തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീറാം വെങ്കിട്ടരാമനെ തെളിവെടുപ്പ് ഉള്‍പ്പെടെ നടപടികള്‍ക്കായി കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.


അപകടത്തില്‍ പരിക്കേറ്റ് ശ്രീറാം ചികിത്സയില്‍ കഴിയുന്നതിനാല്‍ കസ്റ്റഡിയില്‍ വിടാന്‍ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ശ്രീറാമിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.


കേസ് ഡയറി ഇന്ന് ഉച്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചക്ക് 2.30നുള്ളില്‍ കേസ് ഡയറി ഹാജരാക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.


ഇതിനിടയില്‍ ശ്രീറാം വെങ്കിട്ടരാമനെ ജേക്കബ് തോമസിനെപ്പോലെയാക്കരുതെന്ന് ശ്രീറാമിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.


ശ്രീറാമിന്‍റെ രക്തത്തിൽ മദ്യത്തിന്‍റെ അംശം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. ശ്രീരാമിന് നട്ടെല്ലിനും തലയ്ക്കും പരുക്കുണ്ടെന്നും മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും ശ്രീരാമിന്‍റെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.


കേസ് ഡയറി പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനം പറയാമെന്ന് കോടതി വ്യക്തമാക്കി. വഫ ഫിറോസിന്‍റെ രഹസ്യമൊഴി പുറത്തുപോയതിനെയും കോടതി വിമര്‍ശിച്ചിരുന്നു.