തിരുവനന്തപുരം:സംസ്ഥാനത്ത് കൊറോണ വൈറസ്‌ ബാധയെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ തുടരുന്നതിനിടയിലാണ് കൊറോണ പ്രതിരോധത്തിനായി 
തുക കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മുന്‍പാകെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ചില നിര്‍ദ്ദേശങ്ങള്‍ വെച്ചത്.15 നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന കത്ത് 
മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നല്‍കി.വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ ഉപദേശകരെയെല്ലാം ഒഴിവാക്കണമെന്ന് 
കത്തില്‍ ആവശ്യപെടുന്നു.മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ നേതൃത്വത്തില്‍ ഉള്ള ഭരണ പരിഷ്ക്കാര കമ്മീഷനെ പിരിച്ച് വിടണമെന്നും പ്രതിപക്ഷ നേതാവ് 
മുഖ്യമന്ത്രിക്ക് അയച്ച കത്തിലുണ്ട്.ഇടത് സര്‍ക്കാര്‍ അവരുടെ നേട്ടമായി ഉയര്‍ത്തികാട്ടുന്ന കിഫ്ബിയെ ക്കുറിച്ചും പ്രതിപക്ഷ നേതാവിന്‍റെ കത്തില്‍ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കത്തിലെ 15 നിര്‍ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.


1)അധികമായി അനുവദിച്ച കാബിനെറ്റ്‌ പദവിക്ക് തുല്യമായ എല്ലാ തസ്തികകളും ഒഴിവാക്കുക.


2)വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ ഉപദേശകരെയെല്ലാം ഒഴിവാക്കുകയോ അല്ലെങ്കില്‍ പ്രതിഫലം കൂടാതെ വഹിക്കുന്ന 
തസ്തികകളില്‍ തുടരാന്‍ അനുവദിക്കുകയോ ചെയ്യുക.


3)ഭരണ പരിഷ്ക്കാര കമ്മീഷന്‍ പിരിച്ച് വിടുക.


4)പവന്‍ ഹാന്‍സില്‍ നിന്നും മാസ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ സര്‍വീസ് അവസാനിപ്പിക്കുക.അത്യാവശ്യ ഘട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ ദിവസ വാടകയ്ക്ക് 
എടുക്കാവുന്നതാണ്.


5)നവോഥാന സമുച്ചയം നിര്‍മിക്കാന്‍ അനുവദിച്ച 700 കോടി രൂപ കോവിഡ് ഫണ്ടിലേക്ക് മാറ്റുക.


6)അത്യാവശ്യ ഘട്ടങ്ങളില്‍ ഒഴികെ,കെല്‍ട്രോണ്‍,സിഡ്ക്കോ,മറ്റ് അക്രഡിറ്റഡ് ഏജന്‍സികള്‍ വഴി നല്‍കുന്ന പുറം കരാറുകള്‍ ഒഴിവാക്കുക,
ഇതിലൂടെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെ അധികമായി നല്‍കുന്ന കന്‍സള്‍ട്ടന്‍സി ഫീ ഒഴിവാക്കാം.


7)കേസ് നടത്തിപ്പിനായി വന്‍തുക നല്‍കി സുപ്രീം കോടതി അഭിഭാഷകരെ വരുത്തുന്നത് അവസാനിപ്പിക്കുക.ഇതിന് പകരം സംസ്ഥാനത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്ന 
പ്രഗത്ഭരായ അഭിഭാഷകരെ ഉപയോഗിക്കുക.


8)സര്‍ക്കാര്‍ ആഘോഷ പരിപാടികള്‍,അനാവശ്യമായി പണച്ചെലവ് വരുന്ന കോണ്‍ഫറന്‍സുകള്‍,സെമിനാറുകള്‍ തുടങ്ങിയവ നിര്‍ത്തലാക്കുക.


9)മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അത്യന്താപേക്ഷിതമല്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കുക,ഉദ്യോഗസ്ഥരുടെ ആഭ്യന്തരയാത്രയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക.


10)പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുക,അത്യാവശ്യ ഘട്ടത്തില്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുക.


11)വന്‍ ശമ്പളത്തില്‍ കിഫ്ബിയില്‍ നിയമിച്ച ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടികുറയ്ക്കുക.അനാവശ്യ തസ്തികകള്‍ നിര്‍ത്തലാക്കുക,12 കോടി ചെലവില്‍ നടക്കുന്ന കിഫ്ബി 
ബോധവല്‍ക്കരണ പരിപാടി നിര്‍ത്തലാക്കുക.


12)സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുമേഘലാ സ്ഥാപനങ്ങളിലും നടക്കുന്ന ധൂര്‍ത്തും അനാവശ്യ മോടിപിടിപ്പിക്കലും അവസാനിപ്പിക്കുക.
13)മുഖ്യമന്ത്രിയുടെ വെബ്സൈറ്റ്,സാമൂഹ മാധ്യമ പരിപാലനത്തിന് നല്‍കിയിരിക്കുന്ന 4.32 കോടിയുടെ പുറം കരാര്‍ റദ്ദ് ചെയ്ത് ചുമതല പുബ്ലിക് റിലേഷന്‍സ് വകുപ്പിനെ ഏല്‍പ്പിക്കുക.


14)സംസ്ഥാനത്ത് കാലാവധി കഴിഞ്ഞും പ്രവര്‍ത്തിക്കുന്ന എല്ലാ കമീഷനുകളും പിരിച്ച്വിടുക.


15)അനാവശ്യമായ ഓഫീസ് മോടിപിടിപ്പിക്കല്‍,വാങ്ങലുകള്‍ എന്നിവ ഒഴിവാക്കുക.