കേരളത്തില്‍നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയാതെ കേരളം, കേരളത്തില്‍ ഇന്ന് 3,671പേര്‍ക്കുകൂടി  കോവിഡ്  സ്ഥിരീകരിച്ചു.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.41 ആണ്.  


ബ്രിട്ടനില്‍നിന്നും  വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം Covid-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 94 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതുവരെ ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. 


കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4,164 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,812 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 1,13,39,805 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.


രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4,142 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.  51,390 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 9,96,514 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,23,191 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,15,245 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7946 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 905 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 370 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.


അതേസമയം, സംസ്ഥാനത്ത് കോവിഡ്‌  നിയന്ത്രണവിധേയമാകാതെ  തുടര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തുനിന്നുള്ള യാത്രക്കാർക്ക്  നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് മറ്റ് സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര, കർണാടക, ഡൽഹി എന്നീ  സംസ്ഥാനങ്ങൾക്കു പുറമെ തമിഴ് നാട്,  പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. 


RT PCR നെഗറ്റീവ് സർട്ടിഫിക്കറ്റ്  കർശനമാക്കിയതോടെ യാത്രാച്ചെലവിനേക്കാൾ  ഉയർന്ന തുകയാണ് യാത്രക്കാര്‍ക്ക്  മുടക്കേണ്ടിവരിക. മറ്റു സംസ്ഥാനങ്ങളിൽ ആർടി പിസിആറിന് 400 രൂപ മുതലാണ് നിരക്കെങ്കിൽ കേരളത്തില്‍ ഇത് 1700 രൂപയാണ്. 


Also read: Inhaler: 5 ദിവസത്തിനുള്ളില്‍ കോവിഡിനെ തുരത്തും ഈ അത്ഭുത ഇന്‍ഹെയ്‌ലര്‍


മറ്റു സംസ്ഥാനങ്ങള്‍ കേരളത്തെ ഭയത്തോടെ നോക്കിക്കാണുന്ന അവസ്ഥയാണ് ഇപ്പോള്‍.  കോവിഡ് നിയന്ത്രണത്തിൽ കേരളം   ‘നമ്പർ 1’ എന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും മറിച്ചാണ് വസ്തുത.   ഓരോ ദിവസവും പുതുതായി സ്ഥിരീകരിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്കു പിന്നിൽ 2–ാം സ്ഥാനത്താണ് കേരളം.  ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിലും കോവിഡ് മരണങ്ങളുടെ എണ്ണത്തിലും രണ്ടാം സ്ഥാനത്താണ് നിലവില്‍ സംസ്ഥാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരി 1.9%. കേരളത്തിലിത് 6.4 ആണ്. കൂടാതെ, യുകെയിൽനിന്നുള്ള കോവിഡ് വകഭേദം ഉൾപ്പെടെ റിപ്പോർട്ട് ചെയ്തതും മറ്റു സംസ്ഥാനങ്ങള്‍ക്ക് കേരളത്തെക്കുറിച്ചുള്ള ആശങ്ക വർധിക്കാൻ കാരണമായി...