ആലപ്പുഴ: ആലപ്പുഴയിൽ സിപിഎമ്മിൻ്റെ കനൽ ഊതിക്കെടുത്തിയത് ശോഭ സുരേന്ദ്രൻ. എൽഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫിൻ്റെ വോട്ടു ചോർന്ന പലയിടത്തും അത് ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചു. എൻഡിഎക്ക് 1,12,000ത്തോളം വോട്ടുകളാണ് ആലപ്പുഴയിൽ കൂടിയത്. സ്ഥാനത്താകെ ബിജെപി വോട്ടുശതമാനം വർധിപ്പിക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർച്ചയായി രണ്ടാം തവണയും എൽഡിഎഫ് കേരളത്തിൽ ഒരു സീറ്റിലൊതുങ്ങി. 2019 ലുണ്ടായിരുന്ന ആലപ്പുഴ ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴയിലെ വോട്ടുവിഹിതത്തിലും എൽഡിഎഫിന് കാര്യമായ കുറവ് സംഭവിച്ചു. ശബരിമല വിഷയവും രാഹുൽ ഗാന്ധി ആദ്യമായി കേരളത്തിൽ വന്നു മത്സരിച്ചതിൻ്റെ ഓളവുമുണ്ടായിരുന്ന 2019 ലെ കനത്ത യുഡിഎഫ് തരംഗത്തിൽ പോലും പിടിച്ചു നിന്ന ആലപ്പുഴ ഇത്തവണ കൈവിട്ടുപോയത് എൽ ഡി എഫിന് കനത്ത തിരിച്ചടിയാണ്.


അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പളളി നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് ആലപ്പുഴ ലോക്സഭാ മണ്ഡലം. LDF സ്ഥാനാർത്ഥി എഎം ആരിഫിന് 2019 ൽ ആലപ്പുഴയിൽ കിട്ടിയത് 4,45,981 വോട്ട്. 10,474 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ആരിഫിൻ്റെ ഇത്തവണത്തെ വോട്ട് 3,41,047 ആണ്.


ഒരു ലക്ഷത്തിലേറെ വോട്ടിൻ്റെ കുറവ്. ഈ വോട്ടുകൾ ബി ജെ പിയിലേക്ക് പോയെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. 2019 ൽ BJP സ്ഥാനാർത്ഥിയായിരുന്ന കെ എസ് രാധാകൃഷ്ണന് കിട്ടിയത് 1,87,729 വോട്ടായിരുന്നു. ഇത്തവണ ആലപ്പുഴയിൽ മത്സരിച്ച എൻ ഡി എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ പിടിച്ചത് 299648 വോട്ടാണ്.


ഒരു ലക്ഷത്തിലേറെ വോട്ട് ഇത്തവണ ബിജെപിക്ക് കൂടുതൽ കിട്ടി. ആരിഫിന് കുറഞ്ഞത്  1,04,934 വോട്ടുകൾ. ജയിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കഴിഞ്ഞ തവണത്തേക്കാൾ 30,936 വോട്ടുകൾ കുറഞ്ഞു. എൽ ഡി എഫിനും യുഡിഎഫിനും കൂടി കുറഞ്ഞത് 135870 വോട്ടുകൾ. എൻ ഡി എ സ്ഥാനാർത്ഥിക്ക് ഇത്തവണ കൂടിയത് 1,11,919 വോട്ട്.   


എൽഡിഎഫിൻ്റെ ശക്തിദുർഗ്ഗങ്ങളായ കായംകുളത്തും ചേർത്തലയിലും വലിയ ഇടിവുണ്ടായി. കായംകുളത്ത് ആരിഫിനെക്കാൾ വോട്ടു കിട്ടിയത് ശോഭയ്ക്കാണ്. ചേർത്തലയിൽ 21000 വോട്ട് ആരിഫിന് കുറഞ്ഞപ്പോൾ ശോഭ 19000 ത്തോളം വോട്ട് ആരിഫിനെക്കാൾ കൂടുതൽ പിടിച്ചു. ഹരിപ്പാട് 14000 ഓളം വോട്ട് ആരിഫിന് കുറഞ്ഞു. 20000 ലേറെ വോട്ട് ശോഭയ്ക്ക് കൂടുതൽ കിട്ടി.


കരുനാഗപ്പളളിയിലും അമ്പലപ്പുഴയിലും ഇരുവരും തമ്മിലുളളത് നേരിയ വ്യത്യാസങ്ങൾ മാത്രം. ചുരുക്കത്തിൽ എൽ ഡി എഫിനു കുറഞ്ഞതും യുഡിഎഫിന് കുറഞ്ഞതും ബിജെപിക്ക് കിട്ടി. കൂടുതൽ നഷ്ടം സംഭവിച്ചത് ആരിഫിനായിരുന്നു. ബിജെപിയുടെ ഈ കുതിപ്പു തന്നെയാണ് ആരിഫിനെ തകർത്തത്. സംസ്ഥാനത്തൊട്ടാകെ ബിജെപി വോട്ടുശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇരു മുന്നണികളെയും ഇത് ബാധിച്ചു. ഇതിൽ കൂടുതൽ ക്ഷീണം സംഭവിച്ചത് എൽഡിഎഫിനും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.