തിരുവനന്തപുരം: മൂന്നാം തരംഗം ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ആശുപത്രികളുടെ മുന്നൊരുക്കം വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും അവലോകന യോഗം ചേര്‍ന്നു. മെഡിക്കല്‍ കോളേജുകളുടെ ഭാരം കുറയ്ക്കാനായി ദ്വിതീയ തലത്തിലെ പെരിഫെറല്‍ ആശുപത്രികളിലുള്ള ഐ.സി.യു. ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതാണ്. ഈ ഐ.സി.യു.കളെ മെഡിക്കല്‍ കോളേജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിലൂടെ ജില്ലാ, ജനറല്‍ ആശുപത്രികളിലെ ഐ.സി.യു. രോഗികളുടെ ചികിത്സയില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് കൂടി ഇടപെട്ട് തീരുമാനമെടുക്കാന്‍ സാധിക്കും. ഇതിലൂടെ മെഡിക്കല്‍ കോളേജുകളുടെ ഭാരം കുറയ്ക്കാനും ദ്വിതീയ തലത്തില്‍ തന്നെ മികച്ച തീവ്ര പരിചരണം ഉറപ്പാക്കാനും സാധിക്കുന്നതാണ്. ആശുപത്രികളില്‍ കിടക്കകളും, ഓക്‌സിജന്‍ കിടക്കകളും, ഐ.സി.യു.കളും, വെന്റിലേറ്റര്‍ സൗകര്യങ്ങളും പരമാവധി ഉയര്‍ത്തണമെന്ന് മന്ത്രി വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനതലത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ജില്ലാ തലത്തില്‍ ഡി.എം.ഒ.മാരും ആശുപത്രികളുടെ സൗകര്യങ്ങള്‍ വിലയിരുത്തണം. മെഡിക്കല്‍ കോളേജുകളിലും മറ്റാശുപത്രികളിലും അവലോകനം നടത്തി മേല്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്.


ALSO READ: Kerala covid update: ആശങ്ക അകലാതെ കേരളം; ഇന്ന് 13,984 പേർക്ക് കൊവിഡ് , 118 മരണം


ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍ ശക്തിപ്പെടുത്തണം. ആശുപത്രികള്‍ക്കാവശ്യമായ മരുന്നുകളുടേയും മറ്റ് സുരക്ഷാ ഉപകരണങ്ങളുടേയും കരുതല്‍ ശേഖരം ഉറപ്പ് വരുത്തണം. പീഡിയാട്രിക് സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ഇടപെടല്‍ നടത്തണം. ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടം തട്ടാതെ സമാന്തരമായി മുന്നൊരുക്കം പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നെങ്കിലും ഐ.സി.യു.വിലും വെന്റിലേറ്ററിലുമുള്ള രോഗികളുടെ എണ്ണം വലുതായി വര്‍ധിക്കുന്നില്ല. രണ്ടാം തരംഗം അതിജീവിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് മൂന്നാം തരംഗം ഉണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും യോഗം വിലയിരുത്തി.


മൂന്നാം തരംഗം മുന്നില്‍ കണ്ട് ആശുപത്രികളില്‍ കിടക്കകള്‍, അടിസ്ഥാന സൗകര്യം എന്നിവ വികസിപ്പിച്ച് വരുന്നതായി വകുപ്പ് മേധാവികള്‍ അറിയിച്ചു. രോഗികളെ പരമാവധി കണ്ടെത്തുന്നതിന് പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതാണ്. പ്രഥാമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ഡി.എം.ഒ.മാര്‍ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ ജില്ലകളില്‍ ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ സജ്ജമാക്കി വരുന്നതായി മന്ത്രി അറിയിച്ചു. ആഗസ്റ്റ് മാസത്തില്‍ 33 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഓരോ ആശുപത്രികളും കിടക്കകള്‍, ഓക്‌സിജന്‍ ബെഡ്, ഐ.സി.യു. എന്നിവയുടെ എണ്ണം കൃത്യമായി അറിയിക്കേണ്ടതാണ്. ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ അടിയന്തര ഇടപെടലുകള്‍ നടത്തും. വകുപ്പ് മേധാവികള്‍ ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്‌തെന്ന് ഉറപ്പ് വരുത്തണം. അനധികൃത ലീവെടുത്തവര്‍ക്കെതിരെ മേല്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.