കണ്ണൂര്‍: പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഐഎം പൗരാവകാശം നിഷേധിക്കുന്ന സ്ഥിതി വിശേഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഐഎം കേന്ദ്ര നേതൃത്വം തയ്യാറാവണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. പ്രബുദ്ധമായ കേരളത്തിലാണ് ഈ മനുഷ്യാവകാശ ലംഘനം നടക്കുന്നതെന്നും തലശ്ശേരിയില്‍ ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ മനുഷ്യാവകാശ യാത്രക്കിടെ സുധീരന്‍ പറഞ്ഞു.


ദലിത് പെണ്‍കുട്ടികളെ ചാനലില്‍ വന്ന് അപമാനിച്ച സിപിഐഎം നേതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഇരട്ടതാപ്പാണ് പുറത്തു വരുന്നതെന്നും വിഎം സുധീരന്‍ പറഞ്ഞു. തലശ്ശേരിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത ദലിത് യുവതി ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെയും പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കുമെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തിരുന്നു. 309 ആം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ആത്മഹത്യാ ശ്രമത്തിന് അഞ്ജുനയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.