാസം 17 നാണ് രാമായണ മാസമായ കര്‍ക്കിടകം തുടങ്ങുന്നത്.  അന്നുമുതല്‍ പല പരിപാടികളും കോണ്‍ഗ്രസ്‌ ആസൂത്രണം ചെയ്തിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്. അന്ന് രാവിലെ രാമായണ പാരായണത്തോടെ പരിപാടികള്‍ തുടങ്ങും. 


തൈക്കാട് ഗാന്ധിഭവനില്‍ ആണ് രാമായണപാരായണത്തിന്‍റെ ഉദ്ഘാടനം.  ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ശശി തരൂര്‍ എംപിയാണു മുഖ്യപ്രഭാഷണം നടത്തുന്നത്. കോണ്‍ഗ്രസ്‌ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. രാമായണത്തിന്‍റെ രാഷ്ട്രീയവും സാഹിത്യപരവുമായ പ്രാധാന്യത്തില്‍ ഊന്നിയുള്ള പരിപാടികളാണു സംഘടിപ്പിക്കുകയെന്ന് കെപിസിസി വിചാര്‍ വിഭാഗ് സംസ്ഥാന ചെയര്‍മാന്‍ പറഞ്ഞു. ഈ രാമായണ മാസത്തില്‍ എല്ലാ ജില്ലകളിലും പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് കെപിസിസി വിചാര്‍ വിഭാഗ് ജില്ലാ അദ്ധ്യക്ഷന്‍ വിനോദ് സെന്നും പറഞ്ഞു.