Sister Abhaya Case: ശിക്ഷാവിധി ഇന്ന്, കുറ്റക്കാർക്ക് ജീവപര്യന്തം വരെ ലഭിച്ചേക്കാം
കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാ. തോമസ് എം കോട്ടൂരിനും സിസ്റ്റര്‍ സെഫിയ്ക്കുമുള്ള ശിക്ഷയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന് വിധിക്കുന്നത്.
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലപാതക കേസിലെ (Sister Abhaya Murder Case) കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാ. തോമസ് എം കോട്ടൂരിനും സിസ്റ്റര്‍ സെഫിയ്ക്കുമുള്ള ശിക്ഷയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന് വിധിക്കുന്നത്. കേസിൽ 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ന് വിധി വരുന്നത്.
തിരുവനന്തപുരം സിബിഇ കോടതി (CBI Special Court) ജഡ്ജി കെ സനൽ കുമാറാണ് വിധി പറയുന്നത്. കേസിലെ പ്രതികളായ ഫാദര്‍ തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. ആ വിധിപോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇന്ന് പ്രതീക്ഷിക്കുന്ന ശിക്ഷാ വിധിയും. രാവിലെ 11 മണിയ്ക്കാണ് സിബിഐ പ്രത്യേക കോടതി ശിക്ഷ വിധിക്കുന്നത്.
Also Read: Abhaya Case: വിധിയിൽ സന്തോഷമെന്ന് ദൃക്സാക്ഷിയായ അടയ്ക്കാ രാജു
കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. കൊലപാതകം നടത്താനെന്ന ലക്ഷ്യത്തോടെ അതിക്രമിച്ച് കയറിയെന്നതാണ് ഫാ. തോമസ് എം കോട്ടൂരിനെതിരെയുള്ള കുറ്റം. ഈ കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പരാമവധി ശിക്ഷ പ്രതികള്‍ക്ക് വിധിക്കണമെന്നാകും പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ വാദിക്കുന്നത്.
മറ്റൊരു പ്രതിയായ സിസ്റ്റർ സെഫിക്കെതിരെ (Sister Sefi) കൊലപാതകവും, തെളിവ് നശിപ്പിക്കലുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. രണ്ടുപേരുടേയും പേരിൽ ജീവപര്യന്തം വരെ ലഭിക്കാനുള്ള കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്.
ഇന്നലെ ഈ രണ്ടു പേരുടെയും വൈദ്യ പരിശോധന നടത്തുകയും ശേഷം ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പ്രായവും അസുഖങ്ങളും കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതിഭാഗവും വാദിക്കും. ഇരുവാദങ്ങളും പരിശോധിച്ചാകും കോടതി ശിക്ഷ (Court Verdict) വിധിക്കുന്നത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് വിധി പ്രഖ്യാപനം ഉണ്ടാകുന്നത്.
Also Read: ആത്മഹത്യയിൽ നിന്ന് കൊലപാതകത്തിനുള്ള കോടതി വിധി; Sister Abhaya കേസിന്റെ ആ 28 വർഷം
ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും ആതമഹത്യയെന്ന് എഴുതി തള്ളിയ കേസ് കൊലപാതകമാണെന്ന് തെളിഞ്ഞത് സിബിഐയുടെ (CBI) അന്വേഷണത്തെ തുടർന്നാണ്. ഈ മാസം 10 നാണ് വിചാരണ നടപടികൾ പൂർത്തിയാക്കിയത്. കേസിൽ രണ്ടാം പ്രതിയായിരുന്ന ഫാദർ ജോസ് പുതൃക്കലിനെ തെളിവുകളില്ലാത്തതിനാൽ കേസിൽ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ (Supreme Court) സിബിഐ സമീപിച്ചേക്കുമെന്നും റിപ്പോർട്ട് ഉണ്ട്.
1992 മാര്‍ച്ച് 26ന് രാത്രി കോട്ടയത്തെ പയസ് ടെന്‍ത്ത് കോണ്‍വെന്റില്‍ വച്ചാണ് സിസ്റ്റർ അഭയ കൊല്ലപ്പെടുന്നത്. 27 ന് രാവിലെ സിസ്റ്റർ അഭയയുടെ മൃതദേഹം കിണറ്റിനുള്ളിൽ കണ്ടെത്തുകയായിരുന്നു.