കഞ്ചാവ് മാഫിയക്കെതിരെ പരാതിപ്പെട്ട കോൺഗ്രസ് നേതാക്കളെ കള്ളക്കേസ്സിൽ കുടുക്കുന്നുവെന്ന് ആരോപണം; പോലീസ് സ്റ്റേഷനിൽ പ്രതിഷേധം
കഞ്ചാവ് മാഫിയക്ക് കൂട്ടുനിന്ന പോലീസ് നടപടി ചോദ്യം ചെയ്തതിനാണ് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ കള്ളക്കേസ് എടുക്കുന്നതെന്നാണ് ആരോപണം.
പത്തനംതിട്ട: കഞ്ചാവ് മാഫിയക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ പോലീസ് കള്ളക്കേസ്സിൽ കുടുക്കിയതായി പരാതി. കഞ്ചാവ് മാഫിയക്ക് കൂട്ടുനിന്ന പോലീസ് നടപടി ചോദ്യം ചെയ്തതിനാണ് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ കള്ളക്കേസ് എടുക്കുന്നതെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം കോട്ടാങ്ങൽ മഠത്തും മുറിക്ക് സമീപം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ രാജുവിനെ കഞ്ചാവ് മാഫിയ സംഘം ആക്രമിച്ചിരുന്നു. ആക്രമണത്തിന് ഇരയായ രാജു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. എന്നാൽ രാജുവിന്റെ മൊഴി രേഖപ്പെടുത്താൻ പോലും പോലീസ് തയ്യാറായില്ലെന്നും ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തി പോലീസ് പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുന്നുവെന്നും ആരോപിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെരുംപെട്ടി പോലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു.
പെരുംപെട്ടി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കോൺഗ്രസ് നേതാക്കൾ സർക്കിൾ ഇൻസ്പെക്ടർ ജോബിൻ ജോർജിനോട് രാജുവിന്റെ മൊഴി രേഖപ്പെടുത്തി തക്കതായ വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സർക്കിൾ ഇൻസ്പെക്ടർ അതിന് തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷന് പുറത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് റാന്നി ഡി.വൈ.എസ്.പിയും റാന്നി സർക്കിൾ ഇൻസ്പെക്ടറും സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. പ്രതികൾക്കെതിരെ 308 വകുപ്പ് ചുമത്തി കേസ് എടുക്കാമെന്നുള്ള ഉറപ്പിന്മേൽ സമരക്കാർ പിരിഞ്ഞുപോവുകയും ചെയ്തു.
പിന്നീട് അനീതി ചോദ്യം ചെയ്ത കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പെരുംപെട്ടി സർക്കിൾ ഇൻസ്പെക്ടർ കേസെടുത്തുവെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. കോട്ടങ്ങാൽ പഞ്ചായത്തിലെ മഠത്തുംമുറി, നെടുമ്പാല കേന്ദ്രമാക്കി കഞ്ചാവ് മാഫിയകൾ അക്രമം പതിവാക്കിയിരിക്കുകയാണ്. ഇതിനെതിരെ പലതവണ പോലീസിൽ പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. സാധാരണ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസമായി മാറിയിരിക്കുന്ന ലഹരിമാഫിയകൾക്ക് പെരുംപെട്ടി പോലീസ് കൂട്ടുനിൽക്കുന്നുവെന്ന ആരോപണം ശക്തമാണെന്നും പ്രതിഷേധക്കാർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...