Santhosh T Kuruvila: `എല്ലാ ഞണ്ടുകളും അവരുടെ പണി തുടങ്ങിയിരിക്കുന്നു`... കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് സന്തോഷ് ടി കുരുവിള
കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ക്രാബ് തിയറി എന്ന് ഇംഗ്ലീഷിൽ പറയുന്ന കൃമികടി രോഗമാണെന്ന് സന്തോഷ് ടി കുരുവിള.
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. മല്ലികാർജുൻ ഖാർഗെ, ശശി തരൂർ എന്നിവരാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നവർ. ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കന്മാർ രംഗത്തെത്തിയിട്ടുണ്ട്. മലയാളി കൂടിയായ ശശി തരൂരിന് കേരളത്തിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. എകെ ആന്റണയുൾപ്പെടെയുള്ളവർ അദ്ദേഹത്തിന് എതിരാണ്. അതിലുള്ള അതൃപ്തി തരൂർ ഇതിനോടകം പ്രകടിപ്പിച്ച് കഴിഞ്ഞു. ഇതിനിടെ ശശി തരൂരിനെ പിന്തുണച്ചും കേരളത്തിലെ കോൺഗ്രസ് നേതാക്കളെ പരിഹസിച്ചും രംഗത്തെത്തിയിരിക്കുകയാണ് സിനിമ നിർമാതാവ് സന്തോഷ് ടി കുരുവിള.
കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തരൂരിന്റെ സ്ഥാനാർത്ഥിത്വത്തെ എതിർക്കുന്നതിന്റെ കാരണം എന്തെന്നുള്ളതാണ് സന്തോഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചിരിക്കുന്നത്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ക്രാബ് തിയറി എന്ന് ഇംഗ്ലീഷിൽ പറയുന്ന കൃമികടി രോഗമാണെന്നാണ് അദ്ദേഹം പറയുന്നത്. അതിനുള്ള വിശദീകരണവും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്തോഷ് നൽകുന്നുണ്ട്.
സന്തോഷ് ടി കുരുവിളയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
''കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ ശശി തരൂരിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രത്യക്ഷമായും പരോക്ഷമായും രംഗത്ത് വരുന്നതിന്റെ കാരണം ഒന്നേയുള്ളൂ,
ക്രാബ് തിയറി എന്ന് ഇംഗ്ലീഷിൽ പറയുന്ന കൃമികടി രോഗം.
കുറച്ച് ഞണ്ടുകളെ ഒരു ബക്കറ്റിലിട്ടാൽ അതിൽ ഏതെങ്കിലും ഒരു ഞണ്ട് മുകളിലേക്ക് കയറിപ്പോകാൻ തുടങ്ങിയാൽ മറ്റവന്മാർ എല്ലാം കൂടി അവനെ പിടിച്ചു താഴെയിടും.. ഒരുത്തനെയും രക്ഷപ്പെടാൻ സമ്മതിക്കില്ല, അവസാനം എല്ലാവര്ക്കും കൂടി ഒന്നിച്ചു ചാകാം എന്ന പോളിസി വിജയിക്കും..
ശശി തരൂർ പാർലിമെന്റിൽ നന്നായി പ്രസംഗിക്കുമ്പോൾ ഇവന്മാർ എല്ലാം കൂടി വായിൽ വെള്ളമൊലിപ്പിച്ച് ഇങ്ങനെ ഇരിക്കും. "ഞങ്ങൾക്ക് കഴിയാത്തത് നീ ചെയ്യുന്നുണ്ടല്ലേ, കാട്ടിത്തരാം ഒരവസരം വരട്ടെ" എന്ന ലൈനിൽ..
അദ്ദേഹം കിടിലൻ പുസ്തകങ്ങൾ എഴുതുമ്പോൾ ഇവന്മാരൊക്കെ ഇങ്ങനെ കോങ്കണ്ണിട്ട് നോക്കും.. ഇംഗ്ളീഷിൽ എന്നല്ല മലയാളത്തിൽ പോലും ഒരു വാചകം മര്യാദയ്ക്ക് എഴുതാൻ കഴിയാത്തതിന്റെ കെറുവ് ആ നോട്ടത്തിലുണ്ട്.. ഒരവസരം വരട്ടെ, കാട്ടിത്തരാം എന്ന ലൈൻ..
ശശി തരൂർ പൊതുവിഷയങ്ങളിൽ നിരന്തരം പ്രതികരിക്കുകയും ഇടപെടുകയും ചെയ്യുമ്പോൾ ഇവന്മാരൊക്കെ ഇങ്ങനെ പഴം വിഴുങ്ങിയത് പോലെ ഇരിക്കും.. വരട്ടെ, കാട്ടിത്തരാം എന്ന ലൈനിൽ..
ഇപ്പോൾ ഒരവസരം വന്നിരിക്കുന്നു.. എല്ലാ ഞണ്ടുകളും അവരുടെ പണി തുടങ്ങിയിരിക്കുന്നു.''
കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഇപ്പോൾ മല്ലികാർജുൻ ഖാർഗെയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് താന്‍ അവഗണന നേരിടുകയാണെന്നാണ് ശശി തരൂർ പറയുന്നത്. കേരളത്തിലെ യുവാക്കൾ തന്നോടൊപ്പമുണ്ട് എന്നും ശശി തരൂർ പറയുന്നു. ഖാർഗെയെ പോലുള്ള നേതാക്കൾക്ക് മാറ്റം കൊണ്ടുവരാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പുരിൽ പ്രചാരണ പരിപാടിക്കിടെയാണ് ശശി തരൂർ ഇക്കാര്യം പറഞ്ഞത്. അദ്ദേഹം വന്നാൽ നിലവിലുള്ള സംവിധാനം തുടരുകയല്ലാതെ മാറ്റം കൊണ്ടുവരാനാകില്ല എന്നായിരുന്നു തരൂരിന്റെ അഭിപ്രായം.
Also Read: Congress Election Update: ശശി തരൂരും കെഎൻ ത്രിപാഠിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
പാര്‍ട്ടിയുടെ ഭാവിക്കായുള്ള വോട്ടെടുപ്പാണിതെന്നും പാർട്ടിയെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന കാഴ്ചപ്പാടിൽത്തന്നെ വ്യത്യാസമുണ്ടെന്നും തരൂർ പറയുന്നു. പ്രവർത്തകരുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള മാറ്റം താന്‍ കൊണ്ടുവരുമെന്നും ശശി തരൂർ വ്യക്തമാക്കി. അതേസമയം മത്സരിക്കുന്നത് ആരെയും എതിർക്കാനല്ല, മറിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനാണെന്ന് ഖാർഗെ പറഞ്ഞു. മുതിർന്നവരും യുവ നേതാക്കളും മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, ഖാർഗെയ്ക്കു പിന്തുണയുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തി.
ഒക്ടോബർ 17നാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 8 ആണ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബർ 19ന് നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...