Covid | വിയ്യൂർ ജില്ലാ ജയിലിലെ തടവുകാരൻ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു
വയറുവേദനയും ഛർദ്ദിയുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.
തൃശൂര്‍: വിയ്യൂർ ജില്ലാ ജയിലിലെ തടവുകാരൻ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. സന്തോഷ് (44) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. വയറുവേദനയും ഛർദ്ദിയുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.
പിന്നീട് ജയിലിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ ആരോഗ്യനില മോശമായതോടെ വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജനുവരി 14നാണ് സന്തോഷ് ജയിലിൽ എത്തിയത്. ജില്ലയിലെ സിഎഫ്എല്‍ടിസി ജയിലായി പ്രവർത്തിക്കുന്ന വിയ്യൂർ ജില്ലാ ജയിലിൽ നിലവിൽ ഏഴ് തടവുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 12 പേർ സമ്പർക്ക പട്ടികയിൽ ക്വാറന്റൈനിലാണ്.
സംസ്ഥാനത്ത് എല്ലാ ജയിലുകളിലെയും തടവുകാര്‍ക്കും ജീവനക്കാര്‍ക്കുമായി ആകെ 488 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായത്. 262 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസമായി തടവുകാർക്കിടയിൽ ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു. കോവിഡ് സ്ഥിരീകരിച്ചവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട്. കോവിഡ് ബാധിതർക്ക് പ്രത്യേക ചികിത്സയും ഡോക്‌ടർമാരെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ജയിൽ സൂപ്രണ്ട് സർക്കാരിന് കത്തയച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...