സംസ്ഥാനത്ത് നാളെ വോട്ടെണ്ണൽ; സജ്ജീകരണങ്ങൾ പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ
244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സംസ്ഥാനത്താകെ സജ്ജീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം: മൂന്ന് ഘട്ടമായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനുള്ള (Local Body Election Result) സജ്ജീകരണങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 244 വോട്ടെണ്ണൽ Counting) കേന്ദ്രങ്ങളാണ് സംസ്ഥാനത്താകെ സജ്ജീകരിച്ചിരിക്കുന്നത്. നാളെ രാവിലെ എട്ടു മണിമുതൽ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വോട്ടെണ്ണൽ നടക്കുക.
ജില്ല തിരിച്ചുള്ള കണക്കനുസരിച്ച് തിരുവനന്തപുരം 16, കൊല്ലം 16, പത്തനംതിട്ട 12, ആലപ്പുഴ 18, കോട്ടയം 17, ഇടുക്കി 10, എറണാകുളം 28, തൃശൂർ 24, പാലക്കാട് 20, മലപ്പുറം 27, കോഴിക്കോട് 20, വയനാട് 7, കണ്ണൂർ 20, കാസർകോട് 9 എന്നിങ്ങനെയാണ് .
Also read: Local Body Election: വോട്ടര്‍മാര്‍ ആവേശത്തില്‍, മൂന്നാം ഘട്ടത്തിലും കനത്ത പോളിംഗ്
ആദ്യ എണ്ണുന്നത് കൊറോണ ബാധിതർക്കും (Corona Patients) ക്വാറന്റൈനിൽ കഴിഞ്ഞവർക്കും വിതരണം ചെയ്ത സ്പെഷ്യൽ തപാൽ വോട്ടുകൾ (Special Postal Votes) ഉൾപ്പടെയുള്ള പോസ്റ്റൽ വോട്ടുകളായിരിക്കും. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് തല വിതരണ, സ്വീകരണ കേന്ദ്രങ്ങളിലായിരിക്കും നടക്കുക. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതാത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടെണ്ണും.
ഗ്രാമപഞ്ചായത്തുകളിലേയും ബ്ലോക്ക് പഞ്ചായത്തുകളിലേയും ജില്ലാപഞ്ചായത്തുകളിലെയും പോസ്റ്റൽ വോട്ടുകൾ (Postal Votes) അതാത് വരണാധികാരികളാണ് എണ്ണുക. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക വോട്ടെണ്ണൽ ഹാളും സജ്ജീകരിച്ചിട്ടുണ്ട്.
മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഓരോ വരണാധികാരികൾക്കും പ്രത്യേക കൌണ്ടിംഗ് ഹാൾ (Counting Hall) ഉണ്ടായിരിക്കും. കൌണ്ടിംഗ് ടേബിൾ സജ്ജീകരിക്കുന്നത് പരമാവധി എട്ട് പോളിംഗ് സ്റ്റേഷനുകൾക്ക് ഒരു ടേബിൾ എന്ന രീതിയിലാകും. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളും ഇന്ന് അണുവിമുക്തമാക്കും. കൌണ്ടിംഗ് ഓഫീസർമാർ കയ്യുറയും മാസ്കും ഫേസ് ഷീൽഡും ധരിക്കണം അതുപോലെ കൌണ്ടിംഗ് ഹാളിൽ എത്തുന്ന സ്ഥാനാർത്ഥികളും ഏജന്റുമാരും കൊറോണ മാനദണ്ഡങ്ങൾ (Corona Guidelines) പാലിച്ച് വേണം എത്തേണ്ടത്.
തിരഞ്ഞെടുപ്പ് ഫലം തത്സമയം (Election Result Live) കമ്മീഷന്റെ ട്രെൻഡ് വെബ്സൈറ്റിൽ ലഭ്യമാക്കും. വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് ആൾക്കൂട്ടം അനുവദിക്കില്ല. മാത്രമല്ല ഫലപ്രഖ്യാപനത്തിന് ശേഷമുള്ള പ്രവർത്തകരുടെ ആൾക്കൂട്ടവും ആഹ്ളാദപ്രകടനവും ഇക്കുറി ഉണ്ടാകില്ലയെന്നാണ് റിപ്പോർട്ട്.