ഭാരത് ജോഡോ യാത്രയെ ഇകഴ്ത്തി അപകീര്‍ത്തിപെടുത്താനുള്ള ശ്രമം നിന്ദ്യംനേതാക്കള്ക്ക് ഇടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീർക്കുന്നു: കെ.സുധാകരന്‍ എംപി
ഭാരത് ജോഡോയാത്രയുടെ മഹത്വത്തെ ഇകഴ്ത്തി അതിന്റെ ശോഭ കെടുത്താനുള്ള ശ്രമങ്ങളാണ് സിപിഎം തുടക്കം മുതല്‍ നടത്തുന്നത്
മതനിരപേക്ഷ ശക്തികളെ ഒരുമിപ്പിച്ച് രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തില്‍ നിന്നും മോചിപ്പിക്കാനും രാജ്യത്ത് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനും കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ എഐസിസി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ അപകീര്‍ത്തിപ്പെടുത്തും വിധം സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനലില്‍ വന്ന വാര്‍ത്ത നിന്ദ്യവും നീചവുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
രാഷ്ട്രീയ വിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി അബദ്ധജടിലമായ വാര്‍ത്തകളാണ് ചാനല്‍ പടച്ച് വിടുന്നത്. മാധ്യമധര്‍മ്മത്തിനും അതിന്റെ പവിത്രതയ്ക്കും നിരക്കാത്തതുമാണിത്. ഭാരത് ജോഡോയാത്രയുടെ മഹത്വത്തെ ഇകഴ്ത്തി അതിന്റെ ശോഭ കെടുത്താനുള്ള ശ്രമങ്ങളാണ് സിപിഎം തുടക്കം മുതല്‍ നടത്തുന്നത്. കേരള സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ജനവിഭാഗത്തെ രാഹുല്‍ ഗാന്ധി കാണുന്നതും സംവദിക്കുന്നതും സിപിഎം നേതൃത്വത്തെ വല്ലാതെ ചൊടിപ്പിക്കുന്നുയെന്ന് ഇതിലൂടെ വ്യക്തമായി.
രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് പരോക്ഷമായി പിന്തുണ നല്‍കുന്ന നിലപാടാണ് കേരള സിപിഎം ഘടകം സ്വീകരിക്കുന്നത്. രാഹുല്‍ ഗാന്ധിക്കും അദ്ദേഹം നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കും ലഭിക്കുന്ന ജനപിന്തുണയെയും സ്വീകാര്യതയെയും സിപിഎം ഭയക്കുന്നു.പദയാത്രയ്ക്ക് കേരളത്തിലും ഉജ്വല വരവേല്‍പ്പാണ് ലഭിക്കുന്നത്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃത്വവും പ്രവര്‍ത്തകരും ഒറ്റക്കെട്ടായാണ് ജോഡോ യാത്രയുടെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നത്.
നേതാക്കള്‍ക്ക് ഇടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍.എകെ ആന്റണി,കെ.സി.വേണുഗോപാല്‍,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍,ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല,കെ.മുരളീധരന്‍,എംഎം ഹസ്സന്‍ തുടങ്ങി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും യുഡിഎഫിന്റെ പ്രമുഖ നേതാക്കളും യാത്രയുടെ ഭാഗമായിട്ടുണ്ട്. എന്നിട്ടും ചില നേതാക്കളെ മാത്രം കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന് പിന്നിലെ ഗൂഢലക്ഷ്യം കേരളീയ സമൂഹത്തിന് ബോധ്യമാകും. വിവേകരഹിതമായ കൈരളി ചാനലിന്റെ നടപടിക്ക് പിന്നില്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ ഇടപെടലാണ്. ഭാരത് ജോഡോ യാത്രയെ കേരള ജനത ഏറ്റെടുത്തതില്‍ വിളറിപൂണ്ട സിപിഎം-ബിജെപി സഖ്യമാണ് ഇത്തരം ഹീനമായ വാര്‍ത്തകള്‍ക്ക് പിന്നിലെന്നും സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...