ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ പട്ടികയില്‍ ദുരൂഹതകള്‍ ഏറുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പട്ടികയിലെ ആദ്യ പേരുകാരിക്ക് 55 വയസാണെന്നാണ് തിരിച്ചറിയല്‍ രേഖകളില്‍ വ്യക്തമാകുന്നത്. പദ്മാവതി ദസരിക്ക് 48 വയസാണെന്നാണ് സര്‍ക്കാരിന്‍റെ രേഖയില്‍ പറയുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് പ്രകാരം പദ്മാവതിക്ക് 55 വയസുണ്ട്. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയത് ഇതേ തിരിച്ചറിയല്‍ രേഖയാണ്.


അതേസമയം, പട്ടികയിലെ 21ാം നമ്പറിലുള്ള പരംജ്യോതി പുരുഷനാണെന്ന് തെളിഞ്ഞു. അഡ്രസ്സും തിരിച്ചറിയല്‍ രേഖകളുമായി ഇയാള്‍ രംഗത്ത്‌ വന്നതോടെയാണ് സര്‍ക്കാര്‍ പട്ടികയിലെ വിഡ്ഢിത്തം പുറത്തുവരുന്നത്‌. 


കൂടാതെ, ആന്ധ്രയില്‍ നിന്ന് വന്ന പല സ്ത്രീകളും പ്രായം കൂടുതലുണ്ടെന്ന് അറിയിച്ചു. പട്ടികയിലുള്ളവരെ ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകര്‍ വിളിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. തിരിച്ചറിയല്‍ രേഖകളിലും പലരുടെയും പ്രായം 50ന് മുകളിലാണെന്നാണ് സൂചന.


ശബരിമല ദര്‍ശനം നടത്തിയ തനിക്ക് 53 വയസുണ്ടെന്ന് ഷീല പറഞ്ഞു. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ പട്ടികയിലുള്ള ആളാണ് ഷീല. 49 വയസാണ് സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ഷീലയുടെ പ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.